വി.യോഹ 20:24-31
ഈശോ മിശിഹായിൽ സ്നേഹം നിറഞ്ഞവരെ,
ദുക്റാന തിരുനാളിൻ്റെ ദീപ്ത സ്മരണകളുണർത്തുന്ന ഈ ധന്യ മുഹൂർത്തത്തിൽ ധ്യാന വിചിന്തനത്തിനായി തിരുസഭാ മാതാവ് നമുക്ക് നൽകിയിരിക്കുന്നത് വി.യോഹന്നാൻ്റെ സുവിശേഷം 20-ാം അദ്ധ്യായം 24 മുതൽ 31 വരെയുള്ള വാക്യങ്ങളാണ്.
യോഹന്നാൻ്റെ സുവിശേഷത്തിൽ വി.തോമാശ്ലീഹായെക്കുറിച്ച് മൂന്ന് തവണ പരാമർശിക്കുന്നുണ്ട്. ലാസറിൻ്റെ മരണവുമായി ബന്ധപ്പെട്ട സന്ദർഭത്തിലാണ് ആദ്യമായി തോമസിനെക്കുറിച്ച് നാം വായിക്കുന്നത്. ബഥാനിയായിലേക്ക് പോകാൻ ഒരുങ്ങുന്ന യേശുവിനെ തടഞ്ഞു കൊണ്ട് ശിഷ്യന്മാർ ഒന്നടങ്കം ഇപ്രകാരം പറയുന്നു: " യഹൂദർ അങ്ങയെ കൊല്ലാൻ ആലോചിക്കുകയാണ് ". എന്നാൽ തോമസാകട്ടെ ധൈര്യപൂർവ്വം മുന്നോട്ട് വന്ന് " നമുക്കും അവനോടൊപ്പം പോയി മരിക്കാം "എന്നു പറയുന്നു .( യോഹ 11:4) രണ്ടാമതായി തോമസിനെക്കുറിച്ചുള്ള പരാമർശം യോഹ:14:6ലാണ് നാം കാണുന്നത്. "നീ എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ പിന്നെ വഴി ഞങ്ങൾ എങ്ങനെയറിയും " എന്ന ചോദ്യം ഉന്നയിക്കുന്ന തോമസിൻ്റെ ചിത്രമാണ് ഇവിടെ സുവിശേഷകൻ നമുക്ക് മുമ്പിൽ വരച്ചിടുന്നത്. മൂന്നാമതായി സുവിശേഷകൻ തോമസിനെക്കുറിച്ച് നടത്തുന്ന പരാമർശമാണ് ഇന്നത്തെ ധ്യാന വിചിന്തന ഭാഗമായ യോഹ: 20:25 ൽ ഉള്ളത്.ഉത്ഥിതനായ യേശുവിൻ്റെ പ്രത്യക്ഷീകരണമാണ് ഈ ഭാഗത്തിൻ്റെ സാരാംശം. എന്നാൽ ഈ സംഭവം നടക്കുമ്പോൾ തോമസ് ശിഷ്യന്മാർക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും ക്രിസ്തു തങ്ങൾക്ക് പ്രത്യക്ഷനായ വിവരം അവർ അവനെ അറിയിച്ചപ്പോൾ ആ സാക്ഷ്യമൊഴി മുഖവിലയ്ക്കെടുക്കാതെ യേശുവിൻ്റെ കൈകളിലെ ആണിപ്പഴുതുകളിൽ തൻ്റെ വിരലിടാതെയും പാർശ്വത്തിൽ കൈകൾ വയ്ക്കാതെയും താൻ വിശ്വസിക്കുകയില്ലായെന്നും പ്രഖ്യാപിക്കുന്ന തോമസിൻ്റെ മുൻപിൽ എട്ടു ദിവസങ്ങൾക്കു ശേഷം ക്രിസ്തു പ്രത്യക്ഷപ്പെടുന്നതും തോമസ് ഉത്ഥിതനെ തൊട്ട് അവനിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്നതുമാണ് ഈ ഭാഗത്ത് സുവിശേഷകൻ രേഖപ്പെടുത്തുന്നത്.
