ദൈവത്തിന്റെ യോഹന്നാൻ, മാർച്ച് 8
*1503-ല്‍ യോഹന്നാന് എട്ടുവയസ്സുള്ളപ്പോള്‍ തന്റെ മാതാപിതാക്കളില്‍ നിന്നും ഒളിച്ചോടി. കുറച്ച് കാലത്തോളം അവന് ഒരാട്ടിടയനായും പിന്നീട് ഒരു പുസ്തക വില്‍പ്പനക്കാരനും അവന് ജോലി നോക്കി. ആവിലായിലെ വിശുദ്ധ യോഹന്നാനിന്റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുന്നതുവരെ അവന് ആത്മീയ കാര്യങ്ങളില്‍ വലിയ താല്പ്പര്യമൊന്നുമുണ്ടായിരുന്നില്ല. അതിനു ശേഷമുള്ള അവന്റെ പരിവര്‍ത്തനം വളരെ പെട്ടെന്നും, ആത്മാര്‍ത്ഥവുമായിരുന്നു. അതിനാല്‍ തന്നെ അവന് ഭ്രാന്തായി എന്ന് ചിലര്‍ കരുതുകയും, അവനെ ഗ്രാനഡായിലെ റോയല്‍ ആശുപത്രിയില്‍ തടവുകാരനാക്കുകയും ചെയ്തു. അക്കാലത്ത് നിലനിന്നിരുന്ന ക്രൂരമായ ചികിത്സാവിധികള്‍ക്ക് അവര്‍ വിശുദ്ധനെ വിധേയനാക്കി.*
*ഇത്തരം ക്രൂരമായ ചികിത്സാവിധികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പോലും ശേഷിയില്ലാതെ സഹനമനുഭവിക്കുന്ന പാവപ്പെട്ട രോഗികളെ സഹായിക്കുക വഴിയായാണ് ദൈവത്തോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് കാര്യം വിശുദ്ധന് മനസ്സിലാക്കിയത്. തന്റെ ശേഷിക്കുന്ന ജീവിതം മുഴുവനും പൊതുസമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ട ഇത്തരം ആളുകള്‍ക്കായി വിനിയോഗിക്കുവാന്‍ അവന് ഉറച്ച തീരുമാനമെടുത്തു.*
*1549-ജൂലൈ 3ന് ഗ്രാനഡായില്‍, സ്പെയിനിലെ രാജാവായിരുന്ന ഫെര്‍ഡിനാന്‍ഡും, ഭാര്യയായിരുന്ന ഇസബെല്ലയും സ്ഥാപിച്ച റോയല്‍ ആശുപത്രിയുടെ അടുക്കളയില്‍ ഒരു വലിയ തീപിടുത്തമുണ്ടായി. അധികം താമസിയാതെ അത് അനേകം രോഗികള്‍ കിടക്കുന്ന വലിയ വാര്‍ഡുകള്‍ക്ക് ഭീഷണിയാകും വിധം ആളി പടര്‍ന്നു. അഗ്നിശമന മണികള്‍ തുടര്‍ച്ചയായി മുഴങ്ങികൊണ്ടിരിക്കുകയും എങ്ങും പുകയാല്‍ മൂടപ്പെടുകയും ചെയ്തു.*
*നാനാദിക്കുകളില്‍ നിന്നും ആളുകള്‍ അവിടേക്ക് ഓടികൂടി. നിയന്ത്രിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു അഗ്നി. അഗ്നിശമന സേനക്കാര്‍ക്കും, സന്നദ്ധസേവകര്‍ക്കും തീയണക്കുവാന്‍ സാധിക്കാതെ വന്നു. ഉറപ്പായ മരണത്തെ മുന്നില്‍ കണ്ട് കൊണ്ടുള്ള ദീനരോദനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്ന ആ കെട്ടിടത്തിലേക്ക് പ്രവേശിക്കുവാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. മാത്രമല്ല തീയും, പുകയും വാതിലുകളെ മൂടിയിരിന്നു. രോഗികള്‍ ജനലുകള്‍ക്കരികില്‍ നിന്നും സഹായത്തിനായി കേണപേക്ഷിച്ചു. ഒരു മനുഷ്യനെ ഭ്രാന്തനാക്കുവാന്‍ ഈ കാഴ്ച അധികമായിരുന്നു* .
