വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റി
വിശുദ്ധിയുള്ള മക്കളെ വാർത്തെടുക്കുന്നതിൽ, ഭക്തിയും ജീവിതവിശുദ്ധിയുമുള്ള മാതാപിതാക്കൾ എത്ര പങ്കുവഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. പക്ഷെ മക്കൾ വിശുദ്ധരായതുമൂലം വിശ്വാസത്തിലേക്ക് വന്ന മാതാപിതാക്കളുമുണ്ട് .സൈബർ വിശുദ്ധൻ കാർലോ അക്യുട്ടിസ് , വാഴ്ത്തപ്പെട്ട ലോറ വിക്യൂണ തുടങ്ങിയവരുടേത് ആ ഗണത്തിൽ പെട്ടവരാണ്. അതുപോലെ തന്നെയാണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയുടെ ജീവിതത്തിലും സംഭവിച്ചത്.
എപ്പോഴത്തെയും സാധാരണ യൂത്തന്മാരെപോലെ കൂട്ടുകൂടാനും കത്തിയടിക്കാനും പൊട്ടിച്ചിരിക്കാനും പാട്ട് പാടാനും ട്രിപ്പ് പോവാനും ഹൈക്കിങ്ങിനും സ്കീയിംഗിനുമൊക്കെ ഒരുപാടിഷ്ടമുള്ള, രാഷ്ട്രീയകാര്യങ്ങളിൽ ചൂടുപിടിച്ച ചർച്ചക്ക് മുതിരുന്ന, ഇതൊക്കെയുണ്ടെങ്കിലും പ്രാർത്ഥനയിലും നിത്യതയെക്കുറിച്ചുള്ള കാര്യങ്ങളിലും വളരെ തല്പരനായ , പക്ഷെ പഠിക്കാൻ കുറച്ചു പിന്നിലായിരുന്ന, ഒന്നിനും ഒരുപകാരവുമില്ലെന്ന് പറഞ്ഞ് മാതാപിതാക്കളുടെ ശകാരം എപ്പോഴും കേട്ടിരുന്ന ഈ ചുള്ളൻ പയ്യൻ ഇന്ന് എല്ലാ കത്തോലിക്കയുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഹൈക്കിങ്ങിന് പോകുന്നവരുടേയുമൊക്കെ മധ്യസ്ഥനാണ്.
ഒരു കത്തോലിക്കനെന്ന നിലയിലുള്ള അവന്റെ ഉത്തമബോധ്യത്തിൽ നിന്നാണ് അവൻ ചെയ്തതെല്ലാം മുളയെടുത്തത് എന്നതാണ് അവന്റെ ജീവിതത്തെ മനോഹരമാക്കിയത്. സർവ്വാത്മനാ അവൻ വിലമതിച്ചിരുന്ന, അവനെ എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരുന്ന അവന്റെ ആ വിശ്വാസം ഓരോ പ്രവൃത്തിയിലും സജീവമായി നിലകൊണ്ടു. വിസ്മയം എന്താണെന്നുവെച്ചാൽ ഇരുപത്തിനാലാം വയസ്സിൽ അവൻ ആകസ്മികമായി മരിക്കുന്നതുവരെയും അവന്റെ ആധ്യാത്മികജീവിതത്തിന്റെ തീവ്രത അവനെ അറിയുന്നവരൊന്നും മനസ്സിലാക്കിയില്ലെന്നുള്ളതാണ് കാരണം അത്ര സ്വാഭാവികതയോടെയാണ് അവൻ പെരുമാറിയിരുന്നത്.
