വിശുദ്ധ കോളെറ്റ്, മാർച്ച് 6
1381 ജനുവരി 13ന് ഫ്രാന്‍സിലെ പിക്കാര്‍ഡിയിലുള്ള കാല്‍സിയിലെ ബോയിലെറ്റെ എന്ന മരപ്പണിക്കാരന്റെ മകളായിട്ടായിരുന്നു വിശുദ്ധ ജനിച്ചത്. കോളെറ്റ് വളരെയേറെ സുന്ദരിയായിരുന്നു. മിറായിലെ വിശുദ്ധ നിക്കോളാസിനോടുള്ള ഭക്തിമൂലം വിശുദ്ധയുടെ മാതാപിതാക്കള്‍ അവള്‍ക്ക് നിക്കോളെറ്റ് എന്ന നാമമാണ് നല്‍കിയത്. അവള്‍ക്ക് 17 വയസ്സായപ്പോള്‍ ആശ്രമാധിപതിയുടെ സംരക്ഷണത്തില്‍ അവളെ ഏല്‍പ്പിച്ചുകൊണ്ട് വിശുദ്ധയുടെ മാതാപിതാക്കള്‍ മരണമടഞ്ഞു.
ബെഗൂയിന്‍സിന്റേയും, ബെനഡിക്ടന്‍ സഭയിലുമായി തന്റെ ആത്മീയ ജീവിതം ആരംഭിക്കുവാന്‍ വിശുദ്ധ ശ്രമിച്ചുവെങ്കിലും അവള് അതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് അവള് തന്റെ സ്വത്തുക്കള്‍ മുഴുവന്‍ പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തതിനു ശേഷം വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നു. അവള്‍ക്ക് 21 വയസ്സായപ്പോള്‍, ആശ്രമാധിപ കോള്‍ബെറ്റിന് കോര്‍ബി ദേവാലയത്തിനു സമീപത്തെ ഒരു ആശ്രമം നല്കി. അവള് അവിടെ വളരെ അച്ചടക്കത്തോട് കൂടിയ ആശ്രമ ജീവിതമാരംഭിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും അവള് വളരെയേറെ പ്രസിദ്ധയാര്‍ജിച്ചു കഴിഞ്ഞിരുന്നു.
ആളുകള്‍ നിരന്തരം വിശുദ്ധയുടെ ഉപദേശം തേടി വരുവാന്‍ തുടങ്ങി. 'വിശുദ്ധ ക്ലാരയുടെ ഒന്നാം നിയമം' അതിന്റെ പരിപൂര്‍ണ്ണമായ അച്ചടക്കത്തോട്കൂടി വീണ്ടെടുക്കുവാന്‍ വിശുദ്ധ ഫ്രാന്‍സിസ് അവളെ ചുമതലപ്പെടുത്തുന്നതായി വിശുദ്ധക്കു ദര്‍ശനം ലഭിച്ചു. എന്നാല്‍ ഇതത്ര കാര്യമാക്കാതിരുന്ന വിശുദ്ധ അതിനായി യാതൊന്നും ചെയ്തില്ല, അതേതുടര്ന്ന് മൂന്ന് ദിവസത്തോളം അന്ധയും, മൂന്ന് ദിവസത്തോളം ഊമയുമായി വിശുദ്ധക്ക് കഴിയേണ്ടി വന്നു. അവളുടെ ആദ്ധ്യാത്മികനിയന്താവായ ഫാ. ഹെന്രി ഡെ ബൗമയുടെ പ്രോത്സാഹനത്തോട്കൂടി, 1406-ല്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതിനായി വിശുദ്ധ ആ ആശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് വിശുദ്ധ നൈസിലേക്ക് പോയി, കീറി തുന്നിയ ഒരു പഴയ സഭാവസ്ത്രവും ധരിച്ചു നഗ്നപാദയായിട്ടാണ് വിശുദ്ധ പോയത്.
