ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
ദേവാലയം ശുദ്ധീകരിക്കുന്ന ഈശോയെയാണ്
വി. യോഹന്നാൻ 2:13-25 വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷം അനുസരിച്ച് ഈശോ തൻറെ പരസ്യജീവിതകാലത്ത് പലതവണ ജെറുസലേമിൽ പോയിട്ടുണ്ട്. അതിൽ ആദ്യത്തേതാണ് 2:13 പറയുന്ന ജെറുസലേം യാത്ര. യഹൂദരെ അന്യരായി കണ്ടുകൊണ്ടും അവരോടുള്ള എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടുമാണ് ഈ വാക്യത്തിൽ 'യഹൂദരുടെ പെസഹാ അടുത്തിരുന്നു'എന്നു പറയുന്നത്. യോഹന്നാൻറെ സുവിശേഷത്തിൽ മാത്രമേ കാള, ആട് എന്നിവ വിൽക്കുന്ന കാര്യം പറയുന്നുള്ളൂ. ബലിയർപ്പണത്തിനു വരുന്നവരെ ആകർഷിക്കാനായി പ്രവേശന കവാടങ്ങൾ മുതൽ ദേവാലയം മന്ദിരത്തിനടുത്തുവരെ ബലിമൃഗങ്ങളും ബലി വസ്തുക്കളും വിറ്റിരുന്നു. അകലെ നിന്നുവരുന്ന ഭക്ത ജനങ്ങൾക്ക് ആടുമാടുകളെ കൂടെ കൊണ്ടുവന്ന് ദേവാലയത്തിൽ ബലിയർപ്പണത്തിനായി നൽകുവാൻ കഴിയുമായിരുന്നില്ല. അതിനാൽ ഭക്ത ജനങ്ങളെ സഹായിക്കാൻ എന്നവണ്ണമായിരിക്കാം ഇങ്ങനെയുള്ള കച്ചവടം ദേവാലയങ്കണത്തിൽ തന്നെ ആരംഭിക്കാൻ ഇടയായത്. യഹൂദരുടെ നിയമപ്രകാരം വിജാതിയ രാജ്യക്കാരുടെ നാണയങ്ങൾ ദേവാലയ ഭണ്ഡാരത്തിൽ ഇടാൻ പാടില്ലായിരുന്നു. ഷെക്കൽ എന്നറിയപ്പെട്ടിരുന്ന നാണയങ്ങൾ മാത്രമായിരുന്നു ദേവാലയത്തിലെ നേർച്ചപ്പെട്ടിയിൽ സമർപ്പിക്കുമായിരുന്നത്. തീർത്ഥാടനത്തിരുനാളു കളിൽ ലോകത്തിൻറെ നാനാഭാഗത്തുനിന്നും വരുന്ന തീർഥാടകരെ സഹായിക്കാനായിരുന്നു നാണയ മാറ്റക്കാർ ദേവാലയം മന്ദിരത്തിനടുത്തുതന്നെ നിലയുറപ്പിച്ചിരുന്നത്. നാണയമാറ്റക്കാരുടെ മേശകൾ ഈശോ തട്ടി മറിച്ചിട്ടുവെന്ന് മൂന്നു സുവിശേഷകരും പറയുന്നുണ്ടെങ്കിലും അത് എന്തിനുവേണ്ടിയായിരുന്നുവെന്ന് അവരാരും പറയുന്നില്ല. യോഹന്നാൻറെ സുവിശേഷത്തിലെ 2:16 വാക്യങ്ങൾ പ്രാവുകളെ വില്ക്കുന്നവരോട് ഈശോ പറയുന്നതാണ്. അങ്ങനെയൊരു നിർദേശം സമാന്തര സുവിശേഷങ്ങളിലില്ല. ചന്തയിൽ വാങ്ങിക്കേണ്ട സാധനങ്ങളെല്ലാം ബലിയർപ്പണത്തിൻറെ പേരിൽ ദേവാലയ മന്ദിരത്തിനടുത്തുതന്നെ ലഭ്യമായിരുന്നു. തുടർന്നുവരുന്ന വാക്യങ്ങളിൽ ഈശോയുടെ അധികാരത്തെ യഹൂദർ ചോദ്യം ചെയ്യുന്നുണ്ട്. ഒപ്പം അവിടുത്തെ അധികാരത്തിനുള്ള തെളിവും അടയാളവുമാണ് ആവശ്യപ്പെടുന്നത്. ഈശോ നൽകുന്ന അധികാര അടയാളം അവിടുത്തെ പുനരുദ്ധാനമാണ്. തന്നിൽ വിശ്വസിക്കുന്നവർ അവരുടെ വിശ്വാസത്തിൽ നിലനില്ക്കുകയില്ലെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. യഹൂദപുരോഹിതരോടും പ്രമാണിമാരോടും ചേർന്ന് ഇവരിൽ പലരും തനിക്കെതിരെപോലും പിന്നീട് തിരിയുമെന്ന് ഈശോ മനസ്സിലാക്കിയിരുന്നു എന്നായിരിക്കാം സുവിശേഷകൻ ഇവിടെ അർത്ഥമാക്കുന്നത്.