അവനെക്കാൾ പതിനേഴ് മാസത്തിന് താഴെയായിരുന്ന അവന്റെ സഹോദരി ലൂസിയാനയോട് ചോദിച്ചു , "ഒരു വിശുദ്ധനുമൊത്ത് ജീവിച്ചപ്പോൾ എങ്ങനെയുണ്ടായിരുന്നു?” എന്ന് . അവൾ പറഞ്ഞതിങ്ങനെ ,"ഞങ്ങളത് തിരിച്ചറിഞ്ഞിരുന്നില്ല. അവന്റെ മരണമാണ് അത് വെളിപ്പെടുത്തിയത്". ലൂസിയാന പിന്നീട് അവളുടെ സമയവും സാഹിത്യവാസനകളും സഹോദരന് വേണ്ടി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും അവനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നത് ത്വരിതപ്പെടുത്താനുമായി ചിലവഴിച്ചു.
മല കയറാനും സ്കീയിങ്ങിനുമൊക്കെ നല്ല ഉത്സാഹിയായിരുന്ന ജോൺപോൾ രണ്ടാമൻ പാപ്പ, പൊളോണിലുള്ള പിയർ ജോർജിയോ ഫ്രസ്സാറ്റിയുടെ കബറിടം 1989 ജൂലൈ 16 ന് സന്ദർശിച്ചപ്പോൾ പറഞ്ഞു, "എന്റെ ചെറുപ്പത്തിൽ എനിക്കും ഇദ്ദേഹത്തിന്റെ മാതൃക വളരെ ഗുണം ചെയ്തു , ഒരു വിദ്യാർത്ഥിയെന്ന നിലയിൽ ആ ക്രിസ്തീയസാക്ഷ്യത്തിന്റെ ഊർജ്ജം എന്നിൽ വളരെ മതിപ്പുളവാക്കി, കാന്തത്തിനെപ്പോലെയുള്ള ആ ആകർഷണത്തിന് ഇന്നും ഒരു കുറവും പറ്റിയിട്ടില്ല. ഞാൻ വന്നത് ഇദ്ദേഹത്തിന് കൂടെ വേണ്ടിയാണ് .
ക്രിസ്തുവിന് ഒറ്റക്ക് ധീരമായി സാക്ഷ്യം നൽകിയ ഈ യുവാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ".
അതിനും പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് കർദ്ദിനാൾ ആയിരിക്കെ ക്രാക്കോവിൽ വെച്ച് ജോൺപോൾ പാപ്പ പ്രസ്താവിച്ചിരുന്നു , "സുവിശേഷത്തിന്റെ, ക്രിസ്തു തരുന്ന രക്ഷയുടെ സന്തോഷത്തിന്റെ സവിശേഷകൃപ തന്നിൽ വഹിക്കുന്ന , അഷ്ടഭാഗ്യങ്ങളും തികഞ്ഞ മനുഷ്യനെ ഇതാ കാണൂ".
പിയർ ജോർജിയോ ഫ്രസ്സാറ്റി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ , 1901 ഏപ്രിൽ 6ന് ഇറ്റലിയിലെ ടൂറിനിൽ ജനിച്ചു. അത്യാവശ്യം സമ്പത്തുള്ള അവന്റെ കുടുംബത്തിന് ടൂറിനിൽ ഒരു വീടും പൊള്ളോണിൽ ഒരു
വേനൽക്കാലവസതിയും ഉണ്ടായിരുന്നു. പറയത്തക്ക ദൈവവിശ്വാസം ഒന്നുമില്ലാതിരുന്ന അവന്റെ പിതാവായ ആൽഫ്രഡോ ഫ്രസ്സാറ്റി മതകാര്യങ്ങളെപറ്റി സംസാരിക്കാറുപോലുമില്ല . സമ്പന്നഭൂവുടമയായ അദ്ദേഹം പുരോഗമനവാദിക്കാരുടെ രാഷ്ട്രീയചിന്തകൾ പ്രചരിപ്പിക്കാനായി ഒരു പത്രം നടത്തിയിരുന്നു. 1913ൽ സെനറ്റർ ആയ അദ്ദേഹം 1920 മുതൽ 1925 വരെ ബെർലിനിലേക്ക് ഇറ്റലിയുടെ അംബാസഡർ ആയി അയക്കപ്പെട്ടു.
