ധ്യാന വിചിന്തനം :Lk:6:27-36
മിശിഹായിൽ ഏറെ സ്നേഹിക്കപെടുന്നവരെ, തിന്മയെ നന്മകൊണ്ട് ജയിക്കുവാൻ ആഹ്വാനം ചെയ്യുന്ന ലൂക്കയുടെ സുവിശേഷം 6:27-36എന്ന ഭാഗമാണ് നാം ഇന്ന് ധ്യാനവിചിന്തനത്തിന് ഉപയോഗിക്കുന്നത്. ഇതുമായി ചേർന്നുപോകുന്ന ചെറിയ ചില ചിന്തകൾ നൽകാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടുമുതൽ "സുവർണനിയമം "എന്ന് അറിയപ്പെടുന്ന ലൂക്ക 6:31ഇന്നത്തെ വചനഭാഗത്തിന്റെ പ്രധാന ഭാഗമാണ്. ഈ സുവർണനിയമത്തിന്റെ വിശദികരണമാണ് വചനഭാഗത്തു ഉടനീളം കാണുന്നത്.ലൂക്ക 6:36 ലെ "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ നിങ്ങളും കരുണ ഉള്ളവരാകുവിൻ "എന്ന ഉപദേശം കർത്താവിന്റെ ജനമായ ഇസ്രായേലിനു നൽകിയ "പരിശുദ്ധരായിരിക്കുവിൻ "(ലേവ്യർ 19:2)എന്ന ഉടമ്പടികല്പനയെ അനുസ്മരിപ്പിക്കുന്നു. യേശു ശിഷ്യർക്ക് നൽകിയ കല്പനയാണ് കരുണയുള്ളവരാകുവിൻ എന്നത്. ഇത് ശിഷ്യർക്ക് ഐച്ഛികമായി ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാവുന്ന നിർദേശം അല്ല.മറിച്ചു ഇത് കല്പനയാണ്. സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നത് ലോകത്തിന്റെ നിയമം ആണ്. സ്നേഹം എന്നതിന്" അഗാപെയ്ൻ"എന്ന ഗ്രീക്ക് പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ദിവ്യ സ്നേഹം, ദൈവികതയുടെ സ്നേഹം എന്നിങ്ങനെ ഇതിനെ മനസിലാക്കാവുന്നതാണ്. 27മുതൽ 36വരെയുള്ള വാക്യങ്ങളിൽ കാണുന്ന ദ്രോഹം, ശാപം, അക്രമം, കവർച്ച എന്നി നാല് ദുരിതങ്ങൾക്കു സമാന്തരമായി സ്നേഹിക്കുക, നൻമ്മ ചെയ്യുക, അനുഗ്രഹിക്കുക, പ്രാർത്ഥിക്കുക എന്നിങ്ങനെ നാല് പ്രവർത്തികൾ ശത്രു സ്നേഹത്തിന്റെ പ്രകാശന കർമ്മങ്ങളായി യേശു നിർദേശിക്കുന്നു.
ഇന്നത്തെ വചനഭാഗത്തു കുറെ നിയമങ്ങൾ കാണുന്നു എന്ന് നമുക്ക് തോന്നാം. ക്രിസ്തുമതത്തെക്കുറിച്ച് പൊതുവേയുള്ള ഒരു തെറ്റിദ്ധാരണ അത് മനുഷ്യരെ സന്മാർഗത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന കുറെ ഉപദേശങ്ങളുടെയും നിയമങ്ങളുടെയും ഒരു സംസ്ഥാപനം ആണെന്നാണ്. പുറമേനിന്നു നോക്കുന്പോൾ ദൈവകൽപ്പനകളും മറ്റ് ക്രിസ്തീയ അചാരാനുഷ്ഠാനങ്ങളും ഈ തെറ്റിധാരണയെ പിന്താങ്ങുന്നതായും തോന്നാം. എന്നാൽ, ക്രിസ്തീയവിശ്വാസത്തിന്റെ അന്തസത്ത തത്ത്വസംഹിതകളോ നിയമാനുഷ്ഠാനമോ ഒന്നുമല്ല.അത് സ്നേഹം തന്നെയായ ഈശോയാണ്. അതിനാലാണ് വിശുദ്ധ യോഹന്നാൻ "ദൈവം സ്നേഹമാണ് "എന്ന് പഠിപ്പിക്കുന്നത്.ഇന്ന് വചനഭാഗത്തിൽ ദൈവ സ്നേഹത്തെകുറിച്ചു ഈശോ നമ്മെ പഠിപ്പിക്കുകയാണ്. ആ സ്നേഹം ശത്രുവിനെ പോലും ഉൾക്കൊള്ളുന്ന സ്നേഹമാണ്. ഒരു കരണത്തു അടിക്കുന്നവന് മറുകരണം കാണിച്ചുകൊടുക്കുന്ന സ്നേഹമാണ്. "സ്നേഹം "എന്ന വാക്കിന് പല അർത്ഥതലങ്ങൾ ഉണ്ട്. ഇന്ന് ഒത്തിരി തെറ്റിധാരണകൾ നൽകുന്ന വാക്കാണിത്. കാരണം പലതരം സ്നേഹം ഉണ്ടെന്ന് നമുക്കറിയാം. ഉദാ :പ്രണയം, മാതാപിതാക്കളുടെ സ്നേഹം, അദ്ധ്യാപകരുടെ സ്നേഹം... കൂട്ടുകാരുടെ സ്നേഹം അങ്ങനെ പലതരം സ്നേഹങ്ങൾ നമുക്ക് സുപരിചിതം. എന്നാൽ ക്രിസ്തു സ്നേഹം വളരെ വ്യത്യസ്തമാണ്. തിരിച്ചു കിട്ടും എന്ന് വിചാരിക്കാതെ നിസ്വാർത്ഥമായി സ്നേഹിക്കാൻ പഠിപ്പിക്കുന്ന നിഷ്കളങ്ക സ്നേഹമാണ് ഈശോയുടെതു.
