ഈശോയിൽ സ്നേഹം നിറഞ്ഞവരെ,
നാളത്തെ വിചിന്തനത്തിനായി സഭ മാതാവ് നമുക്ക് നൽകിയിരിക്കുന്ന വചനഭാഗം മത്തായിയുടെ സുവിശേഷം 20 : 20-28 വിവരിക്കുന്ന സെബദി പുത്രന്മാരുടെ അഭ്യർത്ഥനയാണ്. 📖📖📖
സ്വപ്ന തുല്ല്യമായ സ്ഥാനം മോഹിച്ചു അത് ചോദിച്ചുറപ്പാകാൻ അമ്മയുടെ ശുപാർശയുമായി ഈശോയെ സമീപിക്കുകയാണ് സെബദിപുത്രന്മാർ. യേശുവിന്റെ ശിഷ്യന്മാരുടെ 👨👨👦👦 ഇടയിൽ ദൈവരാജ്യത്തിന്റെ സ്വഭാവത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ടായിരുന്നു.
സമാന്തര സുവിശേഷങ്ങളിൽ മാർക്കോസിലും പ്രീതിപതിക്കുന്ന വചനഭാഗമാണിത്. ഈ വചന ഭാഗത്തിന്റെ ആദ്യ ഭാഗത്തു (20:20-23) രണ്ടു ശിഷ്യന്മാരുടെ സ്ഥാനമോഹം രേഖപ്പെടുത്തുമ്പോൾ രണ്ടാം ഭാഗത്തു (20:24-28) സേവനത്തിലൂടെ വലിയവനും ഒന്നാമനുമാകണമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. സെബദിപുത്രന്മാരുടെ അമ്മയുടെ അഭ്യർത്ഥന, ഈശോയുടെ മറുപടി, അമർഷം പ്രകടിപ്പിക്കുന്ന ശിഷ്യന്മാരെ പഠിപ്പിക്കുന്ന ഈശോ എന്നിങ്ങനെ മൂന്നായി നമുക്ക് വചന ഭാഗത്തെ കാണാം.
സെബദിയുടെ പുത്രന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും മാതാവ്👩👦👦 യേശുവിന്റെ അടുത്ത് മക്കൾക്കു വേണ്ടി ശുപാർശയുമായി എത്തുന്നത് മത്തായി വിവരിക്കുമ്പോൾ, മാർക്കോസിന്റെ സുവിശേഷത്തിൽ യാക്കോബും യോഹന്നാനും നേരിട്ട് അഭ്യർത്ഥനയുമായി മുന്നോട്ട് വരുകയാണ്. ഈശോയുടെ മഹത്വത്തിൽ അവിടുത്തെ ഇടത്തും വലത്തുമുള്ള സ്ഥാനമാണ് അവരുടെ ലക്ഷ്യം. യേശുവിന്റെ ഇടത്തും വലത്തുമുള്ള ഇരിപ്പിടങ്ങൾ ആവശ്യപ്പെടുമ്പോൾ യേശുവിന്റെ രാജ്യത്വത്തിലുള്ള ഏറ്റവും ഉയർന്ന സ്ഥാനങ്ങളാണ് ആവശ്യപ്പെടുക. ഈശോ തന്നെ മഹത്വത്തിന്റെ സിംഹാസനങ്ങളിൽ ആസനസ്ഥനാകുമ്പോൾ തന്റെ പന്ത്രണ്ടു ശിഷ്യന്മാർ പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരുന്നു ഇസ്രയേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കുമെന്നു അവരോട് പറഞ്ഞിരുന്നു (മത്തായി 19:28; ലൂക്ക 22:28-30). ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സിംഹാസനത്തിനു വേണ്ടിയാണു അവരുടെ അമ്മ അഭ്യർത്ഥിക്കുന്നതു. അധികാര കസേര മോഹമാണ് ഈ അഭ്യർത്ഥനയുടെ പിന്നിലെന്ന് വ്യാഖ്യാതാക്കൾ കരുതുന്നു. പന്ത്രണ്ട് പേരുടെ കൂട്ടത്തിലായിരിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാർക്കുണ്ടായിരുന്ന സ്വകാര്യ പദ്ധതി അവരുടെ ഇടയിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട് . ഈ രണ്ടു സഹോദരന്മാരും അമ്മയും യേശു സ്ഥാപിച്ച ദൈവരാജ്യത്തിന്റെ സ്വഭാവം മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതു എന്ന് വ്യക്തം. തന്റെ മറുപടിയിൽ ആദ്യമായി ഈശോ അവരുടെ അജ്ഞത മനസ്സിലാക്കി കൊടുക്കുകയാണ്. യേശുവിന്റെ രാജ്യത്തിന്റെ മഹത്വം പങ്കിടേണ്ടതിനു അവർ കൊടുക്കേണ്ട വില എന്താണെന്നും എത്രവലുതാണെന്നും മനസ്സിലാക്കാതെയാണ് യേശു കുടിക്കേണ്ട പാനപാത്രം കുടിക്കാൻ അവർക്ക് പറ്റുമെന്നു അവർ പറയുന്നത്. ആ കാസാ ഈശോയുടെ സഹനത്തിന്റെയും മരണത്തിന്റെയും പ്രതീകമാണെന്ന് അവർ മനസ്സിലാക്കിയിരുന്നില്ല ( 📖മത്തായി 26:39). എന്നാൽ, അവരുടെ നിഷ്കളങ്കത കൊണ്ടാണ് ചോദിച്ചതെന്നു മനസ്സിലാക്കുന്ന ഈശോ, അവരെ കുറ്റപ്പെടുത്തുന്നില്ല. പിന്നീട് പലപ്പോഴും അവരെ കൂടുതൽ ചേർത്ത് പിടിക്കുകയെ ചെയ്തിട്ടൊള്ളു. തന്റെ ഭാഗധേയത്തിൽ അവർ പങ്കുപറ്റുമെന്നു ഈശോ മുൻകൂട്ടി അവരെ അറിയിക്കുകയും ചെയ്തു( 📖 മത്തായി 20:23).
