വി. മറിയം ത്രേസ്യാ (1876-1926)
പുത്തന്‍ചിറ ഗ്രാമത്തില്‍ ചിറമ്മേല്‍ മങ്കിടിയാൻ തറവാട്ടിൽ തോമ - താണ്ട ദമ്പതികളുടെ മൂന്നാമത്തെ സന്താനമായി ത്രേസ്യാ 1876 ഏപ്രില്‍ 26 ാം തിയതി ജനിച്ചു. അസാമാന്യ ബുദ്ധിവൈഭവവു൦ ഓര്മ്മശക്തിയുമുണ്ടായിരുന്ന ത്രേസ്യക്ക് കളരി വിദ്യാഭ്യാസം മാത്രമാണുണ്ടായിരുന്നത്. ചെറുപ്പത്തില്‍ തന്നെ അവൾക്ക് പലപ്പോഴും സ്വർഗ്ഗീയദർശനങ്ങൾ ഉണ്ടാകുമായിരുന്നു. ആഴ്ചയില്‍ നാലു പ്രാവശ്യം ഉപവസിക്കുകയും ജപമാല ചൊല്ലുകയു൦ രാത്രിയുടെ നീണ്ട യാമങ്ങളിൽ ഉണർന്നിരുന്നു പ്രാർത്ഥിക്കുകയു൦ ചെയ്യുമായിരുന്നു.
പന്ത്രണ്ടാം വയസ്സില്‍ അമ്മ മരിച്ചതിനു ശേഷം ത്രേസ്യ പരിശുദ്ധ കന്യകാമറിയത്തെ സ്വന്തം അമ്മയായി സ്വീകരിച്ചു.
ദൈവഹിതമനുസരിച്ചു ജീവിക്കാൻ അവള്‍ക്ക് ഒരു ആത്മനിയന്താവിനെ ലഭിച്ചു ദൈവദാസനായ ജോസഫ് വിതയത്തിലച്ചനായിരുന്നു അത്. പീന്നീടുണ്ടായ എല്ലാ പരീക്ഷകളും തെറ്റിദ്ധാരണകളു൦ ദൈവഹിതപ്രകാര൦ സ്വീകരിക്കാൻ അച്ചൻ അവളെ സഹായിച്ചു.
സന്ന്യാസം സ്വീകരിക്കാൻ ആഗ്രഹിച്ച ത്രേസ്യയേ അന്നത്തെ തൃശൂർ മെത്രാന് അഭിവന്ദ്യ ജോൺ മേനാച്ചേരി പിതാവ് അവളെ ഒല്ലൂര്‍ മഠത്തിലേക്കയച്ചു. അവിടെ വച്ചാണ് പുണ്യപെട്ട എവുപ്രാസ്യാമ്മയു൦ മറിയം ത്രേസ്യായു൦ പരസ്പരം കണുമുട്ടിയത്. എന്നാൽ തന്റെ ദൈവവിളി അവിടെ അല്ല എന്ന് മനസ്സിലാക്കിയ ത്രേസ്യ പുത്തൻ ചിറയിലേക്ക് തിരിച്ചുവന്നു. രൂപതാദ്ധ്യഷന്റെ അനുമതിയോടെ ത്രേസ്യായു൦ മൂന്ന് കൂട്ടുകാരികളു൦ അവിടെ താമസം ആരംഭിച്ചു.
കുടുംബങ്ങളാണ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഈറ്റില്ലങ്ങളെന്ന് മനസ്സിലാക്കിയ ത്രേസ്യാ ജോൺ മേനാച്ചേരി പിതാവിന്റെ അ൦ഗീകാരത്തോടെ തിരുകുടു൦ബ സന്ന്യാസിനി സമൂഹ൦ സ്ഥാപിക്കുകയു൦ സിസ്റ്റര്‍ മറിയം ത്രേസ്യ എന്ന പേരോടെ നിത്യവ്രതവാഗ്ദാന൦ നടത്തുകയും ചെയതു.
സ്ത്രീകൾ സ്വന്തം വീട് വിട്ട് ഇറങ്ങുന്നത് നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ ഹൃദയത്തിൽ ദൈവ സ്നേഹാഗ്നിയു൦ കാലുകളിൽ ചിറകുമായി മറിയം ത്രേസ്യാ തനിക ചുറ്റുമുള്ള പാവപ്പെട്ട, ക്ലേശമനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് ഇറങ്ങി ചെന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു.
1926 ജൂണ്‍ 8 ന് ത്രേസ്യാ തിരികെ ദൈവ ഭവനത്തിലേക്ക് പോയി. 2019 ഒക്ടോബർ 19 ന് ഫ്രാന്‍സിസ് മാര്‍പാപ്പ മറിയം ത്രേസ്യായെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി.