വിശുദ്ധ വിന്‍സെന്റ് ഡി പോള്‍, സെപ്റ്റംബർ 27
പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പുരോഹിതനും, പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി 'കാരുണ്യത്തിന്റെ മധ്യസ്ഥന്‍' എന്നറിയപ്പെടുന്ന വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഓര്‍മ്മപുതുക്കല്‍ സെപ്റ്റംബര്‍ 27-നാണ് തിരുസഭ കൊണ്ടാടുന്നത്. ഫ്രാന്‍സിന്റെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തില്‍ 1576 നും 1581നും ഇടക്കാണ് വിശുദ്ധന് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വിശുദ്ധന് തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പതിനഞ്ചാം വയസ്സില്‍ തന്നെ അദ്ദേഹം ദൈവശാസ്ത്ര പഠനമാരംഭിച്ചു. 1600-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന് കുറച്ചു കാലം ടൌലോസില്‍ അദ്ധ്യാപകവൃത്തി ചെയ്തു വന്നു.
1605-ല്‍ ഒരു കടല്‍യാത്രക്കിടയില്‍ വിന്‍സെന്റിനെ തുര്‍ക്കിയിലെ കടല്‍ക്കൊള്ളക്കാര്‍ പിടികൂടുകയും തങ്ങളുടെ അടിമയാക്കുകയും ചെയ്തു. ഏതാണ്ട് 1607-വരെ വിശുദ്ധന്റെ അടിമത്വം തുടര്‍ന്നു. ഇക്കാലയളവില്‍ വിശുദ്ധന് തന്റെ യജമാനനെ മനപരിവര്‍ത്തനം നടത്തി ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ട് വരികയും അദ്ദേഹത്തോടൊപ്പം ടുണീഷ്യയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം തന്റെ സമയം മുഴുവനും റോമില്‍ പഠിക്കുന്നതിനു വേണ്ടിയായിരുന്നു ചിലവഴിച്ചത്. പിന്നീട് വിശുദ്ധന് ഫ്രാന്‍സിലെ ഉന്നത കുടുംബാംഗങ്ങളുടെ ആത്മീയ ഗുരുവായും, അദ്ധ്യാപകനായും സേവനം ചെയ്തു.
തന്റെ ആര്‍ഭാടകരമായ ജീവിതത്തിനു വേണ്ടിയായിരുന്നു വിന്‍സെന്റ് പുരോഹിതവൃത്തി തിരഞ്ഞെടുത്തതെങ്കിലും, മരണത്തെ അഭിമുഖീകരിച്ചുകൊണ്ടിരുന്ന ഒരു കര്‍ഷകന്റെ കുമ്പസാരം കേള്‍ക്കുന്നതിനിടയായ വിന്‍സെന്റിന് മനപരിവര്‍ത്തനം സംഭവിച്ചു. പാവങ്ങളോട് അനുകമ്പ നിറഞ്ഞ മനസ്സുമായി വിശുദ്ധന് ദരിദ്രര്‍ക്കായി നിരവധി ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും അവരെ സാമ്പത്തികമായും ആത്മീയമായും സഹായിക്കുവാനായി ധാരാളം സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കപ്പലുകളില്‍ തണ്ട് വലിക്കുവാന്‍ വിധിക്കപ്പെട്ട കുറ്റവാളികള്‍ക്കിടയിലും തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഗ്രാമപ്രദേശങ്ങളില്‍ സുവിശേഷ വേലകള്‍ക്കുള്ള പുരോഹിതരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി 1625-ല്‍ വിന്‍സെന്റ് വൈദികർക്കായി 'കോൺഗ്രിഗേഷൻ ഓഫ് മിഷൻ' എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. അതിനു ശേഷം അധികം താമസിയാതെ പില്ക്കാലത്ത് വിശുദ്ധനായി തീര്‍ന്ന ലൂയീസ് ഡി മാരില്ലാക്കുമായി ചേര്‍ന്ന്, രോഗികളുടേയും പാവങ്ങളുടേയും തടവുകാരുടേയും ഇടയില്‍ സേവനം ചെയ്യുന്നതിനായി ആദ്യത്തെ സന്യാസിനീ സമൂഹത്തിന് രൂപം നല്‍കുകയും ചെയ്തു.