തങ്ങളുടെ അമ്മയിലൂടെ സെബദിപുത്രന്മാർ സമർപ്പിച്ച നിവേദനം പാടെ നിരസിക്കുകയാണ് ഈശോ.
യേശു, പിതാവിനാൽ അയക്കപെട്ടവനാണ്. അതിനാൽ അവിടത്തെ ഇടത്തും വലത്തും ഇരിക്കേണ്ടവർ ആരാണെന്നും പിതാവ് തന്നെ നിശ്ചയിക്കും. ഓരോരുത്തർക്കും പിതാവായ ദൈവം ഒരു സ്ഥലവും സ്ഥാനവും ഒരുക്കിയിട്ടുണ്ട്. യോഗ്യതയാണ് സ്വാധീനമല്ല സ്വർഗത്തിൽ ഇടം നേടി കൊടുക്കുന്നതെന്ന സന്ദേശവും ഈശോ ഇവിടെ കൂട്ടിച്ചേർക്കുന്നു. 🥰
യാക്കോബും യോഹന്നാനും അവരുടെ സ്വാർത്ഥപരമായ ആഗ്രഹം വ്യക്തമാക്കിയപ്പോൾ മറ്റു ശിഷ്യന്മാർ പ്രതികരിച്ചു. അജ്ഞതയിലും തെറ്റിദ്ധാരണയിലും മാനുഷിക ബാഹലഹീനതകളിലും മുഴുകിയിരുന്ന ശിഷ്യന്മാരെ തിരുത്തുവാനും പഠിപ്പിക്കുവാനും ഈശോ ഈ അവസരം പ്രയോജനപ്പെടുത്തി ശിഷ്യരുടെ ഇടയിൽ നിന്ന് ദൈവാരാജ്യത്തിനു അനുയോജ്യമല്ലാത്ത അഭിലാഷങ്ങൾ ദുരീകരിച്ചു. സ്വാർത്ഥതയല്ല സേവനമാണ് ലക്ഷ്യമെന്ന് ഈശോ അവരെ പഠിപ്പിച്ചു. അധികാരങ്ങൾ, അടിച്ചേല്പിക്കുവാനുള്ളവയല്ല മറിച് ശുശ്രുഷിക്കുവാനുള്ളതാണെന്നുള്ള വലിയ പാഠം ശിഷ്യരെ അവിടെന്നു ഓർമിപ്പിച്ചു. 😊 ശിഷ്യന്മാർക്കു മാതൃക ഈശോ തന്നെയാണ് കാരണം അവുടുന്നു സേവിക്കപ്പെടാനല്ല പ്രത്യുത സേവിക്കുവാനും തന്റെ ജീവൻ അനേകർക്ക് മോചനദ്രവ്യമായി സമർപ്പിക്കുവാനുമാണ് വന്നിരിക്കുന്നത്( മത്തായി 20:28). ഈശോ തന്റെ ജീവൻ മോചനദ്രവ്യമായി അർപ്പിക്കുന്നത് വഴി മനുഷ്യകുലം ദൈവത്തിന്റെ അപ്രീതിയിൽ നിന്ന് വിമുക്തരാക്കപ്പെടുകയും പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽ നിന്നും മോചിതരാക്കപ്പെടുകയും ചെയ്യുന്നു.
നമുക്ക് വിചിന്തനം ചെയ്യാം, സ്വർഗ്ഗരാജ്യത്തിനു വേണ്ടി സേവനം ചെയ്യേണ്ടവരാണ് നാം ഓരോരുത്തരും. എന്നാൽ നമ്മുടെ സ്വാർത്ഥമോഹങ്ങളും ആഗ്രഹണങ്ങളുമാണോ നമ്മെ മുന്നോട്ട് നയിക്കുന്നത്? അഹങ്കാരവും അധികാര മോഹവും എല്ലാത്തിനെയും അടക്കി ഭരിക്കണമെന്നുമുള്ള ചിന്ത നമ്മിലുണ്ടോ? . നമ്മുടെ കുറവുകളും ചിന്തകളും മനസ്സിലാകുന്ന ഈശോ നമ്മെ ചേർത്ത് പിടിച്ചു സ്നേഹത്തോടെ കൊണ്ടുനടക്കുന്നവനാണ്.😊 സ്വാർത്ഥതയും അധികാരമോഹങ്ങളും വെടിഞ്ഞു ഈശോക്ക് വേണ്ടി സ്വർഗത്തിന് വേണ്ടി പണിയെടുക്കുന്ന നന്മ നിറഞ്ഞ ശുശ്രുഷകരാകാൻ നമുക്ക് പരിശ്രെമിക്കാം, പ്രാർത്ഥിക്കാം.
നല്ലൊരു ധ്യാനം നേരുന്നു, ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻
Bro Abin Kodiyan
Eparchy of Iringalakuda