പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഇന്ന് വൈകുന്നേരം റംശാ നമസ്കാരത്തോടെ നാം കൈത്താക്കാലത്തിലേക്ക് പ്രവേശിക്കുന്നു.
കൈത്താക്കാലം ഒന്നാം ഞായറാഴ്ചയായ നാളെ, പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യ പ്രകാരം നുസർദേൽ (കർത്താവിൻ്റെ തിരുനാൾ) നാം ആഘോഷിക്കുന്നു.
കൈത്താക്കാലം ഒന്നാം ഞായറാഴ്ചയായ നാളെ പന്ത്രണ്ട് ശ്ലീഹന്മാരുടെ തിരുനാളും പൗരസ്ത്യ സുറിയാനി സഭ ആഘോഷിക്കുന്നു.
നമ്മുടെ കർത്താവിന്റെ പന്ത്രണ്ടു ശ്ലീഹന്മാരെ അനുസ്മരിച്ചു കൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. സാധാരണമായി ഏഴ് ആഴ്ചകൾ നീണ്ടു നിൽക്കുന്ന ഈ കാലത്തെ "കൈത്താകാലം " എന്ന് വിളിക്കുന്നു. "കൈത്ത" എന്ന പദത്തിന്റെ അർത്ഥം "വേനൽ " എന്നാണ്. വേനൽക്കാലത്താണല്ലോ വിളവെടുപ്പും ഫലശേഖരണവും നടത്തുക. ശ്ലീഹാകാലത്തെ പ്രേഷിത പ്രവർത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടപ്പെട്ട സഭാതരു വളർന്നു പന്തലിച്ചു ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലം നമ്മെ ഓർമ്മിപ്പിക്കുക. അതുകൊണ്ട് "സഭയുടെ വളർച്ചയുടെ " കാലമായി ഈ കാലം പരിഗണിക്കപ്പെടുന്നു.
സഭയുടെ വളർച്ചയെ നിയന്ത്രിക്കുന്ന മാനദണ്ഡം ഈ ലോകത്തിൽ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്ന വ്യക്തികളുടെ ജീവിതമാണ്. അതുകൊണ്ട് സഭയുടെ വിശ്വസ്ത സന്താനങ്ങളായ ശ്ലീഹന്മാരുടെയും രക്തസാക്ഷികളുടെയും ഓർമ്മ ഈ കാലത്തിന്റെ പ്രത്യേകതയാണ്. അവരുടെ ജീവിതചര്യ അനുകരിക്കാൻ എല്ലാ വിശ്വാസികൾക്കും കടമയുണ്ടെന്ന വസ്തുതയും ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു. യഥാർത്ഥ വളർച്ച ആന്തരീക നവീകരണത്തിൽ അടങ്ങിയിരിക്കുന്നു. നിയമനുഷ്ടാനത്തിലൂടെ മനസിന്റെയും ഹൃദയത്തിന്റെയും നവീകരണം വഴി ഒരു സമൂലപരിവർത്തനം അനിവാര്യമായിരിക്കുന്നു എന്ന് ഈ കാലം ഓർമ്മിപ്പിക്കുന്നു.
കർത്താവിൻ രണ്ടാമത്തെ വരവിനെ സൂചിപ്പിക്കുന്ന ഏലിയാ - സ്ലീവാ - മൂശാകാലത്തിന്റെ മുന്നോടിയായിട്ടും ഇതിനെ കാണാവുന്നതാണ്. അതുകൊണ്ട് അനുതാപത്തിന്റെയും മനസാന്തരത്തിന്റെയും ആവശ്യകതയിലേക്കും ഈ കാലം വിരൽചൂണ്ടുന്നു. കർത്താവിന്റെ വരവിനു വേണ്ടി നാം ഒരുങ്ങിയിരിക്കണം. പാപത്തോട് വിടപറഞ്ഞു ജീവിതവിശുദ്ധീകരണത്തിലൂടെ നമുക്ക് വ്യാപരിക്കാം.
Tags:
ആരാധന ക്രമം