🕯️ *ഏവൻഗേലിയോൻ പ്രദക്ഷിണം*🕯️
പുരോഹിതൻമാരും മ്ശംശാനമാരാലും അനുഗതമായി ആഘോഷപൂർവ്വകമായ പ്രദക്ഷിണമായിട്ടു പരിശുദ്ധ മദ്ബഹായിൽ നിന്ന് സ്കാക്കോനായിലൂടെ പള്ളിയുടെ മധ്യത്തിലുള്ള ബേമയിൽ പ്രവേശിക്കുന്നത് ഓശാനകളുടെ മദ്ധ്യേ നടന്ന നമ്മുടെ കർത്താവിൻറെ ഓറെശ്ലെം പ്രവേശനത്തിന്റെ പ്രതീകമാണെന്ന് അബ്ദിശോ വിശദീകരിക്കുന്നു(ഏശ 62:11, സഖ 9:9) ഗബ്രിയേൽ ഖത്രായാ പറയുന്നു ' സ്ലീവായോടു കൂടെ സുവിശേഷം പുറത്തേക്ക് പോകുന്നത് ശരീരത്തോടും ആത്മാവോടും കൂടിയ നമ്മുടെ കർത്താവിൻറെ മനുഷ്യത്വത്തിനന്റെ രഹസ്യം ആകുന്നു. സ്ലീവാ ക്രൂശിക്കപ്പെട്ട ശരീരത്തിൻറെ പ്രതീകമാണ്. ഏവൻഗേലിയോൻ ധീഷ്ണ ശക്തിയുള്ള ആത്മാവിൻ്റെ രഹസ്യവും. ' ഈ പ്രതീക്ഷണത്തിൽ പങ്കെടുക്കുന്ന മ്ശംശാനമാരുടെ ഗണം കഴുതപ്പുറത്തുകയറി പ്രതാപ്ത്തോടുകൂടി ഓറെശ്ളെമിൽ കർത്താവ് പ്രവേശിച്ചപ്പോൾ അവിടുത്തെ അനുഗമിച്ച ജനസഞ്ചയത്തെ പ്രതീകമാകുന്നു എന്ന് ബർലീഫാ വ്യാഖ്യാനിക്കുന്നു. സുവിശേഷവും വഹിച്ചുകൊണ്ടുള്ള പുരോഹിതന്മാരുടെ പ്രദിക്ഷണം ഈശോയുടെ ഓറെശ്ളെം പ്രവേശനത്തെ സൂചിപ്പിക്കുന്നതായി ബർസോബി കരുതുന്നു. രക്ഷ നൽകുവാനായി ഈശോ വരുന്നു എന്ന സന്ദേശം അതു ഉൾക്കൊള്ളുന്നു.
✝️ *ദണ്ഡിന്റെ മുകളിൽ ഉറപ്പിച്ചിരുന്നു സ്ലീവയാണ് പ്രദക്ഷിണത്തിന് ഉപയോഗിച്ചിരുന്നത് എന്ന് ഗബ്രിയേൽ ഖത്രായയും ബർസോബിയും സാക്ഷിക്കുന്നു. ദണ്ഡിന്റെ മുകൾഭാഗത്ത് തുണികൊണ്ടുള്ള കവചവും ഇട്ടിരുന്നു.* *'സ്ലീവായും മൊന്തയും' എന്നറിയപ്പെടുന്നു.എങ്ങനെയുള്ള മരണത്താൽ മനുഷ്യപുത്രൻ മഹത്വവത്കരിക്കപെടും എന്നും തന്നിൽ വിശ്വസിക്കുന്ന ഒരുവനും നിരാശപ്പെടുകയില്ല, പ്രത്യുത നിത്യജീവൻ പ്രാപിക്കുമെന്നു കർത്താവ് പറഞ്ഞതിനെ ഈ സ്ലീവാ സൂചിപ്പിക്കുന്നു എന്ന ഗബ്രിയേൽ ഖത്രായ വ്യാഖ്യാനിക്കുന്നു. " മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയത് പോലെ തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ഉണ്ടാകേണ്ടഅതിനു മനുഷ്യപുത്രനും ഉയർത്തപെടേണ്ടിരിക്കുന്നു"(യോഹ 3:14). എന്നു പറഞ്ഞുകൊണ്ട് താനെങ്ങനെ മരിക്കും എന്ന് പ്രവചിച്ച നമ്മുടെ കർത്താവിൻറെ വാക്കുകളെ വടിയുടെ മുകളിൽ പിടിച്ചിരിക്കുന്ന സ്ലീവാ സൂചിപ്പിച്ചിരിക്കുന്നു എന്ന് ബർലീഫാ അഭിപ്രായപ്പെടുന്നു.*
