പെന്തകൂസ്ത
പെന്തകൂസ്ത എന്ന വാക്ക് ക്രിസ്ത്യാനി മനസ്സിലാകുന്നത് പരിശുദ്ധാത്മാവിന്റെ ആഗമനത്തോട് ബന്ധപ്പെടുത്തിയാണ്. എന്നാൽ ഈ പദത്തിന്റെ ശരിയായ അര്‍ത്ഥം എന്താണ്? എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് മനസിലാക്കാം.
പെന്തകൂസ്ത എന്ന വാക്ക്
പെന്തക്കോസ്തോസ് pentacostos എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഈ പദം ഉണ്ടായത്. അന്‍പതാമത്തേത് എന്നാണ് ഈ വാക്കിന്റെ അര്‍ഥം. Pentecoste എന്ന പദം അന്‍പതിൽ ഒന്ന് അതായത് രണ്ട് ശതമാനം, ഗവണ്മെന്റിന് നൽകേണ്ടിയിരുന്ന നികുതിയാണ്.
പഴയ നിയമത്തിലെ പെന്തകൂസ്തയുടെ അര്‍ത്ഥം
വയലില്‍ നിന്ന് ആദ്യ ഫലങ്ങള്‍ കൊയ്തെടുക്കുമ്പോള്‍ പുത്തരിപ്പെരുനാളും വര്‍ഷാവസാനം പ്രയത്നഫലം ശേഖരിച്ചു കഴിയുമ്പോള്‍ സംഭരണത്തിരുനാളും ആഘോഷിക്കണം. (പുറപ്പാട് 23 : 16) ഗോതമ്പുവിളയുടെ ആദ്യഫലങ്ങള്‍കൊണ്ട് നിങ്ങള്‍ വാരോത്സവം ആഘോഷിക്കണം; വര്‍ഷാവസാനം സംഭരണത്തിരുന്നാളും.
(പുറപ്പാട് 34 : 22) ഈ വചനഭാഗങ്ങളിൽ കാണുന്നത് പോലെ ഒരു കൊയ്ത്തുകലോത്സവമായാണ് പഴയനിയമത്തിൽ പെന്തകൂസ്തയുടെ ആരംഭം. ദേവാലയത്തില്‍ കൊണ്ടുവന്ന ആദ്യത്തെ കറ്റ പുരോഹിതൻ ശാബതത്തിന്റെ പിറ്റേദിവസം ദൈവത്തിന് കാഴ്ചവച്ചതിനുശേഷ൦ ഏഴു ശാബതങ്ങൾ വരത്തക്കവിധ൦ ഏഴാഴ്ചകളെണ്ണി പിറ്റേദിവസം അതായത് അൻപതാമത്തേ ദിവസമാണ് ഈ ഉത്സവം നടത്തിയിരുന്നത്. റൂത്തിന്റെ പുസ്തകത്തിൽ നിന്നായിരുന്നു ഈ തിരുനാളിൽ വായിച്ചിരുന്നത്.
എന്നാൽ AD 70 ൽ ജറുസലേ൦ ദേവാലയ൦ നശിപ്പിക്കപെട്ടു. അതോടെ കറ്റ സമർപ്പിക്കാൻ യഹൂദർക്ക് ദേവാലയ൦ ഇല്ലാതായി. അതോടെ ഈ തിരുനാളിന്റെ അര്ത്ഥത്തിന് മാറ്റം വന്നു. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്‍െറ മൂന്നാം മാസം ഒന്നാം ദിവസം ഇസ്രായേല്‍ക്കാര്‍ സീനായ് മരുഭൂമിയിലെത്തി.(പുറപ്പാട് 19 : 1.) ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്‍െറ ആദ്യമാസമായിരിക്കണം.
ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം.
അനന്തരം ഇസ്രായേല്‍ക്കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവു മോശയോടും അഹറോനോടും കല്പിച്ചതു പോലെ ജനം പ്രവര്‍ത്തിച്ചു. (പുറപ്പാട് 12 : 2-28).ഇസ്രായേൽ ഈജിപ്ത് വിട്ടത് ഒന്നാം മാസത്തിന്റെ പകുതിയില്‍ ആയിരുന്നു. അതുകൊണ്ട് പെസഹാ കഴിഞ്ഞ് അന്‍പത് ദിവസം കഴിഞ്ഞ് വരുന്ന പെന്തകൂസ്തയെ സീനായ്മലയിൽ വച്ച് മോശക്ക് പ്രമാണം ലഭിച്ചതുമായി ബന്ധപ്പെട്ട് മനസിലാക്കാൻ തുടങ്ങി.
പുതിയ നിയമത്തിലെ പെന്തകൂസ്ത
പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.
കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.
അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്ക്കുന്നതായി അവര്‍ കണ്ടു.
അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.
ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു.
ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലന്മാര് സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു.
അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?
നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ?
പാര്‍ത്തിയാക്കാരുംമേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍ നിവാസികളുംയൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും
ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും
ക്രത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്‍െറ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ.
ഇതിന്‍െറ യെല്ലാം അര്‍ഥമെന്ത് എന്ന് പരസ്പരംചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.എന്നാല്‍, മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച് അവര്‍ക്കു ലഹരിപിടിച്ചിരിക്കുകയാണ്.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 1-13). പുതിയ നിയമത്തിലെ പെന്തകൂസ്ത പരിശുദ്ധാത്മാവ് ശ്ലീഹന്മാരുടെ മേൽ തീനാവുകളുടെ രൂപത്തിൽ ഇറങ്ങിവന്ന സ൦ഭവമാണ് അനുസ്മരിക്കുന്നത്.
ആദിമ ക്രിസ്ത്യാനികളുടെ പെന്തകൂസ്ത
പീഡാനുഭവത്തിനുശേഷം നാല്പതു ദിവസത്തേക്ക് യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന് അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 3). കൂടാതെ ഇതാ, എന്‍െറ പിതാവിന്‍െറ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.
(ലൂക്കാ 24 : 49) എന്നും ഈശോ ശിഷ്യന്മാരോട് പറയുന്നുണ്ട്. ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ ആഗമനമാണ് പെന്തകൂസ്ത ദിവസം നിറവേറിയത്.
പെന്തകൂസ്തയുടെ ഫലങ്ങൾ
പെന്തകൂസ്തയുടെ ഫലങ്ങൾ നമുക്ക് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 731 - 732 നമ്പറുകളിൽ കാണാം.
1.മിശിഹായുടെ പെസഹാ പൂർത്തിയായി.
2. പരിശുദ്ധാത്മാവിനെ ഒരു ദൈവികവ്യക്തിയായി വെളിപ്പെടുത്തുകയു൦ നൽകുകയു൦ പകർന്നു കൊടുക്കുകയു൦ ചെയ്തു.
3.പരിശുദ്ധ ത്രീത്വം പൂര്‍ണമായും വെളിപെടുത്തപെട്ടു.
4. സഭ ജന്മ൦ കൊണ്ടു.
സഹായക ഗ്രന്ഥങ്ങള്‍ :
1.കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം
2.ചാൾസ് പൈങ്ങോട്ട്, ആരാധനാവത്സര൦, ദീപികാബുക്ക്ഹൗസ്, 2017.