അമ്മ അഡലെയ്ഡ് എമെറ്റിസ് ഒരു ചിത്രകാരിയായിരുന്നു. മക്കളോട് അതിരുകവിഞ്ഞ കാർക്കശ്യം കാണിച്ചിരുന്നു. ആത്മീയകാര്യങ്ങളിൽ അമ്മയും തീരെ ശ്രദ്ധിച്ചിരുന്നില്ല . ഞായറാഴ്ചകളിൽ പള്ളിയിൽ പോവുമായിരുന്നെങ്കിലും എന്തെങ്കിലും പ്രാർത്ഥനക്കായി അമ്മ മുട്ടുകുത്തുന്നതോ ദിവ്യകാരുണ്യം സ്വീകരിക്കുന്നതോ മക്കൾ കണ്ടിട്ടില്ല. അപ്പനും അമ്മയും സ്ഥിരമായി വഴക്കിട്ടിരുന്നു.
മകൻ 'മരിച്ചുപോയെങ്കിൽ നന്നായിരുന്നു'എന്ന് പോലും അപ്പനുമമ്മയും പറയാറുള്ളതുകൊണ്ട് പൗരോഹിത്യശുശ്രൂഷക്കുള്ള ആഗ്രഹം അവൻ എടുത്തു കളഞ്ഞു.
ദിവസേനയുള്ള കുർബ്ബാനയും
ദിവ്യകാരുണ്യസ്വീകരണവും
1913 ലെ ശരത്കാലത്ത് പിയർ ജോർജിയോ, ജെസ്യൂട്ട് വൈദികർ നടത്തുന്ന ആശ്രമത്തിൽ അവരോടു കൂടെ താമസിച്ചു. ദിവസേന വിശുദ്ധ കുർബ്ബാന കൂടാനും ദിവ്യകാരുണ്യം ഉൾകൊള്ളാനും തുടങ്ങി . അവന്റെ മാതാപിതാക്കൾക്ക് അതിൽ ഒട്ടും സന്തോഷമില്ലായിരുന്നു, പക്ഷെ അവൻ വിട്ടുകൊടുത്തില്ല. അവന്റെ ആത്മീയപിതാവായ പിയത്രോ ലൊമ്പാർഡിയുടെ അടുത്ത് അവൻ ഓടിവന്നു പറഞ്ഞു , "ഫാദർ , ഞാൻ ജയിച്ചു" അദ്ദേഹം ചോദിച്ചു , "ഇത്രയും സന്തോഷം വരാൻ എന്താണ് നീ ജയിച്ചത് ? വല്ല ലോട്ടറിയും കിട്ടിയോ ? " അവൻ തുള്ളിച്ചാടി ചിരിച്ചുകൊണ്ട് പറഞ്ഞു , “എന്നും കുർബ്ബാന സ്വീകരിച്ചോളാൻ എന്റെ അമ്മ അനുവാദം തന്നു"!
ചാപ്പലിൽ കേറി പ്രാർത്ഥിക്കാനും കുർബ്ബാനയ്ക്ക് സഹായിക്കാനുമായി അവൻ സ്കൂളിലേക്ക് വളരെ നേരത്തെ പോയി. ഈശോനാഥനോട് കൂടുതൽ അടുക്കാനായിട്ടാണ് കുർബ്ബാനയ്ക്ക് സഹായിക്കാൻ നിന്നത് . ഞായറാഴ്ചകളിൽ മലകയറ്റത്തിന് പോകുമ്പോൾ കുർബ്ബാന ആദ്യമേ കൂടാനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നു , അല്ലെങ്കിൽ ഏതെങ്കിലുമൊരു പുരോഹിതനെ മലമുകളിലേക്ക് ക്ഷണിച്ചു കുർബ്ബാന കൂടി. അതിനും കഴിഞ്ഞില്ലെങ്കിൽ ഒരു സംശയവുമില്ല ഔട്ടിങ്ങിന് പോവണ്ടെന്നു വെക്കും.
