കാനൻ നിയമ൦ (CIC, CCEO)
സഭാപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിമയസംഹിതയ്ക്കാണ് കാനന്‍നിയമം എന്നു പൊതുവെ പറയുന്നത്.
സഭയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് കാനന്നിയമപഠനത്തിന്റെ അടിസ്ഥാനം. രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത് സഭ ഒരേ സമയം ദൃശ്യവും അദൃശ്യവുമായ, മാനുഷികവും ദൈവികവുമായ യാഥാര്‍ത്ഥ്യമാണ് എന്നാണ് (ജനതകളുടെ പ്രകാശം നമ്പര്‍ 8). ഇതില്‍ ദൃശ്യമായ, മാനുഷികമായ സാമൂഹികതലങ്ങളിലാണ് നിയമങ്ങളുടെ പ്രസക്തി. ദൈവശാസ്ത്രപരമായി ദൈവമക്കളുടെ സമൂഹമാണ് സഭ, അത് ഹയരാര്‍ക്കിക്കല്‍ സംവിധാനങ്ങളോടെ സംഘടിതസമൂഹവുമാണ്. ഇവിടെയാണ് നിയമത്തിന്റെ ആവശ്യം.
ഈശോ പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തതും അവരില്‍ പത്രോസിനെ തലവനായി നിശ്ചയിച്ചതുമാണ് സഭയുടെ ഭരണസംവിധാനത്തിന്റെ അടിസ്ഥാനം. ചരിത്രത്തിലൂടെ ഈ സംവിധാനം വളര്‍ന്നപ്പോഴാണ് സഭയില്‍ നിയമങ്ങളും ക്രമീകരണങ്ങളും ചട്ടങ്ങളും നിലവില്‍വന്നത്. (മത്തിയാസിനെ തിരഞ്ഞെടുത്തത്, ഡീക്കന്മാരെ നിയമിച്ചത്, വിജാതീയരെ സഭയില്‍ സ്വീകരിക്കാന്‍ തീരുമാനിച്ച ജറുസലേം സൂനഹദോസ്). ഗ്രീക്ക് – റോമന്‍- ബൈസന്റയിന്‍ നിയമങ്ങള്‍ സഭാനിയമങ്ങള്‍ക്ക് നിയതമായ രൂപം നല്കാന് സഹായിച്ചു. കാനന്‍നിയമത്തിന്റെ രൂപീകരണത്തില്‍ നൂറ്റാണ്ടുകളുടെ അനുഭവവും ചരിത്രവുമുണ്ട്.
രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിനുശേഷം നിലവിലുണ്ടായിരുന്ന കാനന്‍ നിയമസംഹിതയെ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ പരിഷ്കരിച്ച്, ലത്തീന്‍ സഭയ്ക്കും പൗരസ്ത്യസഭകള്ക്കുമായി പുതിയ കാനന്‍ നിയമ സംഹിത ക്രോഡീകരിച്ച് ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പാ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്.
- കാനന്‍ നിയമസംഹിത (Codex Iuris Canonici–(CIC), Code of Canan Law) 1983ല്‍ ലത്തീന്‍ സഭയ്ക്കുവേണ്ടി പ്രസിദ്ധീകരിച്ചു.
- പൗരസത്യസഭകള്ക്കുവേണ്ടിയുള്ള കാനന്‍നിയമസംഹിത ( Codex Cannonum Ecclesiarum Orientalium (CCEO)– Code of canon law for Eastern Churches) 1990ല്‍ പൗരസ്ത്യ സഭകള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ചു. പൗരസ്ത്യകാനന്നിയമസംഹിതയില് 1546 നിയമങ്ങള്‍ 30 ടൈറ്റിലുകളിലായി ക്രമീകരിച്ചിരിക്കുന്നു. ക്രൈസ്തവവിശ്വാസികളുടെ അവകാശവും കടമയും മുതല്‍ സഭാ കോടതി, ശിക്ഷ തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ക്ക് കൃത്യമായ നിയമങ്ങള്‍ ഇതിലുണ്ട്. ഇത്കൂ ടാതെ റോമന്‍ കൂരിയായുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങള്‍ Pastor bonus 1988 ല്‍ പ്രസിദ്ധീകൃതമായി. ഇവയാണ് ആഗോളകത്തോലിക്കാ സഭയുടെ നിയമസംഹിതകള്‍.കൂടാതെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കിസ്കോപ്പല്‍ സഭയുടെ പ്രത്യേകനിയമങ്ങളും (Particular law) രൂപതകള്‍ക്ക് പ്രത്യേക നിയമാവലിയും നിലവിലുണ്ട്. ചുരുക്കത്തില്‍ കൃത്യമായ നിയമങ്ങളാലും ചട്ടങ്ങളാലും ക്രമീകൃതമായ ഹയരാര്‍ക്കിക്കല്‍ ഭരണസംവിധാനമാണ് കത്തോലിക്കാസഭയ്ക്കുള്ളത്.