*വിശ്വാസപ്രമാണം പരിശുദ്ധ കുർബാനയുടെ അവശ്യഘടകമോ?*
ചോദ്യം . _നാം ദിവസവും പ്രാർത്ഥിക്കുന്ന വിശ്വാസപ്രമാണം സീറോ - മലബാർ സഭയുടെ പരിശുദ്ധ കുർബാനയുടെ ഭാഗമല്ലായെന്നും അത് മാമ്മോദീസായിലെ ക്രമമാണന്നും, ആയതിനാൽ അത് ഇടദിവസങ്ങളിൽ ചെല്ലേണ്ടതില്ലെന്നും ഒരു പ്രമുഖ ആരാധനക്രമ പണ്ഡിതൻ പറയുന്നത് സോഷ്യൽ മീഡിയായിൽ കേൾക്കാനിടയായി. അത് വാസ്തവമാണോ?_
_സഭയുടെ ലിറ്റർജിയിൽ ഉപയോഗിക്കുന്ന വിശ്വാസ പ്രമാണത്തിന്റെ ചരിത്രം വിശദീകരിച്ചു കൊണ്ട് ഞാനീ ചോദ്യത്തിനു മറുപടി നൽകാം._
*വിശ്വാസപ്രമാണം പൗരസ്ത്യസഭകളിൽ*
ദൈവാരാധന ഫലയോഗ്യമായി നടത്താൻ ആരാധകനിൽ നിന്നു ദൈവം ആഗ്രഹിക്കുന്ന ഏക മാനദണ്ഡം വിശ്വാസമാണ്. സത്യവിശ്വാസം ഏറ്റുപറയുന്നവരെ മാത്രമേ പ്രവേശക കൂദാശകൾ ( മാമോദീസാ, തൈലാഭിഷേകം, വി.കുർബാന) നൽകി സഭാസമൂഹത്തിൽ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ ലിറ്റർജിയിൽ ഉപയോഗിക്കാൻ വിശ്വാസപ്രകരണങ്ങൾ ആവശ്യമായി വന്നു. വി.ഗ്രന്ഥത്തിൽ നിന്നുതന്നെ അടർത്തിയെടുത്ത വിശ്വാസ പ്രഘോഷണങ്ങളായിരുന്നു ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ പാഷണ്ഡതകളുടെയും വിശ്വാസസന്ദേഹങ്ങളുടെയും പശ്ചാത്തലത്തിൽ അർത്ഥവ്യഞ്ജകമായ വിശ്വാസപ്രമാണങ്ങൾ (declarative creeds ) ആവശ്യമായി വന്നു. അങ്ങനെ പാശ്ചാത്യ- പൗരസ്ത്യ സഭകൾ അവരുടെ പരി. കുർബാന അർപ്പണത്തിൽ ഉപയോഗിച്ചതാണ് നിഖ്യാ - കോൺസ്റ്റാറ്റിനോപ്പിൾ എന്നറിയപ്പെടുന്ന വിശ്വാസപ്രമാണം.
നിഖ്യാ (325) - കോൺസ്റ്റാറ്റിനോപ്പിൾ (381) എന്നീ സൂനഹദോസുകൾ തയ്യാറാക്കിയതും പിന്നീട് കൽചിദോണിയൻ (451) സൂനഹദോസിൽ നിയതരൂപം പ്രാപിച്ചതുമായ ഈ വിശ്വാസപ്രമാണം 6ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പൗരസ്ത്യ സഭകൾ (ഗ്രീക് - സുറിയാനി സഭകൾ) അവരുടെ പരിശുദ്ധ കുർബാനയിൽ ഉപയോഗിച്ചുവരുന്നു. സത്യവിശ്വാസം ഏറ്റു പറയുന്നവർ മാത്രമേ പരി. കുർബാനയിൽ പങ്കെടുക്കുന്നൊള്ളു എന്ന് ഉറപ്പുവരുത്തുവാനാണ് സഭ ഇത് ആരാധനക്രമത്തിന്റെ അവശ്യഭാഗമാക്കിയത്.