അവൻ പറയാറുണ്ട് , “ നമ്മൾ കത്തോലിക്കർ യുദ്ധത്തിന് വേണ്ടി നമ്മെത്തന്നെ ഉരുക്കുപോലെ ദൃഢമാക്കണം. പക്ഷെ അത് ഫലപ്രദമാകണമെങ്കിൽ ദൈവകൃപക്കായി ഇടവിടാതെയുള്ള പ്രാർത്ഥന ആവശ്യമാണ് കാരണം ദൈവകൃപയില്ലാതെ നമുക്ക് വേറെ എത്ര ശക്തിയുണ്ടായിട്ടും കാര്യമില്ല... മാലാഖമാരുടെ അപ്പത്താൽ നിങ്ങളെ തന്നെ പോഷിപ്പിക്കു , നിങ്ങളുടെ ആന്തരികയുദ്ധങ്ങൾ ജയിക്കാനുള്ള ശക്തി നിങ്ങൾ അതിൽ കണ്ടെത്തും".
സഹായമാവശ്യമുള്ളവർക്കായി അവനർപ്പിച്ച സേവനത്തിന്റെ അടിസ്ഥാനം തീക്ഷ്ണതയേറിയ ദിവ്യകാരുണ്യസ്വീകരണമായിരുന്നു. അവൻ ആവർത്തിച്ച് പറഞ്ഞു, " ദിവ്യകാരുണ്യത്തിൽ ഈശോ എന്നും എന്നെ സന്ദർശിക്കാനെത്തുന്നു. ഞാൻ പാവങ്ങളിൽ അവനെ കണ്ടുകൊണ്ട് ആ സന്ദർശനങ്ങൾ തിരിച്ചു നൽകുന്നു".
പരിശുദ്ധ അമ്മയോടുള്ള സ്നേഹം
പിയർ ജോർജിയോ നിത്യേന ജപമാല ചൊല്ലിയിരുന്നു , അവന്റെ ചുറ്റുമുള്ളവരെ ജപമാലയിൽ ചേരാനായി ക്ഷണിച്ചു. അവന്റെ ആത്മാർത്ഥതയും ബോധ്യവും കണ്ട് ആകൃഷ്ടരാവുന്നവർക്ക് ആ ക്ഷണം നിരസിക്കുക പ്രയാസമായിരുന്നു.ചെറിയ പയ്യനായിരിക്കുമ്പോഴേ അവന്റെ പപ്പ മിക്കപ്പോഴും അവനെ കാണുന്നത് ജപമാല കൈയിൽ പിടിച്ച് മുട്ടിൽ നിന്ന് ഉറങ്ങുന്ന നിലയിലായിരിക്കും. മോൺസിഞ്ഞോർ റോക്കാത്തിയോട് ഇതിനെപറ്റി പരാതി പറഞ്ഞ അവന്റെ പപ്പയോട് അദ്ദേഹം പറഞ്ഞു, "പക്ഷെ സെനേറ്റർ , അവൻ ഏതെങ്കിലും ചീത്തപുസ്തകം വായിച്ച് ഉറങ്ങുന്നതു കാണുന്നതാണോ നിങ്ങൾക്കിഷ്ടം?” "അയ്യോ , അത് വേണ്ട" ". എങ്കിൽ " പിന്നെ അവൻ ഇങ്ങനെ തന്നെ തുടർന്നോട്ടെ . നിങ്ങൾക്കതിൽ വിഷമിക്കേണ്ടി വരില്ലെന്ന് ഞാനുറപ്പ് തരാം". പിയർ ജോർജിയോ മെയ്മാസമാകുമ്പോൾ തൻറെ മാതൃഭക്തിയുടെ തീക്ഷ്ണത വർദ്ധിപ്പിച്ച് പൂക്കളും ആത്മീയപൂച്ചെണ്ടുകളും അമ്മക്കായി ഒരുക്കിയിരുന്നു.
