സഭാ പിതാക്കന്മാരുടെ സാക്ഷ്യങ്ങൾ.
1.ശ്ലീഹാന്മാരുടെ പ്രബോധനം.
എ ഡി മൂന്നാം നൂറ്റാണ്ടിൽ സിറിയായിൽ എഴുതപ്പെട്ട ശ്ലീഹാന്മാരുടെ പ്രബോധനം (Didascalia Apostolorum)എന്ന 26 അദ്ധ്യായങ്ങൾ ഉള്ള ഈ ഗ്രന്ഥം ആദിമ സഭയിലെ ഭരണ ക്രമത്തെയും പാരമ്പര്യത്തെയും പറ്റി നമുക്ക് വ്യക്തമായ അറിവ് നൽകുന്ന ചരിത്ര പ്രാധാന്യമുള്ള സ്രോതസ്സാണ്. ഈ ഗ്രന്ഥത്തിൽ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു :
" ഇന്ത്യയും അതിലെ രാജ്യങ്ങളും അതിൽ വസിക്കുന്നവരും അങ്ങകലെ കടൽക്കരയിൽ ഉള്ളവർ പോലും, താൻ സ്ഥാപിച്ച സഭയിലെ നായകനും ഭരണാധികാരിയുമായ യൂദാസ് തോമസിൽ നിന്നും കൈ വെയ്പ് വഴി പൗരോഹിത്യം സ്വീകരിച്ചു.'' .
(W.Cureton, Ancient Syriac Documents, ( London, 1864) P.33 )
2.വി. അപ്രേം (300- 378 എ ഡി.)
പൗരസ്ത്യ സഭാ പിതാക്കന്മാരിൽ ഏറ്റവും പ്രസിദ്ധനാണ് പരിശുദ്ധാൽമ്മാവിന്റെ വീണ എന്നു അറിയപ്പെടുന്ന , എദ്ദേസ്സായും നിസ്സീബിസും കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മാർ അപ്രേം.
അദ്ദേഹം തോമ്മാശ്ലീഹായെ പ്രകീർത്തിച്ചു കൊണ്ട് ഇപ്രകാരം എഴുതിയിരിക്കുന്നു: "സൂര്യ രശ്മി പോലെ വലിയ ഗോളത്തിൽ നിന്നും പുറത്തു വന്നവനേ, നീ ഭാഗ്യവാൻ! നിന്റെ അനുഗ്രഹീതമാകുന്ന പ്രഭാതം ഇന്ത്യയുടെ അന്ധകാരത്തേ മാറ്റുന്നു".
:പന്ത്രണ്ടു പേരിൽ ഒരുവനായ വലിയ ദീപമേ, കുരിശിൽ നിന്നുമുള്ള തൈലത്താൽ നിറഞ്ഞവനായി ഇന്ത്യയുടെ ഇരുട്ടു നിറഞ്ഞ നിശയെ ദീപം കൊണ്ടു നീ നിറയ്ക്കുന്നു".
തോമാശ്ലീഹായെ അഭിസംബോധന ചെയ്തുകൊണ്ട്: ' കണ്ടാലും ഇന്ത്യയിൽ നിന്റെ അത്ഭുതങ്ങൾ; ഞങ്ങളുടെ നാട്ടിൽ നിന്റെ വിജയവും, എല്ലായിടത്തും നിന്റെ തിരൂനാളുകളും".
ഇന്ത്യയിൽ സംഭവിച്ച ശ്ലീഹായുടെ രക്തസാക്ഷിത്തത്തെപ്പറ്റി: "ഇൻഡ്യയിൽ ഞാൻ (സാത്താൻ) വധിച്ച ശ്ലീഹാ എനിക്ക് മുൻപേ എദ്ദേസ്സായിൽ വന്നിരിക്കുന്നു".
