പരിശുദ്ധ കുർബാനയുടെ തിരുനാളും ക്രൈസ്തവ ജീവിതവും
ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും മകുടവുമായ വിശുദ്ധകുർബാന മിശിഹായിൽ പൂർത്തിയായ രക്ഷാരഹസ്യങ്ങളുടെ പുനരവതരണമാണ്. ആദിമകാലത്ത് അപ്പം മുറിക്കൽ എന്നുവിളിക്കപ്പെട്ടിരുന്ന വിശുദ്ധ കുർബാന എന്നും സഭയുടെ ശക്തിസ്രോതസായി വർത്തിക്കുന്നു. ‘കെദോർലാവോമറെ’യും മറ്റു രാജാക്കൻമാരെയും തോല്പിച്ചു മടങ്ങിവന്ന അബ്രാമിനെ എതിരേല്ക്കുവാൻ വരുന്ന മെൽക്കിസെദെക്ക് അപ്പവും വീഞ്ഞും കാഴ്ചവച്ച് അദ്ദേഹത്തെ ആശീർവ്വദിച്ചുകൊണ്ടാരു പുരോഹിതപ്രാർത്ഥന ചൊല്ലുന്നു (ഉൽപ. 17:20). അബ്രാമിന്റെ മുൻപിൽ മെൽക്കിസെദെക്ക് അർപ്പിച്ച അപ്പവും വീഞ്ഞും ഈശോ അന്ത്യത്താഴ വേളയിൽ വിശുദ്ധകുർബാന സ്ഥാപിച്ചുകൊണ്ട ്അർപ്പിക്കുന്ന അപ്പത്തിന്റെയും വീഞ്ഞിന്റെയും മുന്നോടിയും പ്രതിരൂപവുമാണെ് സഭാപിതാക്കന്മാർ വിശദീകരിക്കുന്നു.
വിശുദ്ധ കുർബാനയുടെ ആഘോഷം വഴി മിശിഹായുടെ പെസഹാ ആചരണവും കാൽവരിയാഗവും നമ്മൾ അനുസ്മരിക്കുന്നു. പെസഹായുടെ പശ്ചാത്തലത്തിൽ സ്ഥാപിക്കപ്പെട്ട വിശുദ്ധ കുർബാന ഒരുവിരുന്നാണ്. അതുകൊണ്ടാണ ് അപ്പമെടുത്ത് മുറിച്ച് വാങ്ങി ഭക്ഷിക്കുവാനും പാനപാത്രമെടുത്ത് വാങ്ങികുടിക്കുവാനും ഈശോ ശിഷ്യന്മാരോട് അരുൾ ചെയ്തത് (മത്താ 26:27). വിശുദ്ധ കുർബാനയ്ക്ക് ബലിയുടെ മാനവുമുണ്ട്. കാരണം, ഗാഗുൽത്തായിൽ എന്നേക്കുമായി അർപ്പിച്ച ബലിയുടെ ഓർമയും പുനരവതരണവുമാണ് വിശുദ്ധ കുർബാന.
ആരാധനാ ക്രമകലണ്ടറനുസരിച്ച്, പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ചക്ക് ശേഷമുള്ള വ്യഴാഴ്ചയാണ് വിശുദ്ധ കുർബാനയുടെ തിരുനാൾ വരുന്നത്. അന്നേ ദിവസം മാർപാപ്പയുടെ നേതൃത്വത്തിൽ റോമിലെ ലാറ്ററാൻ ബസിലിക്കായിൽനിന്നും മേരി മേജർ ബസിലിക്കായിലേക്ക ് ആഘോഷപൂർവമായി ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുന്നു.
പാശ്ചാത്യസഭയിൽ ഉടലെടുത്ത ഈ തിരുനാൾ ആഘോഷിക്കുന്നത് വിശുദ്ധ കുർബാനയോടുള്ള ഭക്തിയും സ്നേഹവും വർധിപ്പിക്കുവാൻ നമ്മെ സഹായിക്കുന്നു.
പൗരസ്ത്യസഭകളിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്നത് പെസഹാവ്യാഴാഴ്ചയാണ്. കാരണം, അന്നാണ് ‘ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ’ (ലൂക്കാ 22:19) എന്ന് ശിഷ്യൻമാരോട് കല്പിച്ചുകൊണ്ട് സെഹിയോൻ ഊട്ടുശാലയിൽവച്ച് ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചത്. ഈശോയുടെ ഈ കല്പന ശിരസാവഹിച്ചു കൊണ്ട്് ആദിമ സമൂഹം അപ്പംമുറിക്കൽ ശുശ്രൂഷ നടത്തിയിരുന്നു.
