*മർക്കോസ് - 12:38-44*
----------------------------------------
ഈശോമിശിഹായിൽ സ്നേഹം നിറഞ്ഞവരെ വിശുദ്ധ മർക്കോസ് അറിയിച്ച സുവിശേഷം പന്ത്രണ്ടാം അധ്യായം 38 മുതൽ 44 വരെയുള്ള വാക്യങ്ങളാണ് നാളത്തെ നമ്മുടെ ധ്യാനവിചിന്ത വിഷയം.
ദേവാലയശുദ്ധീകരണത്തിനു ശേഷം ഈശോയ്ക്ക് എതിരായിതീർന്ന നിയമജ്ഞരുടെയും, ഫരിസേയരുടെയും, സദുക്കായരുടെയും, സാന്നിധ്യത്തിൽ. ദേവാലയത്തിൽ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് ഈശോ നിയമജ്ഞരുടെ കാപട്യത്തെക്കുറിച്ചും, വിധവയുടെ കാണിക്കയെ കുറിച്ചും പറയുന്നത്
വിധവകളുടെ ഭവനം വിഴുങ്ങുന്ന നിയമജ്ഞരും, എല്ലാം സമർപ്പിക്കുന്ന വിധവയും ഇങ്ങനെ രണ്ടു ഗണം ആളുകളെ അവതരിപ്പിച്ചുകൊണ്ട് എന്താണ് യഥാർത്ഥ മതം എന്ന് മർക്കോസ് ഈ സുവിശേഷ ഭാഗത്തിലൂടെ വ്യക്തമാക്കി തരികയാണ്. ക്രിസ്തു ശിഷ്യന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്നതിന്റെ വിപരീതമാണ് നിയമജ്ഞരുടെ കപട നാട്യവും പൊങ്ങച്ചവും, എന്നാൽ ഈശോ പ്രതീക്ഷിക്കുന്ന ഭക്തിയുടെ പ്രകടനമാണ് വിധവയുടെ സമർപ്പണം.
പ്രാർത്ഥനയുടെ സമയത്ത് ഉപയോഗിക്കുന്ന കുപ്പായമാണ് മേലങ്കി എന്നാൽ പ്രാർത്ഥനയുടെ സമയം കഴിഞ്ഞാലും നിയമജ്ഞർ അത് ധരിച്ച് തെരുവിലൂടെ നടക്കാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ മറ്റുള്ളവരുടെ മുൻപിൽ പൊങ്ങച്ചം കാണിക്കാനും മതപരമായ കടമകളെ കാഴ്ച കൂത്ത് ആക്കുകയുമാണ് അവർ ചെയ്യുന്നത്. അവർ ബഹുമാനം ആവശ്യപ്പെടുകയാണ്, അർഹിക്കുക അല്ല. വേദഗ്രന്ഥത്തിന്റെ കുത്തകാവകാശം തങ്ങൾക്കാണ് എന്ന മട്ടിലുള്ള പെരുമാറ്റം അഹന്തയുടെയും ധാർഷ്ട്യത്തിന്റെയും പ്രകടനമാണ്. പാവപ്പെട്ടവരുടെ സ്വത്ത് അപഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ ദീർഘനേരം പ്രാർത്ഥിക്കുന്നത് ആയി അഭിനയിക്കുന്നത്. നിയമജ്ഞരുടെ അത്യാഗ്രഹത്തെ തുറന്ന് എതിർക്കുകയാണ് ഈശോ. പണ്ട് കാലത്ത് വിധവകളുടെ സ്വത്തിന്റെ കാര്യസ്ഥത വഹിച്ചിരുന്നത് നിയമത്തിൽ പ്രാവീണ്യം ഉള്ളവരായിരുന്നു. അവർ വിധവകളെ ചൂഷണം ചെയ്ത് ലാഭവും ഉണ്ടാക്കിയിരുന്നു. കൂടാതെ നീതിന്യായ സംവിധാനത്തെ വളച്ചൊടിച്ചും അതിന്റെ മൂല്യങ്ങളിൽ വിഷം കലർത്തിയും നിയമത്തിന്റെ അന്തസ്സ് നശിപ്പിച്ചിരുന്നു. ഇതിനെല്ലാം എതിരായിട്ടാണ് ഈശോ വിമർശനം ഉയർത്തുന്നത്.
12-ആം അധ്യായം 41 മുതൽ 44 വരെയുള്ള വാക്യങ്ങളിലൂടെ വിധവകളുടെ ഭവനം വിഴുങ്ങുന്ന നിയമജ്ഞരുടെ കപടഭക്തിക്ക് എതിരായി ഒരു വിധവയുടെ യഥാർത്ഥ ഭക്തി ചിത്രീകരിച്ചിക്കുകയാണ്. അക്കാലത്ത് അങ്ങിങ്ങായി നന്മയുടെയും ഭക്തിയുടേയും കിരണങ്ങൾ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചിരിക്കുന്നു. യഥാർത്ഥ ശിഷ്യത്വത്തിന്റെ മാതൃകയായി ഈ വിധവ നിലകൊള്ളുന്നു. സമ്പൂർണ്ണ സമർപ്പണവും നിസ്സീമമായ ഔദാര്യവും ആണ് അവളുടെ സവിശേഷത. നിയമജ്ഞരും മറ്റും സമ്പത്ത് സ്വരൂപിക്കാനായി വ്യഗ്രത പെടുമ്പോൾ വിധവ ചെയ്യുന്നത് കർത്താവിന് സമ്പൂർണ്ണ സമർപ്പണമാണ് അവളുടെ പ്രവർത്തിയാണ് ദൈവസന്നിധിയിൽ നീതിമത്കരിക്കപെട്ടത് ധനികർ വലിയ തുകകൾ സംഭാവന ചെയ്തത് അവരുടെ സമൃദ്ധിയിൽ നിന്നാണ്. വിധവയാകട്ടെ തന്റെ ദാരിദ്ര്യത്തിൽ നിന്നും. തൊട്ടടുത്ത വാക്യങ്ങൾ ദേവാലയത്തിന്റെ നാശമാണ് വിവരിക്കുന്നത് ഇങ്ങനെ നാശോന്മുഖമായിരിക്കുന്ന ദേവാലയം പുനരുദ്ധരിക്കുന്നതിനുവേണ്ടി നിയമജ്ഞർ വിവിധ സംഭാവനകളും നികുതികളും ഏർപ്പെടുത്തി. അവ കൊടുത്തില്ലെങ്കിൽ മതത്തിന്റെ അനുയായി ആയിരിക്കാൻ സാധിക്കുകയില്ല. ദരിദ്രരെ ഇത്തരം നികുതികൾ സാരമായി ബാധിച്ചു. വിധവകളുടെ ഭവനം കൊള്ളയടിക്കുന്നതിന് തുല്യമായി അത്. ആ വിധവയുടെ ചെമ്പ് തുട്ടുകൾ, അവളുടെ ഉപജീവനത്തിനുള്ള തുക മുഴുവൻ, ഭണ്ഡാരത്തിൽ നിക്ഷേപിക്കാൻ ഇടയാക്കിയത് ഈ ചൂഷണ മനസ്ഥിതിയാണ്. ദരിദ്രരെ ചൂഷണം ചെയ്യുന്ന മതത്തിനെതിരായിട്ടാണ് യേശു പ്രവാചകപരമായ വിമർശനം തൊടുത്തു വിടുന്നത്.
നിയമജ്ഞരുടെ ഗണത്തിൽപ്പെടുത്താവുന്നവരെ ഇന്നത്തെ സമൂഹത്തിലും നമുക്ക് കാണാൻ സാധിക്കും. ബഹുമാനവും ആദരവും ചോദിച്ചു വാങ്ങിയും, പ്രമുഖ സ്ഥാനം തിരഞ്ഞെടുത്തും, മറ്റുള്ളവരെ ചൂഷണം ചെയ്തു സമ്പത്ത് സ്വരുകൂട്ടിയും, എല്ലാ കാര്യങ്ങളിലും അഭിപ്രായം പറഞ്ഞും ജീവിക്കുന്നവർ. എന്നാൽ ക്രിസ്തു ശിഷ്യർ എന്ന നിലയിൽ ഈശോ നമ്മോട് ആവശ്യപ്പെടുന്നത് വിധവയുടെ മനോഭാവമാണ് അതായത് തനിക്കുള്ളത് മുഴുവൻ മറ്റുള്ളവർക്ക് നൽകുന്ന മനോഭാവം.
*നമുക്ക് ചിന്തിക്കാം* :
1) പല സാഹചര്യങ്ങളിലും ഞാൻ ബഹുമാനം ചോദിച്ചു വാങ്ങിയിട്ടുണ്ടോ? ബഹുമാനവും ആദരവും കിട്ടാത്ത സാഹചര്യങ്ങളിൽ ഞാൻ വേദനിച്ചിട്ടുണ്ടോ, അതോ എളിമയോടെ അത്തരം സന്ദർഭങ്ങളെ അതിജീവിക്കാൻ സാധിച്ചിട്ടുണ്ടോ?
2) ആവശ്യവും അനാവശ്യവുമായ കാര്യങ്ങളിൽ എല്ലാം ഞാൻ അഭിപ്രായം പറഞ്ഞിട്ടുണ്ടോ? എന്റെ വാക്ക് കേൾക്കാത്തവരെ എതിർത്തിട്ടുണ്ടോ?
3) വിധവയെ പോലെ എന്റെ സർവ്വവും അതായത് സമ്പത്തും, ആരോഗ്യവും, കഴിവുകളും എല്ലാം ദൈവത്തിനു വേണ്ടി വ്യയം ചെയ്യാൻ സാധിച്ചിട്ടുണ്ടോ?
യഥാർത്ഥ ക്രിസ്തു ശിഷ്യനാകാൻ വിളിക്കപ്പെട്ടിരിക്കുന്ന നമുക്കും. ഈ വിധവയുടെ മനോഭാവം സ്വന്തമാക്കാൻ സാധിക്കണം. അതിനു സർവേശ്വരൻ നമ്മെ സഹായിക്കട്ടെ
ആമേൻ🙏🙏🙏
Bro. Delbin Kureekattil
Good Shepherd Major Seminary