ഇൻഡ്യയിൽ നിന്നും തോമ്മാശ്ലീഹായുടെ തിരുശേഷിപ്പുകൾ എദേസായിലേക്കു കൊണ്ടു പോയതിനെപ്പറ്റി വി. അപ്രേം പറയുന്നു: "അയാൾ (വണിക്ശ്രേഷ്ഠൻ ) പല പ്രാവശ്യം ഇന്ത്യയിലേക്ക് വരുകയും പോവുകയും ചെയ്തു. അയാൾ അവിടെ കണ്ടിട്ടുള്ള സകല ദ്രവ്യങ്ങളും അങ്ങയുടെ അസ്തികളോട് താരതമ്യപ്പെടുത്തിയപ്പോൾ വെറും നിസ്സാരങ്ങളാക്കി മാത്രം പരിഗണിച്ചു"
.(T.J.Lamy, Sancit Ephraem Syri Hymni et Sermones, Melchinia, 1902,4, col.693-708)
3.വി. ഗ്രിഗറി നസിയാൻസെൻ (324-390 AD)
380-ൽ കൊണ്സ്റ്റാന്റുനോപ്പിളിലെ മെത്രാനായിരുന്ന, നസിയാൻസനിലെ വി. ഗ്രിഗറി, ഭാരത സഭയ്ക്ക് തോമ്മാശ്ലീഹായുമായുണ്ടായിരുന്ന ബന്ധത്തെ പറ്റി പറയുന്നു : സുവിശേഷം എല്ലാ സ്ഥലങ്ങളിലും പ്രചരിക്കുന്നതിനും യാതൊരു സ്ഥലവും ത്രിവിധ പ്രകാശമില്ലാത്തതാകാതിരിക്കുന്നതിനും അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവരുടെ പോലും അജ്ഞതയുടെ മേഘപാളികൾ നീക്കുന്നതിനും വേണ്ടി അപ്പസ്തോലന്മാർ പോയ സ്ഥലങ്ങളിലും രാജ്യങ്ങളിലും അവർ പരദേശികളായിരുന്നില്ലേ ? പത്രോസ് യൂദയായ്ക്കുള്ളവനായിരുന്നിരിക്കാം. പക്ഷെ പൗലോസിന് പുറജാതികളുമായി എന്തു ബന്ധമുണ്ടായിരുന്നു ? ലൂക്കായ്ക്കു അക്കായിയായോടും അന്ത്രയോസിന് എപീറസിനോടും യോഹന്നാന് എഫേസൂസിനോടും തോമ്മായ്ക്കു ഇൻഡ്യയോടും മർക്കോസിന് ഇറ്റലിയോടും എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ ?
(Gregory Naziansen, Contra Arianos et de seipso , Oratio 23,11)
4.മിലാനിലെ വി. അംബ്രോസ് (333-397 AD)
ഗ്രീക്ക് ലത്തീൻ കൃതികളിലൂടെ ഇൻഡ്യയെപ്പറ്റിയും ഇന്ത്യയിലെ ജനങ്ങളെപ്പറ്റിയും ധാരാളം മനസിലാക്കിയിരുന്ന പണ്ഡിതനാണ് വി. അംബ്രോസ്. അദ്ദേഹം ഗ്രീക്കിൽ നിന്നും ലത്തീനിലേക്കു തർജ്ജമ ചെയ്ത De Moribus Brachmanorum '' ഒരു തീബൻ പണ്ഡിതന്റെ ഇൻഡ്യാ സന്ദര്ശനത്തെപ്പറ്റി ഇപ്രകാരം വിവരിക്കുന്നു : 'പല ദിവസങ്ങളിലെ കടൽ യാത്രയ്ക്ക് ശേഷം അദ്ദേഹം ഗംഗയുടെ ഇങ്ങേ വശത്തുള്ള ഇന്ത്യയിലെ ഏറ്റവും പ്രധാന തുറമുഖമായ മുസീരിസിൽ എത്തി. ഇവിടത്തെ ബ്രാഹ്മണരെപ്പറ്റിയും അംബ്രോസ് അറിവ് തരുന്നു. മറ്റു സന്ദർഭങ്ങളിലും ഇന്ത്യയിലെ കായിക വിദഗ്ധരെപ്പറ്റിയും ഇന്ത്യൻ സമുദ്രത്തെപ്പറ്റിയും ഗംഗാ നദിയെപ്പറ്റിയുമൊക്കെ അദ്ദേഹം പറയുന്നു. ഈജിപ്തും എത്യോപ്യയും അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ നിന്നും വ്യത്യസ്തമാണ്. ഇന്നത്തെ ഇൻഡ്യയെത്തന്നെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. വി. അംബ്രോസ് തോമ്മാശ്ലീഹായെപ്പറ്റി ഇങ്ങനെ എഴുതുന്നു : 'ദുർഗ്ഗമമായ പാർവ്വതങ്ങളാൽ വേർതിരിക്കപ്പെട്ടിരുന്ന രാജ്യങ്ങൾ പോലും അവർക്ക് അഭിഗമ്യമായിത്തീർന്നു. അങ്ങനെ തോമ്മായ്ക്കു ഇന്ത്യയും.......