ബലിയും വിരുന്നുമായ വിശുദ്ധ കുർബാന തിരുസഭ ഇന്നും ഇടമുറിയാതെ ആഘോഷിക്കുന്നു. ഈശോയുടെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കാര്യങ്ങൾ രഹസ്യാത്മകമായി പുനരവതരിക്കപ്പെടുന്ന കുർബാനയിൽ ബോധപൂർവകവും ക്രിയാത്മകവും ഫലദായകവും ആയി പങ്കെടുക്കുവാൻ അതിലെ പ്രാർത്ഥനകളുടെയും കർമങ്ങളുടെയും അകംപൊരുൾ മനസിലാക്കണം. കാരണം, വിശുദ്ധ കുർബാനയിൽനിന്നാണ്, ഒരു നീരുറവയിൽനിന്നെന്നപോലെ, നമ്മിലേക്ക് കൃപാവരം പ്രവഹിക്കുകയും മിശിഹായിൽ മനുഷ്യവിശുദ്ധീകരണവും ദൈവമഹത്വീകരണവും സാധ്യമാകുകയുംചെയ്യുന്നത് (ലിറ്റർജി 10).
കൂദാശകളുടെ കൂദാശ എന്നറിയപ്പെടുന്ന വിശുദ്ധ കുർബാന തിരുസഭയുടെ ഏറ്റവും ഉന്നതമായ ആരാധനയാണ്. വിശുദ്ധ കുർബാനയെക്കുറിച്ചുള്ള അറിവ് മിശിഹായെക്കുറിച്ചും സഭയെക്കുറിച്ചുമുള്ള അറിവാണ്. സഭയെ രൂപപ്പെടുത്തുകയും പടുത്തുയർത്തുകയും ചെയ്യുന്ന വിശുദ്ധ കുർബാനയെന്നത് നമ്മൾ വിശ്വസിക്കേണ്ടതും ആഘോഷിക്കേണ്ടതും ജീവിക്കേണ്ടതുമായ മഹാരഹസ്യമാണെന്ന് സ്നേഹത്തിന്റെ കൂദാശ എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പ ഓർമിപ്പിക്കുന്നു. അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസിന്റെ വീക്ഷണമനുസരിച്ച് ലിറ്റർജിയുടെ മകുടമായ വിശുദ്ധ കുർബാനയാണ ് സഭയെ അതാക്കിത്തീർക്കുന്നത് സഭയും വിശുദ്ധ കുർബാനയും എന്ന ചാക്രികലേഖനത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പ സൂചിപ്പിക്കുന്നതുപോലെ സഭ തന്റെ ജീവൻ സ്വീകരിക്കുന്നത് ഏറ്റവുംവലിയ ആരാധനയായ വിശുദ്ധ കുർബാനയിൽനിന്നാണ് (നമ്പർ 1).
‘പ്രാർത്ഥനയുടെ നിയമം, വിശ്വാസത്തിന്റെ നിയമം’ എന്ന തത്വമായിരിക്കണം ആരാധനക്രമ ആഘോഷത്തെ നയിക്കുന്ന ചാലകശക്തി. സഭയുടെആരാധനക്രമനിയമങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചുകൊണ്ടായിരിക്കണം വിശുദ്ധ കുർബാന നമ്മൾ ആഘോഷിക്കേണ്ടത്. വിശുദ്ധ കുർബാന അതിന്റെ പൂർണതയിൽ ആഘോഷിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യേണ്ടത് ക്രൈസ്തവ ആധ്യാത്മിക ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. കുർബാനയിലുള്ള സജീവഭാഗഭാഗിത്വമെന്നത് ആന്തരികമായിട്ടുള്ളതാണ്. നമ്മുടെ ഹൃദയവും മനസും ജാഗ്രതയോടും ഉണർവ്വോടും കൂടി മിശിഹായുടെ രക്ഷാകര രഹസ്യങ്ങളിൽ പങ്കുചേരുന്ന പ്രക്രിയയാണിത്. കുർബാനയിൽ സജീവ ഭാഗഭാഗിത്വം ലഭിക്കുവാൻ ആദ്യന്തമുള്ള പങ്കുചേരലും യോഗ്യതയോടെയുള്ള ദിവ്യകാരുണ്യസ്വീകരണവും അനിവാര്യമാണ്. ദിവ്യരഹസ്യങ്ങളെ ആഴത്തിൽ അറിയുകയും അവയെ ജീവിതവുമായി ബന്ധിപ്പിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ സജീവ പങ്കാളിത്തം ഉറപ്പാകുന്നത്. ആത്യന്തികമായി, വിശുദ്ധ കുർബാനയുടെ ആഘോഷം നമ്മെ രൂപപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യേണ്ടതാണ്.