*വിശ്വാസപ്രമാണം പാശ്ചാത്യസഭയിൽ*
കോൺസ്റ്റാറ്റിനോപ്പിലുള്ള ഗ്രീക്കുസഭയുടെ സ്വാധീനത്തിൽ പാശ്ചാത്യ റീത്തായ മൊസാറമ്പിക് (സ്പയിൻ) സഭയിൽ ഏഴാം നൂറ്റാണ്ടിലും തുടർന്നുള്ള നൂറ്റാണ്ടുകളിൽ ഗാവുൾ (ഫ്രാൻസ്), ജർമാനിക്-ചെൽറ്റിക് (വടക്കൻ യൂറോപ്യൻ) എന്നീ സ്ഥലങ്ങളിലും നിഖ്യാ - കോൺസ്റ്റാറ്റിനോപ്പിൾ വിശ്വാസപ്രമാണത്തിന്റെ ഉപയോഗം പ്രചാരത്തിലായി. പാശ്ചാത്യ റോമൻ സഭയിലാകട്ടെ വിശ്വാസപ്രമാണം കുർബാനയുടെ ഭാഗമായി നിർബന്ധമായി ചൊല്ലാൻ തുടങ്ങിയത് 11ാം നൂറ്റാണ്ടിൽ ബനഡിക്റ്റ് 8-ാമൻ മാർപാപ്പയുടെ കാലം മുതലാണ്. ചുരുക്കത്തിൽ, പൗരസ്ത്യ സഭയുടെ സ്വാധീനത്തിൽ പാശ്ചാത്യ സഭയും വിശ്വാസ പ്രമാണത്തെ പരി. കുർബാനയുടെ അവശ്യഘടകമായി കണ്ട് കഴിഞ്ഞ ആയിരം വർഷമായി ഉപയോഗിച്ചു വരുന്നു.
ലത്തീൻ റീത്തിൽ വിശ്വാസപ്രമാണം ചൊല്ലുന്നതിന്റെ ഉദ്ദേശ്യം സഭാപ്രബോധനം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. "ആരാധനാ സമൂഹം മുഴുവൻ വി.ഗ്രന്ഥ വായനകളിലൂടെ തങ്ങൾ ശ്രവിച്ച തിരുവചനത്തിനു പ്രത്യുത്തരം നൽകാനും ദിവ്യബലിയിൽ ആഘോഷിക്കുന്ന വിശ്വാസ രഹസ്യങ്ങൾ അനുസ്മരിച്ച് അവയെ ഏറ്റു പറയുന്നതിനും വേണ്ടിയാണ് വിശ്വാസപ്രമാണം ചൊല്ലുന്നത്." (GIRM 67).
*വിശ്വാസപ്രമാണം പൗരസ്ത്യ സുറിയാനി സഭയിൽ*
വിശ്വാസപ്രമാണം കുർബാനക്രമത്തിൽ ഉപയോഗിച്ച ആദ്യത്തെ സഭകളിൽ ഒന്നാണ് പൗരസ്ത്യ സുറിയാനി സഭ. ഇതിന് കൃത്യമായ ചരിത്രരേഖകളുടെ പിൻബലമുണ്ട്. 5ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൗരസ്ത്യ സുറിയാനി മല്പാൻ മാർ നർസായുടെ പേരിലുള്ള ആരാധനക്രമവ്യാഖ്യാനത്തിൽ (Homily 17) പരിശുദ്ധകുർബാനയുടെ കൂദാശാ ഭാഗം ആരംഭിക്കുന്നത് വിശ്വാസപ്രമാണം ഏറ്റു ചൊല്ലികൊണ്ടാണ്. 7ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന മറ്റൊരു പൗരസ്ത്യ സുറിയാനി മല്പാൻ - ഖത്തറിൽ നിന്നുള്ള ഗബ്രിയേൽ റമ്പാൻ - എഴുതിയ ആരാധനക്രമ വ്യാഖ്യാനത്തിലും മദ് ബഹാ പ്രവേശനത്തിനു മുമ്പ് വിശ്വാസ പ്രമാണം ഏറ്റു ചൊല്ലുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതായത്, 6-ാം നൂറ്റാണ്ടുമുതൽ നിഖ്യാ - കോൺസ്റ്റാറ്റിനോപ്പിൾ വിശ്വാസപ്രമാണം ഏറ്റുചൊല്ലാതെ മലബാറിലെ മാത്തോമാക്രിസ്ത്യാനികൾ പരിശുദ്ധ കുർബാന അർപ്പിച്ചിരുന്നില്ല.