( Ambrose, In Palsmum enarratio , 21; PL14, 143 )
5. വി. ജറോം ( 342 - 420 AD )
പിതാക്കന്മാരുടെ ലിഖിതങ്ങളിൽ നിന്നും പുരാതന കൃതികളിൽ നിന്നും ഇൻഡ്യയെപ്പറ്റി വളരെയധികം അറിവ് സമ്പാദിച്ചിരുന്ന പണ്ഡിതനായിരുന്നു ലത്തീൻ സഭ പിതാവായ വി.ജറോം. മാർത്തോമ്മാശ്ലീഹായെപ്പറ്റി അദ്ദേഹം പറയുന്നു :'' നാൽപ്പതു ദിവസത്തേക്ക് മിശിഹാ ഒരേ സമയത്തു അപ്പസ്തോലന്മാരോടൊത്തും മാലാഖാമാരോടൊത്തും പിതാവിലും ആയിരുന്നു. സമുദ്രാതിർത്തികളോളം അവിടുന്ന് എല്ലാ സ്ഥലങ്ങളിലും ഒരേ സമയത്തു വസിച്ചു. തോമ്മാശ്ലീഹായോടൊത്ത് ഇന്ത്യയിലും പത്രോസിനോട് കൂടി റോമിലും പൗലോസിന്റെ കൂടെ ഇല്ലിരിക്കുമിലും തിത്തോസിനോട് കൂടെ ക്രീറ്റിലും അന്ത്രയോസിനോടൊത്തു അക്കേയിയായിലും അപ്പസ്തോലിക വ്യക്തികളോടൊത്തു അവിടുന്നു ഓരോ രാജ്യത്തും എല്ലാ രാജ്യങ്ങളിലും ആയിരുന്നു.''
(Jerome, Epist.59 Ad Marcellam; PL.22, 589)
6.ടൂർസിലെ ഗ്രിഗറി
അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടൂർസിലെ വി. ഗ്രിഗറി ഇപ്രകാരം എഴുതിയിരിക്കുന്നു : ''ഭാരതത്തിൽ തോമാശ്ലീഹായുടെ വിശ്രമ സങ്കേതത്തിൽ സന്യാസാശ്രമവും വ്യത്യസ്തവും മനോഹരവുമായ ദേവാലയവുമുണ്ട് "".(Gregory of Tours, Miraculorum Liber, 1. 32; PL 71, 733 )
7.ഇസിദോർ സെവിൽ : (638 AD)
ഭൂമി ശാസ്ത്രജ്ഞനായിരുന്ന ഇസിദോർ ഇപ്രകാരം രേഖപ്പടുത്തിയിരിക്കുന്നു : ' തോമ്മാ ശ്ലീഹാ പാർത്തിയാക്കാരോടും പേർഷ്യക്കാരോടും ഹൈർക്കാനിയരോടും മേദിയാക്കാരോടും ബാക്ട്രിയക്കാരോടും ഇൻഡ്യക്കാരോടും സുവിശേഷം പ്രസംഗിച്ചു. പൗരസ്ത്യ ദേശങ്ങളുടെ ഉൾനാടുകളിലേക്കു അദ്ദേഹവും കടന്നു. തന്റെ സുവിശേഷ പ്രോഘോഷണത്തിന് സ്വന്തം മരണം കൊണ്ടു തന്നെ അദ്ദേഹം മുദ്ര വച്ചു. ഇന്ത്യയിലെ നഗരമായ കലാമിനായിൽ കുന്തം കൊണ്ടുള്ള കുത്തേറ്റ് അദ്ദേഹം മരിച്ചു. അവിടെത്തന്നെ ബഹുമാനാദരവുകളോടെ സംസ്കരിക്കപ്പെടുകയും ചെയ്തു. (Isidore of Seville, De Ortu et Obitu Patrum, 74, 132; PL83, 152)
( അവലംബം, റെവ.ഡോ.സേവ്യർ കൂടപ്പുഴ. ഭാരതസഭാ ചരിത്രം )
Tags:
സഭാ ചരിത്രം