❣️ *ഏവൻഗേലിയോൻ വഹിക്കുന്ന പുരോഹിതൻ ദീർഘചതുരാകൃതിയിലുള്ള തോൾ വസ്ത്രം( humeral veil ) ധരിച്ചിരുന്നു എന്നും അത് മഹത്വത്തിന്റെ വസ്ത്രം അണിഞ്ഞിരിക്കുന്ന നമ്മുടെ കർത്താവിൻറെ ആ സ്ഥാനത്ത് അദ്ദേഹം നിൽക്കുന്നു എന്ന് സൂചിപ്പിക്കുന്നു എന്നും ഗബ്രിയേൽ ഖത്രായ പ്രസ്താവിക്കുന്നുണ്ട്.*
📔 *സുവിശേഷ ഗ്രന്ഥത്തെ സിൽക്ക് തുണി കൊണ്ട് പൊതിഞ്ഞിരിക്കുന്നു എന്നും അത് മാമോദീസ മുങ്ങുന്ന വരെ ആവരണം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ വസ്ത്രത്തെ സൂചിപ്പിക്കുന്നു എന്നും ബർസോബി സാക്ഷികുന്നുണ്ട്.*
📣 _അർബേലിലെ ജോർജിൻ്റെ വ്യാഖ്യാനം_ 📝
പ്രദക്ഷിണത്തെപ്പറ്റി വളരെ വിശദമായി അർബേലിലെ ജോർജ്ജ് വിശദീകരിക്കുന്നുണ്ട്. ലേഖനം അവസാനിച്ചയുടനെ അതു വായിച്ച മ്ശംശാന ബേമ്മയുടെ കവാടത്തിലേക്ക് ഇറങ്ങി അവിടെ മറ്റു മ്ശംശാനമാരും നിൽക്കുകയും അനന്തരം സുവിശേഷം വായിക്കേണ്ട പുരോഹിതനോടുകൂടെ സങ്കീർത്തിയിലേക്ക് പോകുകയും ചെയ്യുന്നു. ലേഖനത്തിന്റെ അവസാനവാചകം നമ്മുടെ കർത്താവിന്റെ ജനനം സൂചിപ്പിക്കുന്നു. കിഴക്കുനിന്നുള്ള ജ്ഞാനികൾ ആട്ടിടയന്മാരോടുകൂടെ വന്ന ദിവ്യശിശുവിനെ ആരാധിച്ചു. അതുപോലെ മ്ശംശാനമാരും ബേമ്മയുടെ കവാടത്തിങ്കൽ ജ്ഞാനികൾ ചെയ്തതുപോലെ പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്ന് മിശിഹായെ എന്നപോലെ പുരോഹിതനെ വണങ്ങുന്നു. കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ഔസേപ്പിനോടു പറഞ്ഞു. എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് പലായനം ചെയ്യുക (മത്താ 2:13). സ്വപ്നത്തിൽ കാണപ്പെട്ട മാലാഖ എന്നപോലെ കർമ്മോപദേഷ്ടാവായ മ്ശംശാന ബേമ്മയുടെ കവാടത്തിങ്കൽ വായിക്കാൻ പോകുന്ന പുരോഹിതനിൽ നിന്ന് അകലെയായി നിൽക്കുന്നു. അവരെല്ലാവരും ശിരസ്സു നമിക്കുന്നു. കാരണം, നമ്മുടെ കർത്താവീശോമ്ശിഹായെ അവർ ആരാധിക്കുന്നു. പുരോഹിതൻ എഴുന്നേറ്റ്, വണങ്ങി കുരിശിനെയും മെത്രാന്മാനെയും ചുംബിച്ചശേഷം അവരോടുകൂടെ സങ്കീർത്തിയിലേക്ക് വാഗ്ദാനങ്ങൾ വന്ന അതേ വഴിയിലൂടെ പോകുന്നു. വാഗ്ദാനങ്ങൾ സ്വർഗ്ഗത്തിൽ നിന്നും ഈജിപ്തിലെ ജനങ്ങളുടെ പക്കലേക്കു പോയി. അവരുടെ നേതാവായ മാലാഖ ഈജിപ്തിൽനിന്നും ഓറെശ്ലെത്തെക് അവരെ അനുഗമിച്ചിരുന്നു. എവിടെ നിന്ന് വാഗ്ദാനങ്ങൾ ഇറങ്ങി വന്നുവോ ആ ഈജിപ്തിനെ പ്രതിനിധാനം ചെയ്യുന്ന മദ്ബഹായുടെ കവാടത്തിങ്കൽ അവർ എത്തുമ്പോൾ അവിടെനിന്ന് പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥന ഈശോയും അവിടുത്തെ മാതാപിതാക്കളും ഈജിപ്തിൽ ചെലവഴിച്ച ഹ്രസ്വകാലത്തെ സൂചിപ്പിക്കുന്നു. നിയമവും പ്രവാചകൻമാരും പുറത്തേക് ഇറങ്ങുന്ന സങ്കീർത്തിയുടെ വാതിലിലൂടെ അവർ പ്രവേശിക്കുന്നു. മ്ശിഹാ നസ്രത്തിൽ എന്നപോലെ പുരോഹിതൻ സങ്കീർത്തി യിൽ കഴിയുന്നു. മ്ശിഹായുടെ നസ്രത്തിലെ രഹസ്യ ജീവിതത്തെപ്പറ്റി അവിടുത്തെ സന്നിധിയിൽ നിൽക്കുന്ന മാലാഖമാർ അല്ലാതെ മറ്റാരും അറിയാത്തതുപോലെ വായിക്കുവാൻ പോകുന്ന
ഏവൻഗേലിയോൻ ഭാഗത്തെപറ്റി പുരോഹിതനോടുകൂടെ സങ്കീർത്തിയിലുള്ള മ്ശംശാനമാർകലാതെ മറ്റാർക്കും അറിഞ്ഞുകൂടാ. നമ്മുടെ കർത്താവിന്റെ യോർദ്ദാനിലെ പ്രത്യക്ഷീകരണത്തെ സൂചിപ്പിക്കുന്ന ഏവൻഗേലിയോൻ പ്രദക്ഷിണത്തിനായി അവർ അവിടെ ഒരുങ്ങുന്നു. അങ്ങനെ നമ്മുടെ കർത്താവ് തന്റെ മാമോദിസവരെ നസ്രത്തിൽ വസിച്ചതുപോലെ പുരോഹിതൻ സങ്കീർത്തി യിൽ കഴിയുന്നു.
സുമ്മാറായുടെ അന്ത്യത്തിലെ ഹല്ലേലൂയ പാടുന്നതോടുകൂടെ മദ്ബഹയിൽ നിന്ന് ഏവൻഗേലിയോൻ ബേമ്മയിലേക്ക് എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കുന്നു. മാലാഖമാരുടെ ഉന്നത സഭയെ പ്രതിനിധാനം ചെയ്യുന്ന മ്ശംശാനമാർ രാജകീയ സേവനത്തിനുള്ള അങ്കികൾ അണിഞ്ഞു രാജാവിന്റെ മുൻപിൽ പോകുവാൻ തയ്യാറാക്കുന്നു. പുരോഹിതൻ രാജകീയ വസ്ത്രമായ പൈന ധരിക്കുന്നു. രാജാക്കന്മാർ തങ്ങളുടെ സേവകരാൽ ബഹുമാനിക്കപ്പെടാറുള്ളത് പോലെ, വിരുന്നിന്റെ സമയത്തിന് യോജ്യമായ ദീപങ്ങളും ധൂപ കലശങ്ങളും വഹിച്ചുകൊണ്ട് സുവിശേഷത്തിനു മുൻപിൽ പോകുന്നു. കുർബാനയുടെ ആരംഭത്തിലെ പ്രദക്ഷിണത്തിൽ ഏവൻഗേലിയോൻ ബേമ്മയിലേക് കൊണ്ടു വരുന്നുവെന്ന് പ്രസ്താവിക്കുന്ന അദ്ദേഹമിപ്പോൾ അവർ ഏവൻഗേലിയോനും എടുക്കുന്നതിനായി ബേമ്മയിൽനിന്ന് ബലിപീഠത്തിലേക്ക് കാർമ്മികൻ പോകുന്നതായിട്ടാണലോ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ആദ്യത്തെ പ്രദക്ഷിണത്തിൽ സ്ലീവാ ഘോഷയാത്രയായി മദ്ബഹയിൽനിന്ന് ബേമ്മയിലേക് കൊണ്ടുവരുന്ന രണ്ടു പ്രാവശ്യം സുവിശേഷം കൊണ്ടുവരുന്നില്ലെങ്കിൽ ആർബേലിന്റെ വിവരണത്തിൽ തെറ്റു പറ്റിയതാണ്. രണ്ടു പ്രാവശ്യം സുവിശേഷം കൊണ്ടുവരുന്നുണ്ട് എങ്കിൽ ആദ്യത്തെ പ്രദക്ഷിണത്തിന്റെ പ്രൗഡിക്ക് വേണ്ടി സുവിശേഷം ഉപയോഗിച്ചത് ആകാം. മാർ സൈമൺ കാതോലിക്കോസ് അയച്ച രണ്ടു മെത്രാന്മാരേ സ്വീകരിച്ച ഘോഷയാത്രയിൽ സ്ലീവായും ഏവൻഗേലിയോനും മുൻപിൽ പിടിച്ചിരുന്നു.
Tags:
ആരാധന ക്രമം