എല്ലാ ആധ്യാത്മികതയുടെയും പ്രഭവസ്ഥാനം വിശുദ്ധ കുർബാനയാണ്. വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകളുടെയും കർമ്മാനുഷ്ഠാനങ്ങളുടെയും അർത്ഥവും പ്രതീകാത്മകതയും മനസിലാക്കുന്നത് ദിവ്യകാരുണ്യാനുഭവത്തിൽ വളരുവാൻ നമ്മെ സഹായിക്കും. ഇപ്രകാരം ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ആധ്യാത്മിക ശൈലിയിൽ ക്രൈസ്തവജീവിതം വളർത്തിയെടുക്കുമ്പോഴാണ് ബലിയാകുവാനും ബലിയേകുവാനും മുറിക്കപ്പെടുവാനും പങ്കുവയ്ക്കപ്പെടുവാനുമുള്ള ആത്മബലം ലഭിക്കുന്നത്. ആരാധനാശൈലിയും ജീവിതശൈലിയും ഒരേ പാതയിൽ സഞ്ചരിക്കുമ്പോഴാണ് ക്രിസ്തീയജീവിതത്തിൽ സ്വർഗീയ ആരാധനയും ഭൗമിക ആരാധനയും തമ്മിൽ സംഗമിക്കുകയും ഒന്നായിത്തീരുകയും ചെയ്യുന്നത്.
വിശുദ്ധ കുർബാനയാകുന്ന പരമോന്നത ആരാധനയിൽ സജീവവും ക്രിയാത്മകവുമായി നാം പങ്കുചേരണം. വിശുദ്ധ കുർബാനയുടെ അർത്ഥാന്തരങ്ങളെക്കുറിച്ച് അജപാലകർ വിശ്വാസികൾക്ക് ദിവ്യരഹസ്യപരമായ വിശ്വാസപരിശീലനം നൽകണം. കുർബാനക്രമത്തിലെ പ്രാർത്ഥനകളുടെയും കർമാനുഷ്ഠാനങ്ങളുടെയും ആരാധനക്രമ വസ്തുക്കളുടെയും അർത്ഥം മനസിലാക്കുവാനും അവ ഉൾക്കൊണ്ടിരിക്കുന്ന രഹസ്യത്തിലേക്ക് ആനീതരാകുവാനും അത ്വിശ്വാസികളെ സഹായിക്കുന്നു. കാലിത്തൊഴുത്തിൽ ജനിച്ച് കാൽവരിയിൽ ജീവാർപ്പണം ചെയ്ത ഈശോയുടെ രക്ഷാരഹസ്യങ്ങളുടെ വെളിപാടായ വിശുദ്ധ കുർബാനയെ ഒരു കലാലയത്തോട് ഉപമിക്കാം. ഈ കലാലയത്തിലിരുന്ന് മിശിഹായെയും സഭയെയും കുറിച്ച് പഠിക്കുവാനും ദിവ്യകാരുണ്യ കേന്ദ്രീകൃത ആധ്യാത്മിക ശൈലിവളർത്തിയെടുക്കുവാനും പരിശ്രമിക്കണം. വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന വേളയിൽ ദിവ്യകാരുണ്യഭക്തി ക്രൈസ്തവജീവിതത്തിന്റെ ശക്തിയായിതീരണം. ദിവ്യകാരുണ്യത്തിൽ സന്നിഹിതമായിരിക്കുന്ന ഈശോയുടെ നിതാന്ത സാന്നിധ്യത്തിനു മുൻപിൽ നമുക്ക് കരങ്ങൾ കൂപ്പി മുട്ടുകുത്താം. നമ്മുടെ ജീവിതപാതയിൽ സന്തതസഹചാരിയാകുവാൻവേണ്ടി ദിവ്യകാരുണ്യമായിത്തീർന്ന ദൈവത്തിലുള്ള വിശ്വാസം എല്ലായിടത്തും പ്രത്യേകിച്ച് ഭവനങ്ങളിലും പ്രവർത്തനമേഖലകളിലും പ്രഘോഷിക്കുവാൻ വിശുദ്ധ കുർബാനയുടെ തിരുനാൾ നമ്മെ സഹായിക്കട്ടെ.
ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ
സീറോ മലബാര്സഭയിൽ അങ്ങനെയൊരു തിരുനാൾ ഇല്ലല്ലോ!! ഇനി പെസഹാതിരുനാളിൽ ആണ് ഇതാഘോഷിക്കുന്നത് എന്ന് പറയുന്നത് ഒരു ബദൽ സംവിധാനം പോലെ തോന്നുന്നു.. അതൊരു തരം inferiority feelings ആണ്. ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് വരുത്താനുളള ശ്രമം.. ഇല്ല എന്ന് പറയുന്നത് ഒരു കുറവല്ലല്ലോ??
ReplyDeleteപിന്നെ ഈ തിരുനാൾ ഒരു ഭക്തിയുടെ ഭാഗമായി ഉണ്ടായതു മാത്രമാണല്ലോ??
ReplyDelete