ലൂയീസിന്റെ മേല്‍നോട്ടത്തിന് കീഴില്‍ ആ സന്യാസിനീ സമൂഹം ജനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വരുക്കൂട്ടുകയും വിശുദ്ധ വിന്‍സെന്റ് അത് ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. ഈ സംഭാവനകള്‍ ഉപയോഗിച്ച് അനാഥരായ കുട്ടികള്‍ക്കായി അനാഥ മന്ദിരവും, വൃദ്ധമന്ദിരവും, ഏതാണ്ട് 40,000-ത്തോളം വരുന്ന പാവപ്പെട്ടവര്‍ക്കായി താമസിക്കുവാനും ജോലി ചെയ്യുവാനുമുള്ള ഒരു വിശാലമായ പാര്‍പ്പിട സമുച്ചയവും സ്ഥാപിക്കുകയുണ്ടായി. കൂടാതെ അഭയാര്‍ത്ഥികളെ സഹായിക്കുവാനും, അടിമകളായി വില്ക്കപ്പെടുന്നവരെ മോചിപ്പിക്കുന്നതിനും കൂടി ഈ സംഭാവനകള്‍ വിനിയോഗിച്ചു.
തന്റെ ഈ നേട്ടങ്ങള്‍ കാരണം ജീവിതകാലം മുഴുവനും വിശുദ്ധന് ഒരുപാട് ആദരിക്കപ്പെട്ടുവെങ്കിലും, ആ പുരോഹിതന് തന്റെ എളിമയും വിനയവും ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. ദരിദ്രരെ സഹായിക്കുവാനും തിരുസഭയെ ശക്തിപ്പെടുത്തുവാനുമാണ് വിശുദ്ധന് തന്റെ പ്രശസ്തിയെ ഉപയോഗിച്ചത്. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ദൈവസ്നേഹത്തിന്റെ സര്‍വ്വ ലൌകികതയേയും, ദിവ്യകാരുണ്യസ്വീകരണത്തേയും നിരാകരിക്കുന്ന ‘ജാന്‍സനിസമെന്ന’ മതവിരുദ്ധവാദത്തിന്റെ ശക്തനായ എതിരാളിയായിരുന്നു. ഫ്രാന്‍സിലെ നിരവധി ആത്മീയ സഭകളുടെ നവീകരണത്തിലും വിശുദ്ധന് പങ്കാളിയായിട്ടുണ്ട്.
1660 സെപ്റ്റംബര്‍ 27-നാണ് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ മരണപ്പെടുന്നത്. വിശുദ്ധന്റെ മരണത്തിനും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അതേ വര്‍ഷം മാര്‍ച്ചിലാണ് ലൂയീസ് ഡി മാരില്ലാക്ക് മരണപ്പെടുന്നത്. 1737-ല്‍ ക്ലമന്റ് പന്ത്രണ്ടാമന് പാപ്പാ, വിന്‍സെന്റ് ഡി പോളിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1835-ല്‍ ഫ്രഞ്ച് പണ്ഡിതനും വാഴ്ത്തപ്പെട്ടവനുമായ ഫ്രെഡറിക്ക് ഓസാനം വിശുദ്ധനെ പ്രചോദനമായി കണ്ടുകൊണ്ട് വിശുദ്ധന്റെ നാമത്തില്‍ പാവങ്ങളുടെ ആശ്വാസത്തിനായി പ്രവര്‍ത്തിക്കുന്ന ‘വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി' എന്ന സംഘടനക്ക് രൂപം നല്കുകയുണ്ടായി.
Tags:
വിശുദ്ധർ