വീട് കച്ചവട സ്ഥലം ആകരുത് എന്നാണ് ഈശോയുടെ നിർദ്ദേശം. കാരണം വീടിൻറെയും ചന്തയുടെയും സ്വഭാവരീതി വ്യത്യാസമാണ്. കച്ചവട സ്ഥലത്തെ ചിന്ത എങ്ങനെ ലാഭം ഉണ്ടാക്കാം എന്നതാണ്. എന്നാൽ വീട്ടിലെ രീതി നേരെ വിപരീതമാണ്. എൻറെ സഹോദരന് എത്രമാത്രം കൊടുക്കാൻ ആവും എന്നതാണ് വീട്ടിലെ പ്രധാന ചിന്ത. ചുരുക്കത്തിൽ നഷ്ടം സഹിച്ച് കൊടുക്കുന്നതാണ് വീട്ടിലെ രീതി എങ്കിൽ ലാഭം നേടി കൂടുതൽ സ്വന്തമാക്കുന്നതാണ് കച്ചവടത്തിലെ രീതി. വീട്ടിലും ബന്ധങ്ങളിലും കച്ചവട മനോഭാവം കടന്നു കൂടാതിരിക്കാൻ നാം ശ്രദ്ധിക്കണം. നമ്മുടെ സ്നേഹ ബന്ധങ്ങളിലും സൗഹൃദവലയങ്ങളിലും എത്രമാത്രം കൊടുക്കാനാവും എന്നതാണ് നാം ചിന്തിക്കേണ്ടത്. ഈ കൊറോണ കാലഘട്ടത്തിൽ നാം ഭവനങ്ങളിൽ ആയിരിക്കുകയാണ് എത്രമാത്രം വിട്ടുവീഴ്ചയ്ക്കും എളിമപ്പെടലിനും തയ്യാറായിട്ടുണ്ട്. അതോ നമ്മുടെ ഉള്ളിൽ ലാഭനഷ്ടക്കണക്കുകൾ ആണോ ഉള്ളത്.
നമ്മുടെ ആത്മീയ ജീവിതത്തിൽ കടന്നുകൂടിയിട്ടുള്ള പോരായ്മകളെ കണ്ടറിഞ്ഞ് അവയെ പുറത്താക്കാൻ ശ്രദ്ധിക്കാറുണ്ടോ? നമ്മുടെ പ്രാർത്ഥന ജീവിതത്തിലും കച്ചവട രീതികൾ കണ്ടാൽ അവയെ തിരിച്ചറിഞ്ഞു എതിർക്കുവാൻ ഉള്ള ആർജ്ജവം നമുക്കുണ്ടാവണം. പതിനെട്ടാം വാക്യത്തിൽ ഈശോയുടെ അധികാരത്തെ യഹൂദർ ചോദ്യം ചെയ്യുന്നുണ്ട്. അതിന് ഈശോ നൽകുന്ന അടയാളം അവൻറെ കുരിശുമരണ ഉത്ഥാനമാണ്. നമുക്കും ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ആഴപ്പെടാം. ആത്മ ദാനത്തിൻറെ കൊടുമുടിയാണ് ഈശോയുടെ കുരിശിലെ മരണം. ക്രിസ്തുവിനെ പോലെ പൂർണ്ണമായി വിട്ടുകൊടുക്കാൻ സാധിക്കുമ്പോഴാണ് നാം അവിടുത്തെ യഥാർത്ഥ ശിഷ്യനായി തീരുക.
പ്രാർത്ഥിക്കാം
കർത്താവേ ഞങ്ങളുടെ അശുദ്ധിയെല്ലാം അവിടുന്ന് തുടച്ചു മാറ്റണമെ.
ആമ്മേൻ🙏🙏🙏
Bro. kallarackal james (jino)
Good Shepherd Major Seminary kunnoth
Tags:
വചന വിചിന്തനം