പൗരസ്ത്യ സുറിയാനി കുർബാനയിലെ വിശ്വാസപ്രമാണത്തിന് അതിന്റേതായ ചില പ്രത്യേകതകളുമുണ്ട്. ഉദാഹരണത്തിനു്, സീറോ - മലബാർ കുർബാനയിൽ വിശ്വാസപ്രമാണം കൗദാശിക ഭാഗത്തിന്റെ ആരംഭത്തിലാണ് ചെല്ലുന്നതെങ്കിൽ റോമൻ റീത്തിലാകട്ടെ വചനശുശ്രൂഷയുടെ സമാപന ഭാഗത്താണ്. കൂടാതെ, നിഖ്യാ - കോൺസ്റ്റാൻനോപ്പിൾ വിശ്വാസപ്രമാണത്തിന്റെ ലത്തീൻ - ഗ്രീക്ക് പരിഭാഷയിൽ നിന്നും അല്പം വ്യത്യാസത്തോടെയാണ് സുറിയാനി ക്രമത്തിൽ നാം പ്രാർത്ഥിക്കുന്നതെന്നും ഓർത്തിരിക്കാം.
വിശ്വാസപ്രമാണം മാമോദീസായുടെ ഭാഗമാണ്, കുർബാനയുടെ ഭാഗമായിരുന്നില്ല എന്ന വാദത്തിന് ആയതിനാൽ സഭാചരിത്രത്തിന്റെ പിൻബലമില്ല. ആദിമ നൂറ്റാണ്ടുകളെക്കാളേറെ ഇന്ന് കത്തോലിക്കാ വിശ്വാസത്തിനെതിരായ പ്രലോഭനങ്ങളും തെറ്റായ പ്രബോധനങ്ങളും വർദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, വിശ്വാസപ്രമാണത്തിന്റെ ഏറ്റു ചൊല്ലൽ മറ്റെന്നത്തെക്കാളും ഇന്ന് പ്രസക്തവും അത്യാവശ്യവുമാണ്. ജപമാല പ്രാർത്ഥനയിൽ (ശ്ലീഹന്മാരുടെ) വിശ്വാസപ്രമാണം ദിവസവും ചൊല്ലാൻ മടിയില്ലാത്ത വിശ്വാസികൾ പിന്നെയെന്തിന് അത് പരിശുദ്ധ കുർബാനയിൽ ചൊല്ലാൻ സന്ദേഹിക്കണം.
*വിശ്വാസപ്രമാണം ഇടദിവസങ്ങളിൽ ചൊല്ലണമോ?*
രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം റോമൻ (ലത്തീൻ) സഭയിൽ നടത്തിയ ലിറ്റർജിക്കൽ പരിഷ്കാരങ്ങളുടെ ഭാഗമായി ഇടദിവസങ്ങളിലുള്ള ദിവ്യബലിയിൽ വിശ്വാസ പ്രമാണത്തിന്റെ ഉപയോഗം ഐച്ഛികമാക്കുകയുണ്ടായി (optional). എന്നാൽ ഞായറാഴ്ചകളിലും തിരുനാളുകളിലും ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാ എന്നും നിർദ്ദേശിക്കുകയുണ്ടായി. ആലോഷങ്ങളുടെ മുൻഗണനാക്രമം (progressive solemnity) എന്ന തത്വമനുസരിച്ചാണ് ലത്തീൻ റീത്തിൽ ചില ആരാധനക്രമ പ്രാർത്ഥനകളെ സാധാരണദിവസങ്ങളിൽ ഐച്ഛികമായി നൽകിയത്. ദൈവജനത്തിന്റെ അജപാലനാവശ്യങ്ങളും ഈ അനുവാദത്തിന് പരിഗണനാ വിഷയമായിട്ടുണ്ട്. എന്നാൽ, ചില പ്രാർത്ഥനകൾ ചൊല്ലാനും ചൊല്ലാതിരിക്കാനും സഭ നൽകുന്ന സവിശേഷ അനുവാദം, നിർഭാഗ്യവശാൽ ചൊല്ലാതിരിക്കാൻ മാത്രമായുള്ള അനുവാദമായി ചുരുങ്ങുമെന്നതും, താമസംവിനാ ചൊല്ലാതിരിക്കാനുള്ള അവകാശമായി മാറും എന്നുള്ളതുമാണ് ഐച്ഛികങ്ങളുടെ ഒരു വലിയ പ്രലോഭനം. ആധുനിക മനുഷ്യന്റെ ലൗകിക - പ്രായോഗിക സമ്മർദ്ദങ്ങൾ ഈ പ്രലോഭനത്തിന് ആക്കം കൂട്ടുകയും ചെയ്യും.