.
ദൈവസ്നേഹം യേശു മാനവരാശിക്ക് പകർന്നുതരുന്നത് ദയയിലൂടെയാണ്. ഒരു ക്രിസ്തുശിഷ്യനെ മറ്റാരിൽനിന്നും വ്യതസ്തൻ ആക്കുന്നതും ആക്കേണ്ടതും ഈ ദയ തന്നെയാണ്. എന്താണ് ദയ? മറ്റുള്ളവർ അർഹിക്കുന്ന രീതിയിൽ അവരോടു പെരുമാറാതെ, ദൈവം ഇച്ഛിക്കുന്നതുപോലെ അവരോടു ഇടപഴകുന്നതിനെയാണ് ദയ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. നാമെല്ലാവരും മറ്റുള്ളവരോട് സ്നേഹത്തോടെയും കരുണയോടെയും അനുകമ്പയോടെയും പെരുമാറണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. ഇക്കാരണംകൊണ്ടുതന്നെ, നമ്മുടെ മുന്പിൽ നിൽക്കുന്ന വ്യക്തിയുടെ സ്വഭാവം നോക്കി, അല്ലെങ്കിൽ അയാൾ നമ്മോടു പെരുമാറുന്ന മാനദണ്ഠമുപയോഗിച്ചു പെരുമാറാൻ നമുക്കാവില്ല. "ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും, നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും" (മത്തായി 5:45) ചെയ്യുന്ന ദൈവത്തിന്റെ പ്രവർത്തികളെ അനുകരിക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്. എപ്പോഴും നമ്മിലെ നന്മയാണ് ദൈവം തേടുന്നത്. നാമും മറ്റുള്ളവരിലെ സദ് ഗുണങ്ങൾ സദാ അന്വേഷിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. പ്രിയപ്പെട്ടവരേ ക്രിസ്തു ശിഷ്യരായ നമ്മുടെ കടമ വളരെ വലുതാണ്. ഇശോയെപോലെ ശത്രുവിനെ സ്നേഹിക്കാൻ കഴിയുമ്പോളാണ് നാം യഥാർത്ഥ ശിഷ്യൻ ആയിത്തീരുന്നത്. മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്തം ഇവിടെ അനുസ്മരിക്കേണ്ടതാണ്. നാം നമ്മുടെ ശത്രുക്കളെയും സ്നേഹിക്കുമ്പോൾ നമ്മൾ ദൈവമക്കളായി മാറുകയല്ലേ?.
നമുക്ക് വിചിന്തനം ചെയ്യാം തന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും കഴിയാത്ത ഒരു മാനസികാവസ്ഥയിലാണോ നിങ്ങളിന്ന്? ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്നോർക്കുക. തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവരിലേക്കും ദൈവം തന്റെ ആത്മാവിനെ അയക്കുന്നുണ്ട് - നമ്മുടെ മുറിവുകളെയും ഭീതികളെയും മുൻവിധികളെയും വ്യാകുലതകളെയും ഒക്കെ തന്റെ സ്പർശനത്താൽ ഉണക്കുന്ന സൗഖ്യദായനകായ പരിശുദ്ധാത്മാവിനെ തന്നെ . വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും അവജ്ഞയുടെയും പകയുടെയും ഒക്കെ കെട്ടുകൾ പൊട്ടിച്ചെറിയാൻ യേശുക്രിസ്തുവിന്റെ കുരിശിനു കഴിയും. ആ കുരിശിനോട് നമുക്ക് നമ്മെയും ചേർത്ത് വെക്കാം. ലോകം വലിയ ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ ഈശോയുടെ സ്നേഹമായി മാറാൻ എന്നെയും അനുവദിക്കണമേ എന്ന് പ്രാർത്ഥിക്കാം.മറ്റെന്തെലാം ഉണ്ടെങ്കിലും സ്നേഹം ഇല്ലെങ്കിൽ ഞാൻ ഒന്നും അല്ല എന്ന വി. പൗലോസിന്റെ തിരിച്ചറിവ് നമുക്കും ലഭിക്കാൻ തീഷ്ണമായി ആഗ്രഹിക്കാം. എന്റെ മനസിന്റെ ശത്രുതകൾ ആത്മാവിനെ അയച്ചു സുഖപ്പെടുത്തണമേ എന്ന് നമുക്ക് സ്നേഹപിതാവിനോട് അപേക്ഷിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമേൻ
Bro. thuravackal Augustine (jesvin)
Good Shepherd Major Seminary
Kunnoth jesvinjoseph196@gmail.com