○
🧚♂️🧚♂️🧚♂️🔥✝️🔥🧚♂️🧚♂️🧚♂️
ഈശോ മിശിഹായിൽ സ്നേഹം നിറഞ്ഞ സഹോദരന്മാരെ ,
വിശുദ്ധ മത്തായിയുടെ സുവിശേഷം 12-ാം അദ്ധ്യായം 38 മുതൽ 42 വെരെയുള്ള വചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം
സഭാമാതാവ് ധ്യാനവിചിന്തനത്തിനായി നൽകുന്ന വചനഭാഗം സുവിശേഷത്തിലെ യോനാ പ്രവാചകന്റ അടയാളമാണ്. ഇവിടെ നമുക്ക് കാണാൻ സാധിക്കും ബെൽസെബൂലിന്റെ സഹായംകൊണ്ടാണ് ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് ആരോപിച്ച് നിയമജ്ഞരും ഫരിസേയരും യേശുവിൽ നിന്ന് കൂടുതൽ വിശ്വാസയോഗ്യമായ ആയ ഒരു അത്ഭുതം ആവശ്യപ്പെടുന്നു. അതിന് യേശു അവർക്കു നൽകുന്നത് യോനായുടെ അടയാളം ആണ് . ഈ അടയാളത്തിൽ രണ്ട് കാര്യങ്ങൾ വ്യക്തമാക്കാൻ ഈശോ ഉദ്ദേശിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ഒന്നാമതായി മൂന്നാം ദിവസത്തെ ഉയർത്തെഴുന്നേൽപ്പ്. മൂന്നുദിവസം യോന മത്സ്യത്തിൽ കഴിഞ്ഞ ശേഷം വിമോചിക്കപ്പെട്ടു. അതുപോലെ മനുഷ്യപുത്രൻ ഭൂമിക്കുള്ളിൽ, പാതാളത്തിൽ മരിച്ചവരുടെ ഇടയിൽ ആയിരിക്കുകയും മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുകയും ചെയ്യും. എന്നാൽ ഈ അടയാളം യേശുവിന്റെ ഉയിർപ്പിന്ശേഷം വിശ്വസിക്കുന്നവർക്ക് മാത്രം അനുഭവവേദ്യമാകുന്ന ഒന്നാണ്.
രണ്ടാമതായി യോനായുടെയും യേശുവിനെയും പ്രസംഗത്തോട് ജനം കാണിച്ച് പ്രതികരണം താരതമ്യം ചെയ്യുന്നു. നിനവേ നിവാസികൾ മാനസാന്തരപ്പെട്ട് തങ്ങളുടെ ദുഷ്ടതയിൽ നിന്ന് അവർ പിന്തിരിഞ്ഞു. ഇത് കണ്ട് ദൈവം മനസ്സു മാറ്റി. അവരുടെ മേൽ അയക്കും എന്ന് പറഞ്ഞ തിന്മ അയച്ചില്ല. അവർ യോനയുടെ വാക്കുകൾ വിശ്വസിക്കുവാൻ അടയാളങ്ങളൊന്നും ആവശ്യപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ യോനായെക്കാൾ വലിയവനായ യേശു അവരോട് സംസാരിച്ചിട്ടും അവർ മനസ്സു തിരിഞ്ഞില്ല. അവർ അടയാളങ്ങൾ ആവശ്യപ്പെട്ടു. മനുഷ്യപുത്രൻ എന്ന പ്രയോഗം യഹൂദർക്ക് പരിചയം ഉള്ളതാണ്. ഡാനിയേൽ പ്രവാചകന്റെ പുസ്തകം ഏഴാം അധ്യായത്തിലെ മഹത്വം, പൂർണമായി വരാനിരിക്കുന്ന മനുഷ്യപുത്രൻ തന്നെയാണ്. അതുകൊണ്ട് ഈ വിധത്തിൽ ഈ തലമുറ മനുഷ്യപുത്രനെ മുൻപിൽ വിധിയെ നേരിടുന്ന സൂചന നൽകുന്നുണ്ട്. അന്ന് മാനസാന്തരപ്പെട്ട നിവാസികളും രാജ്യവും അവർക്കെതിരെ സാക്ഷ്യം നൽകും . കാരണം താങ്കളുടെ തന്നെ പദ്ധതിയിൽ നിർബന്ധബുദ്ധിയോടെ അവർ ഉറച്ചുനിന്നു. മത്തായി 11: 20-24 ഇതിനു സമാനമായ ഒരു രംഗമുണ്ട്. അവിടെ കുറ്റം വിധിക്കപ്പെടുന്നത് ബതസയ്ദാ കൊറാസിം കഫർണാം എന്നീ നഗരങ്ങളാണ് യേശു പ്രവർത്തിച്ച അടയാളങ്ങൾ കണ്ടിട്ടും മാനസാന്തരപ്പെടാത്തതിനാലാണ് അവർക്കെതിരെ വിധി ഉണ്ടാകുന്നത്. നിയമജ്ഞരുടെയും ഫരിസേയരുടെയും അവസ്ഥ ഇതിൽനിന്നും ഒട്ടും മെച്ചമല്ല. മാനസാന്തരത്തിനുള്ള അവസരങ്ങൾ എല്ലാം അവർ തിരസ്കരിച്ചു.
ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിലും നിയമജ്ഞരെപോലെയും ഫരിസേയരെപോലെയും നമ്മളുംഈശോയുടെ അടയാളങ്ങൾ അന്വേഷിക്കാറുണ്ട്. പക്ഷേ യേശു നമ്മോടു ആവശ്യപ്പെടുന്നത് അടിയുറച്ച വിശ്വാസമാണ്. ദൈവം നമ്മെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. അതിനാൽ തന്നെ നമുക്ക് അവനിൽ ആശ്രയിക്കുവാൻ കഴിയണം. ഈശോയോട് നമ്മൾ അടയാളങ്ങൾ ആവശ്യപ്പെടുമ്പോൾ യേശു നമ്മളോട് പറയുന്ന മറുപടി സുവിശേഷത്തിൽ ഉള്ളതുപോലെ തന്നെ ആയിരിക്കാം. ദൈവത്തിലുള്ള വിശ്വാസത്തിന് പകരമായി ദൈവത്തിൽനിന്ന് തെളിവ് ആവശ്യപ്പെടുന്ന ആളുകൾക്ക് വിശ്വാസത്തിന്റെ സ്വഭാവം മനസ്സിലാകുന്നില്ല. അവർ ഒരിക്കലും തൃപ്തരാകുന്നില്ല.
അനുദിന ജീവിതത്തിൽ ദൈവം നൽകുന്ന അടയാളങ്ങൾ തിരിച്ചറിഞ്ഞ് വിവേകത്തോടെ ജീവിക്കുവാനാണ് സുവിശേഷം ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത്. പലരുടെയും വിശ്വാസം നഷ്ടപ്പെട്ടു പോകുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ദൈവം നൽകുന്ന അടയാളങ്ങൾ തിരിച്ചറിഞ്ഞ് നിനവേ നിവാസികൾ മാനസാന്തരപ്പെട്ട് ദൈവത്തിൽ വിശ്വസിച്ചതുപോലെ അടിയുറച്ച വിശ്വാസത്തിൽ ജീവിച്ച് മറ്റുള്ളവരെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും അവരുടെ ജീവിതത്തിൽ വിശ്വാസം ഉണ്ടാക്കുവാൻ വേണ്ടി നമുക്ക് നന്നായി ജീവിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.
*നമുക്ക്* *ചിന്തിക്കാം* ,
1. ഞാനും നിയമജ്ഞരെ പോലെ മനസ്സിൽ ഈശോയോട് അടയാളങ്ങൾ ആവശ്യപ്പെടാറുണ്ടോ?
2. ഈശോയെ എന്റെ വാക്കുകൊണ്ടോ പ്രവർത്തികൾ കൊണ്ടൊ ഞാൻ ജീവിതത്തിൽ പരീക്ഷിച്ചിട്ടുണ്ടോ?
3. അനുദിന ജീവിതത്തിൽ ദൈവം നമുക്ക് നൽകുന്ന അടയാളം കണ്ടു നിനവേ നിവാസികൾ മാനസാന്തരപ്പെട്ടതുപോലെ എന്റെ ജീവിതത്തിൽ മാനസാന്തരപ്പെടാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടോ ?
4. ഈ പ്രത്യേക സാഹചര്യത്തിൽ വിശ്വാസത്തിൽ നിന്നും അനുദിന പ്രാർത്ഥന ജീവിതത്തിൽ നിന്നും ഞാൻ അകന്നുപോകുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ?
5. നമ്മുടെ പ്രവർത്തികൾ കൊണ്ടോ വാക്കുകൾ കൊണ്ടോ മറ്റുള്ളവരുടെ വിശ്വാസത്തിന് ഇടർച്ചയ്ക്ക് കാരണമായിട്ടുണ്ടോ
ഈ ശ്ലീഹാ കാലത്തിൽ നമുക്ക് പ്രത്യേകം പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം വിശ്വാസത്തിൽ നിന്ന് അകന്നു പോകാതെ ഉറച്ച വിശ്വാസത്തിൽ തന്നെ മുന്നോട്ടു പോകുവാനും അനുദിന ജീവിതത്തിലെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് വിവേകത്തോടെ കാര്യങ്ങൾ ചെയ്യുവാനും മാനസാന്തരപ്പെട്ട് ജീവിക്കുവാനും മറ്റുള്ളവരെ മാനസാന്തരത്തിലേക്ക് ക്ഷണിക്കുവാനും വേണ്ട കൃപ നൽകി അനുഗ്രഹിക്കണമെന്ന്.
പരിശുദ്ധാത്മാവേ നീ ഞങ്ങളിൽ വന്നു നിറയണമേ
ആമേൻ
🙏🙏🙏🙏
Bro John Thonnammackal
Good Shepherd Major Seminary
Kunnoth