ലത്തീൽ റീത്തിലുള്ള ഈ പരിഷ്കാരത്തിന്റെ സ്വാധീനം മലബാറിലുമുണ്ടായി. ചില മെത്രാന്മാരുടെ ആവശ്യ പ്രകാരം ഈ ഐച്ഛികം സീറോ - മലബാർ സഭയുടെ കുർബാന ക്രമത്തിലും (1989) റോം അനുവദിക്കുകയുണ്ടായി. ദൈവജനത്തിന്റെ നന്മയ്ക്കനുഗണമായി ഈ ഐച്ഛികൾ ക്രമീകരിക്കുവാൻ ഓരോ രൂപതാദ്ധ്യക്ഷനും റോം അന്ന് പ്രത്യേക അനുമതിയും നൽകി. അങ്ങനെ, വിശ്വാസപ്രമാണം ഇടദിവസത്തെ കുർബാനയിൽ ചൊല്ലുന്ന സ്ഥലങ്ങളുണ്ട്, ചൊല്ലാത്ത സ്ഥലങ്ങളുമുണ്ട്,; ചൊല്ലുന്നവർ പൊതു നിയമം പാലിക്കുന്നു, ചൊല്ലാത്തവർ പൊതുനിയമം അനുവദിക്കുന്ന ഐച്ഛികം ഉപയോഗപ്പെടുത്തുന്നു. ഐച്ഛികം ഉപയോഗിക്കുന്നവരെ കുറ്റപ്പെടുത്തിയിട്ടോ, വിശ്വാസപ്രമാണം ചൊല്ലാത്തവർ തങ്ങളുടെ രീതിയെ മഹത്വവൽക്കരിച്ച് ന്യായീകരിച്ചിട്ടോ കാര്യമില്ല. സ്നേഹവും പരസ്പര ബഹുമാനവും കൂട്ടായ്മാ മനോഭാവവും ഇല്ലാത്ത ലിറ്റർജി ദൈവത്തിനു പ്രതീകരമാവില്ല. സഭ നിർദ്ദേശിക്കുന്ന ആരാധനക്രമ നിയമങ്ങൾ എല്ലാവരും പാലിക്കുക എന്നതാണ് കരണീയമായത്. ആരാധനക്രമ നിയമങ്ങളോടു കാട്ടുന്ന അനുസരണത്തിന് ആനുപാതികമായിട്ടേ സീറോ - മലബാർ സഭയിൽ അച്ചടക്കം ഉണ്ടാവുകയുള്ളു. എവിടെ ആരാധന ക്രമനിയമങ്ങൾ സ്വാഭീഷ്ടമനുസരിച്ച് കാറ്റിൽ പറത്തുന്നുവോ അവിടെ അച്ചടക്കരാഹിത്യം ഒരു ക്യാൻസറായി സഭയെ മുറിപ്പെടുത്തും.
സഭയുടെ വിശ്വാസത്തിന്റെയും ആരാധനക്രമത്തിന്റെയും യഥാർത്ഥ കാവൽക്കാർ നമ്മുടെ മെത്രാന്മാരാണ്. സഭാപാരമ്പര്യത്തെ കറയോ കുറവോ കൂടാതെ കാത്തു സൂക്ഷിക്കുവാൻ അവർക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. ഇപ്പോഴിതാ ദീർഘവർഷങ്ങളുടെ കാത്തിരിപ്പിനുശേഷം സീറോ - മലബാർ മെത്രാൻസിനഡ് കുർബാനക്രമപരിഷ്കരണം ഐകകണ്ഠേന പാസാക്കിയതായി അറിയിപ്പു വന്നിരിക്കുന്നു. ലൗകിക-പ്രായോഗിക സ്വാധീനങ്ങളിൽപെടാതെ ദൈവമഹത്വത്തിനും സഭയുടെ നന്മയ്ക്കും ഉതകുന്ന വിധം നമ്മുടെ മെത്രാൻ സിനഡ് പ്രാർത്ഥനാപൂർവ്വമെടുക്കുന്ന തീരുമാനങ്ങളെ താഴ്മയോടെ സ്വീകരിക്കുന്നവനാണ് യഥാർത്ഥ ആരാധകൻ. അതിനവരെ സഹായിക്കാൻ സ്നേഹത്തിലധിഷ്ഠിതമായ നമ്മുടെ പഠനവും പ്രബോധനവും പ്രാർത്ഥനയും അത്യാവശ്യമാണ്. രക്ഷയുടെ ജീവസുറ്റ നീർച്ചാലായ സഭയുടെ ലിറ്റർജിയിൽ നിന്നും ആവോളം പാനം ചെയ്യാൻ സീറോ- മലബാർ വിശ്വാസികൾക്ക് ഭാവിയിൽ ഇടവരട്ടെ എന്നു പ്രാർത്ഥിക്കാം.
(_സത്യദർശനം, ഫെബ്രുവരി ലക്കം, 2020_)
Tags:
ആരാധന ക്രമം