പാവങ്ങളോടുള്ള കരുണ
പിയർ ജോർജിയോ ചെറിയകുഞ്ഞായിരിക്കുമ്പോൾ , ക്ഷീണിച്ച ഒരു സ്ത്രീ കാലിൽ ചെരുപ്പിടാത്ത
ഒരു കുട്ടിയേയും കൊണ്ട് വാതിൽക്കൽ നിൽക്കുന്നത് കണ്ടു.അവൻ അവന്റെ ഷൂവും സോക്സും ഊരി അവൾക്ക് കൊടുത്തിട്ട് , ആരും അതറിയാതിരിക്കാൻ പെട്ടെന്ന് വാതിലടച്ചു.
നഴ്സറി സ്കൂളിൽ വെച്ച്, ത്വക്രോഗം മൂലം എല്ലാവരും ഒറ്റപ്പെടുത്തിയ ഒരു കുട്ടി തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് , ടീച്ചർമാർക്ക് തടയാൻ കഴിയുന്നതിന് മുൻപേ അവൻ തൻറെ സൂപ്പ് ആ കുട്ടിയുമായി പങ്കുവെച്ചു കഴിഞ്ഞിരുന്നു.
അങ്കിൾ പെഡ്രോ അവന് കൊടുക്കുന്ന ചെറിയ ചെറിയ പോക്കറ്റ്മണി , കുഞ്ഞുങ്ങളെ വളർത്താൻ പാടുപെടുന്ന ഒരു നഴ്സിന്റെ കയ്യിലാണ് എത്തിക്കൊണ്ടിരുന്നത്.
പാവപ്പെട്ടവരും കഷ്ടതയനുഭവിക്കുന്നവരുമായിരുന്നു അവന്റെ യഥാർത്ഥ യജമാനന്മാർ . അവരെ സേവിക്കുന്നത് ഉന്നതപദവി ആയി അവൻ കരുതി . സമ്പത്തും ആഡംബരവും തൻറെ വഴിയേ വരാൻ അവൻ അനുവദിച്ചില്ല. സുഖജീവിതം കഴിക്കാൻ ഒരു ബുദ്ധിമുട്ടും അവനുണ്ടാവില്ലായിരുന്നു എന്നിരിക്കിലും വളറെ കഠിനവും ലളിതവുമായ ജീവിതമാണ് അവൻ തനിക്കായി തിരഞ്ഞെടുത്തത്. ട്രാമിന് കൊടുക്കാനായി ലഭിച്ചിരുന്ന ചില്ലറകൾ പോലും പാവങ്ങൾക്ക് വീതിച്ചുകൊടുത്ത് അവൻ വീട്ടിലേക്ക് ഭക്ഷണസമയത്ത് എത്താനായി കാൽനടയായി ബഹുദൂരം ഓടി. എല്ലാവരും കടൽ കാണാനും മലനിരകൾ കാണാനുമൊക്കെയായി ഒന്നിച്ചുപോകുമ്പോൾ ' എല്ലാരും പോയാൽ ടൂറിനിൽ പാവങ്ങൾക്കാരുണ്ട്' എന്നും പറഞ്ഞ് അവൻ പിന്മാറി
പതിനേഴാം വയസ്സിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുമായി ചേർന്ന് രോഗികളെ പരിചരിക്കാനും അനാഥരെ നോക്കാനും ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് വരുന്ന മുറിവേറ്റവരെ സഹായിക്കാനും ഒക്കെ കൂടി .
ബെർലിനിൽ പപ്പ ഇറ്റാലിയൻ അമ്പാസ്സഡർ ആയിരിക്കെ എംബസ്സിയുടെ വിഭവ സമൃദ്ധമായ ഊണുമേശയിൽ നിന്ന് അവൻ എടുക്കുന്ന ഭക്ഷണസാധനങ്ങൾ ധൃതിയിൽ ഒരു തലക്കലെ ചെറ്റപ്പുരയിൽ നിന്ന് തുടങ്ങി അങ്ങേയറ്റം എത്തുമ്പോഴേക്ക് ഏകദേശം തീർന്നിട്ടുണ്ടാവും. ഒരു കോഫി മാത്രം കുടിച്ച് അവൻ തൃപ്തിപ്പെടും.