*ഇത് കണ്ടുകൊണ്ട് വെറുതെ നില്ക്കുവാന് വിശുദ്ധന് സാധിക്കുമായിരുന്നില്ല. തീനാളങ്ങളേയും, പുകയേയും വകവെക്കാതെ വിശുദ്ധന് രോഗികള്‍ക്കിടയിലേക്കോടി വാതിലുകളും, ജനലുകളും തുറന്നിടുകയും, അവര്‍ക്ക് രക്ഷപ്പെടുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അവരില്‍ ചിലരെ അദ്ദേഹം പുറത്തേക്ക് നയിച്ചു, മറ്റു ചിലരെ വലിച്ചിഴച്ചു കൊണ്ട് പോകുകയും, ചുമലില്‍ ചുമക്കുകയോ ചെയ്തു. അവരെ മുഴുവന്‍ പുറത്തെത്തിച്ചതിന് ശേഷം ഒട്ടുംതന്നെ സമയം പാഴാക്കാതെ വിശുദ്ധന് കസേരകളും, കിടക്കകളും, വിരികളും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കള്‍ ജനലിലൂടെ പുറത്തേക്കെറിയുകയും, അപ്രകാരം പാവപ്പെട്ട ആ രോഗികളുടെ വസ്തുവകകളും സംരക്ഷിക്കുകയും ചെയ്തു.*
*പിന്നീട് വിശുദ്ധന് ഒരു കോടാലി എടുത്ത്, കെട്ടിടത്തിന്റെ മുകളില്‍ കയറി മേച്ചിലിന്റെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റി. പെട്ടെന്ന് തന്നെ അതിലൂടെ തീനാളങ്ങള്‍ ഒരു സ്തൂപം കണക്കെ വിശുദ്ധന്റെ സമീപത്ത് കൂടി പുറത്തേക്ക് വമിച്ചു. വിശുദ്ധന് അവിടെ നിന്നും ഓടി, കെട്ടിടത്തിന്റെ മറ്റൊരുഭാഗത്ത്കൂടി തന്റെ തന്റെ ഈ ധീര പ്രവര്‍ത്തി തുടരുവാന്‍ വേണ്ടി മാത്രമായിരുന്നു ആ ഓട്ടം. അവിടേയും കൂറ്റന്‍ തീ ജ്വാലകള്‍ വിശുദ്ധനെ തടഞ്ഞു, രണ്ടു കൂറ്റന്‍ അഗ്നിസ്തംഭങ്ങള്‍ക്കിടക്ക് നരകത്തിലേതിനു സമാനമായിരുന്നു വിശുദ്ധന്റെ നില്‍പ്പ്.*
*സമയം കടന്നു പോയി, ചൂടും പുകയുമേറ്റ് വിശുദ്ധന് വാടിതളര്‍ന്നു. കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിശുദ്ധന് വേണ്ടിയുള്ള ഉച്ചത്തിലുള്ള നിലവിളികള്‍ കേള്‍ക്കുവാന്‍ തുടങ്ങി. ഉടന്‍ തന്നെ പുകയും കരിയുമേറ്റ് കറുത്തിരുണ്ട രൂപത്തില്‍ വിശുദ്ധന് നിലത്തിറങ്ങി, കണ്പുരികങ്ങള് കുറച്ചു കരിഞ്ഞുവെങ്കിലും വിശുദ്ധന് സുരക്ഷിതനായിരുന്നു. സന്തോഷഭരിതരായ ജനക്കൂട്ടം ധീരനായ ആ വിശുദ്ധന് ചുറ്റും കൂടി, പാവപ്പെട്ട രോഗികളുടെ ആ രക്ഷകനെ അവര്‍ വാനോളം പ്രശംസിച്ചുവെങ്കിലും വിശുദ്ധന്റെ എളിമ അതിനെയെല്ലാം തടഞ്ഞു.*
*മാര്‍ച്ച് 8ന് തന്റെ 55-മത്തെ വയസ്സില്‍ വിശുദ്ധന്റെ മരണത്തെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ സഹായികള്‍ ഒരുമിച്ചു കൂടുകയും വിശുദ്ധ ജോണ്‍ കാണിച്ചു തന്ന ആതുരസേവനത്തിന്റെ പാതയിലൂടെ മുന്നേറുവാന്‍ തീരുമാനിക്കുകയും ചെയ്തു. 1572-ല്‍ പിയൂസ് അഞ്ചാമന് പാപ്പാ അവരെ ‘ദൈവത്തിന്റെ (വിശുദ്ധ യോഹന്നാനിന്റെ) ആതുരസേവന സഹോദരന്മാര്’ (Hospitaller Brothers of (St) John of God) എന്ന പേരില്‍ ഔദ്യോഗികമായി അംഗീകരിച്ചു.*
*‘രോഗികളെ സേവിക്കുക’ എന്നതായിരുന്നു ഈ സഭാംഗങ്ങളുടെ പ്രതിജ്ഞകളില്‍ നാലാമത്തേത്. രോഗികള്‍ക്ക് വേണ്ടിയുള്ള വിശുദ്ധന്റെ കഠിനപ്രയത്നങ്ങള്‍ കാരണം തിരുസഭ വിശുദ്ധനെ ആതുരാലയങ്ങളുടേയും, മരണാസന്നരുടെയും മധ്യസ്ഥനായി പരിഗണിക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഈ വിശുദ്ധന്റെ പേരും ഉണ്ട്.
Tags:
വിശുദ്ധർ