സീസേറായിലെ വിശുദ്ധ മാരിനൂസ്, മാർച്ച് 3
വിശുദ്ധ മാരിനൂസ് വിഗ്രഹാരാധകരായിരുന്ന വലേരിയന്‍ ചക്രവര്‍ത്തിയുടേയും (253-259) അദ്ദേഹത്തിന്റെ മകനായിരുന്ന ഗല്ലിയേനൂസിന്റേയും (260-268) പടയാളിയായിരുന്നു. പടയാളി എന്നതിലുപരി അടിയുറച്ച ഒരു ക്രിസ്ത്യാനിയുമായിരുന്നു വിശുദ്ധ മാരിനൂസ്. റോമന്‍ സൈന്യത്തില്‍ ഒരു സെന്റൂരിയന്റെ ഒഴിവു വന്നപ്പോള്‍ വിശുദ്ധ മാരിനൂസും മറ്റൊരു പടയാളിയും അതിനായി അപേക്ഷിച്ചു. വിശുദ്ധ മാരിനൂസിനായിരുന്നു പ്രഥമ പരിഗണന ലഭിച്ചത്. ഇത് കണ്ട് അസൂയാലുവായ മറ്റേ പടയാളി, 'സെന്റൂരിയന്‍ ആകുന്ന വ്യക്തി' ചക്രവര്‍ത്തിക്കായി ബലിയര്പ്പിക്കണമെന്ന നിയമം ചൂണ്ടികാട്ടി. ഇത് കേട്ട രാജാവ്, വിഗ്രഹാരാധകരുടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രതിജ്ഞയെടുക്കുവാനും, അവരുടെ ദൈവത്തിനു ബലിയര്‍പ്പിക്കുവാനും ചക്രവര്‍ത്തി വിശുദ്ധനോട് ആവശ്യപ്പെട്ടെങ്കിലും വിശുദ്ധന് അത് നിഷേധിച്ചു.
വിശുദ്ധന് താന്‍ ഒരു ക്രിസ്ത്യാനിയാണെന്ന കാര്യം തുറന്നു പറയുകയും, ബലിയര്‍പ്പിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തിന് തന്റെ മനസ്സ് മാറ്റുവാന്‍ മൂന്നുമണിക്കൂറോളം സമയം നല്കി, എന്നാല്‍ വിശുദ്ധനാകട്ടെ ആ സമയം മുഴുവനും തിയോടെക്ക്നൂസ് മെത്രാനോടൊപ്പം ദേവാലയത്തിനകത്ത് വിശുദ്ധ ലിഖിതങ്ങളേ കുറിച്ച് ചിന്തിച്ചുകൊണ്ട് ചിലവഴിച്ചു. മൂന്ന് മണിക്കൂര്‍ അവസാനിച്ചപ്പോഴും വിശുദ്ധന് തന്റെ തീരുമാനത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. ഇതിന്റെ ഫലമായി സിസേറിയാ ഫിലിപ്പിയില്‍ വെച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം വിശുദ്ധനെ ശിരച്ചേദം ചെയ്തു കൊന്നു.
മാരിനൂസിന്റെ പീഡനങ്ങളുടെ സമയത്ത് വിശുദ്ധ ആസ്റ്റെരിയൂസ് അവിടെ സന്നിഹിതനായിരുന്നു. വിശുദ്ധന്റെ വധം നടപ്പായതിനു ശേഷം വിശുദ്ധ ആസ്റ്റെരിയൂസ് തന്റെ സെനറ്റര്‍ പദവിയുടെ വിശേഷ വസ്ത്രം അഴിച്ചു നിലത്തു വിരിച്ചു വിശുദ്ധ മാരിനൂസിന്റെ ശരീരവും, തലയും അതില്‍ പൊതിഞ്ഞുകെട്ടുകയും, ആ ഭൗതീകാവശിഷ്ടങ്ങള്‍ തന്റെ ചുമലില്‍ വഹിച്ചു യഥാവിധം അടക്കം ചെയ്യുകയും ചെയ്തു. ഇപ്രകാരം ചെയ്തതിനാല്‍ വിശുദ്ധ ആസ്റ്റെരിയൂസിനേയും വധശിക്ഷക്ക് വിധിക്കുകയും 260-ല്‍ അദ്ദേഹത്തേയും ശിരച്ചേദം ചെയ്തു വധിക്കുകയും ചെയ്തു.
Tags:
വിശുദ്ധർ