1919ൽ പിയർ ജോർജിയോ കാത്തലിക് സ്റ്റുഡന്റ് ഫെഡറേഷനിലും കാത്തലിക് ആക്ഷൻ മൂവ്മെന്റിലും ഒക്കെ ചേർന്ന് , ലിയോ പതിമൂന്നാമൻ പാപ്പ റേരും നോവാരും എന്ന ചാക്രികലേഖനത്തിൽ നിർദ്ദേശിച്ചിട്ടുള്ള പോലെ സമൂഹ്യനവീകരണത്തിനായി യത്നിച്ചു. May 28 , 1922ൽ മൂന്നാം ഡൊമിനിക്കൻ സഭയുടെ ( അല്മായർക്കുള്ള )ഉത്തരീയമണിഞ്ഞു, ഹൈക്കിങ്ങിനും സ്കീയിങ്ങിനുമൊക്കെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളുമായി ചേർന്ന് റിഫ് റാഫ് സൊസൈറ്റി എന്ന പ്രാർത്ഥനകൂട്ടായ്മ രൂപീകരിച്ചു.
ജീവിതത്തിൽ ദുഖങ്ങള്രേറെ അനുഭവിച്ച ലോറ ഹിഡാൽഗോ എന്ന അനാഥപെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ പിയർ ജോർജിയോ ആഗ്രഹിച്ചു. പക്ഷെ അവന്റെ അമ്മക്കത് ഇഷ്ടപ്പെട്ടില്ല. അതിരറ്റ ഉദാരതയോടെ ആ സ്വപ്നം അവൻ ഉപേക്ഷിച്ചു .'ഒരു കുടുംബത്തെ തകർത്തിട്ടല്ലല്ലോ വേറെ കുടുംബം ഉണ്ടാക്കേണ്ടത് '? എന്നവൻ ഒരു സുഹൃത്തിനോട് പറഞ്ഞു. മറ്റൊരു സുഹൃത്തിനോട് പറഞ്ഞു , "ഇതെല്ലാം എനിക്ക് ക്ഷമയോടെ സഹിക്കാനുള്ള ശക്തിക്കായും അവൾക്ക് ഭൂമിയിലെ സർവ്വസന്തോഷവും ലഭിക്കാനായും ദൈവത്തോട് പ്രാർത്ഥിക്കണമേ".
അവന്റെ പിതാവാണെങ്കിൽ അദ്ദേഹം നടത്തുന്ന പത്രത്തിന്റെ ഓഫീസ് അവൻ നോക്കിനടത്തണമെന്ന് പറഞ്ഞു, അവനു തീരെ ഇഷ്ടമില്ലാത്ത പണി. അവൻ മരിക്കുന്നതിന് കുറച്ചുദിവസം മുൻപ് ഒരു പത്രപ്രവർത്തകൻ ഇത് പറഞ്ഞപ്പോൾ അവൻ ചോദിച്ചു, "ഞാനത് ഏറ്റെടുത്താൽ പപ്പ സന്തോഷിക്കുമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ?"ഉവ്വെന്നു പറഞ്ഞപ്പോൾ അവൻ പറഞ്ഞു , “ എങ്കിൽ എനിക്ക് സമ്മതമാണെന്ന് പറഞ്ഞോളൂ "
വീട്ടിലെ അസ്വാരസ്യങ്ങൾ നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും പ്രാർത്ഥനയും നേരും നെറിയുമുള്ള ജീവിതവും അവൻ കൂടെ കൊണ്ടുപോയി. അതുകൊണ്ട് തന്നെ ഹൃദയശാന്തതയും സമാധാനവും അവനെ വിട്ടുപിരിഞ്ഞില്ല.
