ഈശോമിശിഹായിൽ സ്നേഹംനിറഞ്ഞവരെ, 🙏🙏🙏
നാളത്തെ ധ്യാന വിചിന്തനത്തിനായി തിരുസഭ മാതാവ് നൽകിയിരിക്കുന്ന വചനഭാഗം വിശുദ്ധ ലൂക്കായുടെ സുവിശേഷം12:4-12 വരെയുള്ള വാക്യങ്ങൾ ആണ്. ഫരിസേയന്റെ ഭവനത്തിൽ വച്ച് യേശു നടത്തുന്ന അധ്യാപനവും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഈ അധ്യായത്തിലെ ഇതിവൃത്തം. കാപട്യത്തിന് എതിരെ താക്കീത് കൊടുക്കുന്നതോടൊപ്പം ദൈവത്തെ മാത്രം ഭയപ്പെട്ടാൽ മതിയെന്ന് ഉപദേശിക്കുകയും, ഈശോയ്ക്ക് സാക്ഷികളാകാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ആണ് ഇവിടെ ചെയ്യുന്നത്.
ഫരിസേയരുടെ കാപട്യത്തിന് എതിരെ താക്കീത് നൽകിക്കൊണ്ടാണ് ഈ അദ്ധ്യായത്തിലെ വചനഭാഗം ആരംഭിക്കുന്നത്. ക്രൈസ്തവർ ആരെ ഭയപ്പെടണം എന്നും ആരെ ഭയപ്പെടരുത് എന്നും ഈ അധ്യായത്തിൽ വ്യക്തമാക്കുന്നുണ്ട്.(12:4-7) ഒപ്പം ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് അടുത്ത വചനഭാഗം(12:8-12). നമ്മുടെ ജീവിതത്തിൽ ശരീരത്തെ കൊല്ലാൻ കഴിയുന്നവർ എങ്കിലും ആത്മാവിനെ നശിപ്പിക്കാൻ കഴിയാത്ത മതപീഡകരേ ഭയപ്പെടേണ്ടതില്ല എന്ന് ഈശോ പഠിപ്പിക്കുന്നു. എന്നാൽ വിശ്വാസത്യാഗം വഴി ദൈവത്തിൽ നിന്ന് ഉണ്ടാകുന്ന ശിക്ഷയാണ് നമ്മൾ യഥാർത്ഥത്തിൽ ഭയപ്പെടേണ്ടത് എന്നുമാണ് ഇവിടെ ഈശോ പ്രഖ്യാപിക്കുന്നത്.
ചെറിയ കാര്യങ്ങളിൽ പോലും ഉള്ള ദൈവത്തിന്റെ ശ്രദ്ധയോടെയും കരുതലിന്റെയും രണ്ട് ഉദാഹരണങ്ങളാണ് 6, 7 വാക്യങ്ങളിൽ നാം വായിക്കുന്നത്. അപ്രധാനങ്ങൾ എന്ന് നാം കരുതുന്ന കുരുവികൾ പോലും ദൈവത്തിന്റെ ശ്രദ്ധയിൽപ്പെടുന്നവയാണ്. അതുപോലെ തന്നെ ഓരോ മനുഷ്യന്റെയും തലയിലെ മുഴുവൻ തലമുടിയും ദൈവത്തിന് അറിവുള്ളതാകുന്നു ആയാൽ നാം ഭയപ്പെടേണ്ടതില്ല എന്ന ഉറപ്പു നൽകുന്നു. ഇത്രയും അപ്രധാനമായ ഒരു കാര്യം പോലും ദൈവത്തിന്റെ അറിവിൽ പെടുന്നതാണ്, അതിനാൽ ഭയാശങ്കകൾ വെടിഞ്ഞ് ദൈവത്തിന്റെ സംരക്ഷണയിലും പരിപാലനയിലും വിശ്വസിച്ച് മനുഷ്യർ തങ്ങളുടെ ജീവിതം മുന്നോട്ടു നയിക്കാൻ അനുദിനം ശ്രമിക്കണമെന്ന ഓർമ്മപ്പെടുത്തൽ ഈ വചനഭാഗം നമുക്ക് നൽകുന്നു. മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റുപറയുന്ന എല്ലാവരെയും ദൈവത്തിന്റെ ദൂതന്മാരുടെ മുൻപിൽ മനുഷ്യപുത്രനും ഏറ്റുപറയും എന്ന്(12.8)ൽ ലൂക്ക അവതരിപ്പിക്കുമ്പോൾ പിതാവിന്റെ മുൻപിൽ ഏറ്റുപറയും എന്ന് മത്തായി(10:32) അവതരിപ്പിക്കുന്നത്. ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്ന വർക്ക് പരസ്പരപൂരകമായി ഈശോയും സ്വർഗ്ഗത്തിൽ അവർക്ക് സാക്ഷ്യം നൽകും എന്നാണ് ഇവിടെ പ്രസ്താവിക്കുന്നത്. (12:8)ൽ ഈശോയെ സാക്ഷ്യപ്പെടുത്തുന്ന വർക്ക് സ്വർഗ്ഗീയ സമ്മാനം വാഗ്ദാനം ചെയ്യുന്നതുപോലെ 12:9ൽ ഈശോയെ തള്ളിപ്പറയുന്ന വർക്ക് സ്വർഗ്ഗത്തിലും അതിനനുസൃതമായ പ്രതിഫലം ആയിരിക്കും ലഭിക്കുക എന്നും പ്രഖ്യാപിക്കുന്നുണ്ട്. 12.9ലെ പ്രസ്താവന 2തിമോ 2.12 ൽ ആവർത്തിക്കപ്പെടുന്നുമുണ്ട്. തുടർന്ന് നാം വായിക്കുന്നു എന്നാൽ പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവരോട് ക്ഷമിക്കുകയില്ല. ഒരു സാധാരണ മനുഷ്യനെ പോലെ കാണപ്പെടുന്ന ഈശോയെ തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യാത്തവർക്ക് പാപമോചനം സാധ്യമാണ്, എന്നാൽ പരിശുദ്ധാത്മാവിനെ പ്രവർത്തികൾ കാണുകയും അവയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത ശേഷം അത് അംഗീകരിക്കാതെയും അതിനെ ദുഷിച്ച പറയുകയും ചെയ്യുന്നവർക്ക് പാപമോചനം സാധ്യമല്ല എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. കാരണം സത്യാത്മാവ് ആണ് നമ്മെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കുന്നത്.
➡️നമുക്ക് ചിന്തിക്കാം, എനിക്ക് നൽകപ്പെട്ട പരിശുദ്ധാത്മാവിന്റെ ചൈതന്യം ഞാൻ നഷ്ടപ്പെട്ടിട്ടുണ്ടോ?
➡️അനുദിന ജീവിതത്തിലെ വെല്ലുവിളികള്ലും പ്രയാസങ്ങളിലും പരിശുദ്ധാത്മാവിനെ സംരക്ഷണം എനിക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ടോ?
➡️എനിക്ക് നൽകപ്പെട്ട ക്രിസ്തീയ വിശ്വാസത്തെ ഏറ്റുപറയാതെയും വിലമതിക്കാതെയും എതിർ സാക്ഷ്യം നൽകുന്നവരായി മാറിയിട്ടുണ്ടോ?
ലൂക്കായുടെ സുവിശേഷം12:4-12 നമ്മോട് ആഹ്വാനം ചെയ്യുന്നത് പ്രതികൂല സാഹചര്യങ്ങളിലും ഭയം കൂടാതെ ഈശോയ്ക്ക് സാക്ഷ്യം നൽകുന്നക എന്നതാണ്. പൗരോഹിത്യ ജീവിതത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന നമുക്കും പലതരത്തിലുള്ള പീഡനങ്ങളും എതിർപ്പുകളും നേരിടേണ്ടി വരുമ്പോൾ എല്ലാമറിയുന്ന ഈശോയെ രക്ഷകനായി സ്വീകരിച്ച് പരിശുദ്ധാത്മാവിൽ നിറഞ്ഞ ഭയം കൂടാതെ അവിടുത്തേക്ക് സാക്ഷ്യം വഹിക്കുന്ന അവരായി തീരാൻ നമുക്ക് പരിശ്രമിക്കാം. അതിനായി ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.
ആമേൻ🙏🙏🙏
Bro. Joseph Kattel
Archeparchy of Kottayam
Tags:
വചന വിചിന്തനം