തോമസിനെ ഇരട്ട എന്നാണ് സുവിശേഷം വിശേഷിപ്പിക്കുന്നത്. ദിദിമൂസ് എന്ന വാക്കിൻ്റെ അർത്ഥം അതാണ്. ഒരാളിലെ ദ്വന്ദ്വഭാവങ്ങളുടെ സൂചന ഉൾക്കൊള്ളുന്നുണ്ട് ആ പേര്.പാതി ഹൃദയം കൊണ്ട് സന്ദേഹിയാവുകയും മറു പാതി കൊണ്ട് വിശ്വസിക്കുകയും ചെയ്യുന്നവനാണ് തോമസ്.മറ്റൊരു വിധത്തിൽ പറഞ്ഞാൽ സത്യാന്വേഷിയായ മനുഷ്യൻ .യേശുവിനെ അനുഭവിച്ചറിയണമെന്ന വാശിയും,തീക്ഷണതയുമുള്ള ക്രിസ്തു ശിഷ്യനായിരുന്നു അദ്ദേഹം.ശിശു സഹജമായ നൈർമല്യം ഹൃദയത്തിൽ സൂക്ഷിച്ചവനാണ് തോമസ്.അതുകൊണ്ടാണ് തൻ്റെ സന്ദേഹങ്ങളെ വിശ്വാസത്തിൻ്റെ തീജ്വാലയിൽ കത്തിജ്വലിപ്പിച്ച് ആത്മീയതയുടെ മൂശയിൽ തന്നെ തന്നെ ഉടച്ച് വാർക്കാനും "എൻ്റെ കർത്താവേ എൻ്റെ ദൈവമേ " എന്ന് ഉദ്ഘോഷിച്ച് കൊണ്ട് വിശ്വാസത്തിൻ്റെ ദീപശിഖ അനേകരിലേക്ക് പകർന്നു നൽകി ഒടുവിൽ മൈലപ്പൂരിൻ്റെ മണ്ണിൽ ക്രിസ്തുവിനു വേണ്ടി രക്തം ചിന്താനും തോമസിനു സാധിച്ചത്. ആത്മീയ ജീവിതത്തിൽ കാലിടറുമ്പോഴും സന്ദേഹത്താൽ ഉരുകുമ്പോഴും ക്രൂശിതൻ്റെ മുറിവുകളെ ആഴത്തിൽ ധ്യാനിക്കാനും ആ മുറിവിലേക്ക് നമ്മുടെ ബലഹീനമായ കരം ചേർത്തു വയ്ക്കാനും വിശുദ്ധനെപ്പോലെ നമുക്കും കഴിയണമെന്ന് അദ്ദേഹത്തിൻ്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു.
വരും നാളുകളിൽ ക്രിസ്തു ശിഷ്യരായ നമുക്ക് ഒത്തിരിയേറെ പ്രതിസന്ധികളെ നമ്മുടെ വിശ്വാസ ജീവിത പാതയിൽ നേരിടേണ്ടി വന്നേക്കാം പക്ഷെ അവിടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കണമെങ്കിൽ ആത്മീയ മനുഷ്യരായി തീരാൻ നമുക്ക് കഴിയേണ്ടതുണ്ട്. യുക്തി കൊണ്ടല്ല ഹൃദയം കൊണ്ടാവണം നാം യേശുവിനെ തിരിച്ചറിയേണ്ടത്.അതിന് വിശുദ്ധ തോമസിനെപ്പോലെ ശിശുസഹജമായ നൈർമല്യം നാം കാത്തു സൂക്ഷിക്കണം. യേശുവിൽ ലയിച്ചു ചേരുന്നതുവരെ എൻ്റെ ഹൃദയം അസ്വസ്ഥമാണെന്നു പറഞ്ഞ വി.അഗസ്റ്റിനെപ്പോ അവനിൽ ലയിക്കാൻ നമുക്കും വി. തോമസിനെപ്പോലെ ശ്രമിക്കാം.
നമുക്ക് പരിചിന്തനം ചെയ്യാം:
Bro Robins kumbalakuzhy