അവന്റെ മരണത്തിന് മൂന്നു മാസം മുൻപ് സഹോദരിക്ക് അവനെഴുതി, "ഞാൻ സന്തോഷവാനാണോ എന്നല്ലേ നീ ചോദിക്കുന്നത് ? അങ്ങനെയല്ലാതിരിക്കാൻ എനിക്കെങ്ങനെ കഴിയും ? എന്റെ വിശ്വാസം എന്നെ ശക്തിപ്പെടുത്തുന്ന കാലത്തോളം ഞാനെപ്പോഴും സന്തോഷിക്കും".
ഒരു മനോഹരജീവിതത്തിന്റെ അന്ത്യം
"നമ്മുടെ ജീവിതം ക്രിസ്തീയമാകണമെങ്കിൽ , അത് ത്യാഗോജ്ജ്വലവും നിരന്തരബലിയുമാകണം. നിത്യാനന്ദത്തോട് തട്ടിച്ചുനോക്കുമ്പോൾ ഈ കുറച്ചു വർഷത്തെ കഷ്ടപ്പാടുകൾ സഹിക്കാൻ അത്ര ബുദ്ധിമുട്ടുള്ളതല്ല". പിയർ ജോർജിയോ പറഞ്ഞു.
യൂണിവേഴ്സിറ്റി ബിരുദം ലഭിക്കുന്നതിന് മുൻപായി അവന് പോളിയോമെയ്ലിറ്റിസ് എന്ന, നാഡീകോശങ്ങളെ ഗുരുതരമായി ബാധിച്ചു പക്ഷാഘാതത്തിന് കാരണമാകുന്ന ഒരിനം സന്ധിവാതം പിടിപെട്ടു. അവൻ പരിചരിച്ചിരുന്ന ഒരു രോഗിയിൽ നിന്ന് പകർന്നതാണെന്നാണ് ഡോക്ടർ പറഞ്ഞത്. വീട്ടുകാരോട് ബുദ്ധിമുട്ടുകൾ പറയാതെ വിഷമങ്ങളെല്ലാം അവൻ ഉള്ളിലൊതുക്കി. മരിക്കുന്ന അന്ന് രാത്രി പോലും പിയർ ജോർജിയോ അവന്റെ തളർന്ന കയ്യാൽ ഒരു കുറിപ്പെഴുതി അവന്റെ സുഹൃത്തിനുകൊടുത്തു , അവൻ പരിചരിക്കാറുണ്ടായിരുന്ന ഒരു രോഗിയ്ക്ക് വാങ്ങിക്കൊടുക്കാനുള്ള മരുന്നിന്റെ പേരായിരുന്നു അത് , എന്നിട്ട് അവന്റെ അക്കൗണ്ടിലേക്ക് അതിന്റെ പൈസ ചേർത്തോളാനും പറഞ്ഞു .
പിയർ ജോർജിയോയുടെ മാതാപിതാക്കൾ തങ്ങളുടെ മകനിൽ എത്ര വലിയ നിധിയാണുള്ളതെന്ന് ഒരിക്കലും മനസ്സിലാക്കിയില്ല. പഠനത്തിൽ അത്ര മുന്നിലല്ലാതിരുന്നതുകൊണ്ട് , ഒന്നിനും കൊള്ളാത്ത ഒരു മകൻ എന്നേ അവരവനെ കരുതിയുള്ളൂ. അവന്റെ പുണ്യപ്രവൃത്തികളിലോ ഭക്തിയിലോ അവർക്കത്ര താല്പര്യമൊന്നും ഇല്ലായിരുന്നു. അവന്റെ മരണക്കിടക്കയിൽ വെച്ച് പോലും ആ പാവത്തിന് അവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഭാഗ്യമുണ്ടായില്ല. മരിക്കാൻ കിടക്കുന്ന അവന്റെ അമ്മൂമ്മയുടെ കാര്യങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു അവർ. അവന് തീരെ വയ്യെന്ന് വേലക്കാരി ഓടിവന്നു പറഞ്ഞപ്പോഴും 'ചുമ്മാ കിടന്നു ബഹളം വെക്കാതെ' എന്ന് ചീത്ത പറയുകയാണവർ ചെയ്തത് .
ജൂലൈ 4, 1925 . പുലർച്ച നാലുമണിക്ക് അന്ത്യകൂദാശ നൽകി. അവസാനമായി വായിക്കാൻ ശ്രമിച്ച പുസ്തകം അവന്റെ അടുത്ത് കട്ടിലിൽ കിടന്നു. വിശുദ്ധ കാതറിൻ ഓഫ് സിയന്നയുടെ ജീവചരിത്രമായിരുന്നു അത് , അവൻ ഒരുപാടിഷ്ടപ്പെടുകയും അസൂയപ്പെടുകയും ചെയ്ത വിശുദ്ധ. കാരണം ജീവിച്ചിരിക്കെ തന്നെ ആ വിശുദ്ധ ഈശോയുമായി സംസാരിച്ചു. 7 മണിക്ക് അവന്റെ കണ്ണുകൾ എന്നേക്കുമായി ഭൂമിയിൽ അടഞ്ഞു.
തിരുശേഷിപ്പായി അവന്റെ ശരീരം തൊടാൻ ജനക്കൂട്ടം പ്രവഹിക്കുന്നത് കണ്ട് അവന്റെ വീട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പരിധിയില്ലാതെ അവൻ സഹായിച്ച പാവങ്ങളും രോഗികളുമൊക്കെയായിരുന്നു അതിൽ ഭൂരിഭാഗം പേരും , അവനെ അവസാനമായി ഒന്ന് കാണാനായി.
സ്വർഗ്ഗത്തിലായിരിക്കുമ്പോൾ പിയർ ജോർജിയോ അവന്റെ മാതാപിതാക്കളെ തമ്മിൽ തമ്മിലും അവരെ ദൈവവുമായും രമ്യതപ്പെടുത്തി. രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ മകന്റെ ഓർമ്മക്കായും അവരുടെ ദുഃഖസൂചകമായും അവന്റെ പേരിൽ ഒരു വലിയ വാർഡ് ഹോസ്പിറ്റലിന് നൽകി.
പിയർ ജോർജിയോ ഫ്രസ്സാറ്റിയെ , സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വെച്ച് 1990 മെയ് 20 ന് പോപ്പ് ജോൺപോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായി ഉയർത്തി. മാർച്ച് 31 1981ൽ ശവകുടീരം തുറന്നപ്പോൾ ,അവന്റെ ശരീരം അഴുകാതെ കാണപ്പെട്ടു. പൊള്ളോണിലെ കുടുംബകല്ലറയിൽ നിന്ന് ടൂറിനിലെ കത്തീഡ്രലിലേക്ക് അത് മാറ്റി.
അവന്റെ ശവസംസ്കാരദിനത്തിൽ , അവൻ അംഗമായ റിഫ് റാഫ് കൂട്ടായ്മയിലെ, ടിന ലേയക്ക് എഴുതി : "പിയർ ജോർജിയോക്ക് മനോഹരമായ എല്ലാറ്റിനെയും , നല്ലതായ എല്ലാറ്റിനെയും , വിശുദ്ധമായ എല്ലാറ്റിനെയും സ്നേഹിക്കാനുള്ള മനോഹരമായ ആത്മാവുണ്ടായിരുന്നു. ശ്രേഷ്ഠമായ ഉന്നതിയിലേക്ക് കയറാൻ കഴിവുള്ളവനായിരുന്നു അവൻ , ജീവിക്കുന്ന സത്യവിശ്വാസത്തിന്റെ വെളിച്ചം അവനിലുണ്ടായിരുന്നു".
യുവകത്തോലിക്കരുടെ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയെ മാതൃകയാക്കുന്ന അനേകരുണ്ടാവട്ടെ ജോൺ പോൾ രണ്ടാമൻ പാപ്പയെപ്പോലെ ...
Tags:
വിശുദ്ധർ