മതഭിന്നതയുടെ കാലത്ത് ഫ്രഞ്ച്കാര് ബെനഡിക്ട് പതിമൂന്നാമന്‍ എന്നപേരില്‍ മാര്‍പാപ്പായേപോലെ കണ്ടിരുന്ന പീറ്റര്‍ ഡെ ലൂണായേ കാണുവാനായിട്ടായിരുന്നു വിശുദ്ധ പോയത്. അദ്ദേഹം വിശുദ്ധയെ സ്വാഗതം ചെയ്യുകയും ‘പാവപ്പെട്ടവരുടെ ക്ലാര’ എന്ന് പരസ്യമായി വിളിക്കുകയും ചെയ്തു. വിശുദ്ധയുടെ ആശയങ്ങളില്‍ വളരെയേറെ ആകൃഷ്ടനായ അദ്ദേഹം വിശുദ്ധയേ മിനോറെസെസ്സിലെ എല്ലാ മഠങ്ങളുടേയും അധിപയായി നിയമിച്ചു. തുടക്കത്തില്‍ വിശുദ്ധക്ക് വളരെ കഠിനമായ എതിര്‍പ്പ് നേരിടേണ്ടതായി വരികയും, മതഭ്രാന്തിയെന്നു വിളിക്കപ്പെടുകയും, മന്ത്രവാദിനിയെന്ന് മുദ്രകുത്തുപ്പെടുകയും ചെയ്തു. എന്നാല്‍ അവള് ആ ആരോപണങ്ങളേയും, ശാപങ്ങളേയും ക്ഷമയോട്കൂടി നേരിട്ടു. ക്രമേണ സാവോയിയില്‍ ചിലമാറ്റങ്ങള്‍ കണ്ടു തുടങ്ങി.
പ്രത്യേകിച്ച് അവിടെ വിശുദ്ധയുടെ നവീകരണങ്ങളോട് അനുഭാവമുള്ളവരേയും, പുതിയ അംഗങ്ങളേയും വിശുദ്ധക്ക് ലഭിച്ചു. വിശുദ്ധ കോളെറ്റിന്റെ നവീകരണങ്ങള്‍ ബുര്‍ഗുണ്ടി, ഫ്രാന്‍സ്, ഫ്ലാണ്ടേഴ്സ്, സ്പെയിന് തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഹെന്രി ഡെ ബൗമയുടെ സഹായത്തോട് 1410-ല്‍ ‘പാവപ്പെട്ടവരുടെ ക്ലാര’സഭയുടെ ഭവനത്തില്‍ വിശുദ്ധയുടെ, പുതിയ നിയമങ്ങള്‍ സ്വീകരിച്ചു. ഇതിനിടയില്‍ മാര്‍പാപ്പാമാരുടെ ഭിന്നത നീക്കുവാനുള്ള വിശുദ്ധ വിന്‍സെന്റ് ഫെറെറിന്റെ ശ്രമത്തില്‍ വിശുദ്ധ അദ്ദേഹത്തെ സഹായിച്ചു. വിശുദ്ധ കോളെറ്റ് 17-ഓളം പുതിയ സന്യാസിനീ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ഇതിനു പുറമേ ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സിന്റെ ഉള്‍പ്പെടെ നിരവധി ഭവനങ്ങള്‍ നവീകരിക്കുകയും ചെയ്തു.
വിശുദ്ധയുടെ ഏറ്റവും പ്രസിദ്ധമായ മഠമായിരുന്നു ലെ പുയി-എന്‍-വെലെ (ഹൌറ്റ്-ലോയിറെ), ഈ മഠത്തിന്റെ പ്രവര്‍ത്തനം ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് പോലും തടസ്സപ്പെട്ടിട്ടില്ലായിരുന്നുവെന്നത് ചരിത്രസത്യമാണ്. താന്‍ നിയോഗിക്കപ്പെട്ട ദൗത്യത്തിനായി വിശുദ്ധ കോളെറ്റിനു യാതൊരുവിധ പരിശീലനമോ, തയ്യാറെടുപ്പോ ലഭിച്ചിട്ടില്ലായിരുന്നു. തന്റെ വിശുദ്ധിയും വിശ്വാസവും വഴിയാണ് വിശുദ്ധക്ക് അതിനുള്ള ശക്തി ലഭിച്ചത്. കൂടാതെ ഒരു എതിര്‍പ്പിനും തകര്‍ക്കാന്‍ പറ്റാത്ത ദൃഡനിശ്ചയവും അവള്‍ക്കുണ്ടായിരിന്നു. അവളുടെ എളിമയും, നന്മയും വഴി ബൗര്‍ബോണിലെ ജെയിംസ്, ബുര്‍ഗുണ്ടിയിലെ ഫിലിപ്പ് തുടങ്ങിയ നിരവധി ഉന്നതരായ ആളുകള്‍ വരെ വിശുദ്ധയുടെ വാക്കുകള്‍ പിഞ്ചെല്ലാന്‍ തുടങ്ങി.
വിശുദ്ധ ഫ്രാന്‍സിസിനേപോലെ വിശുദ്ധ കോളെറ്റിനും യേശുവിന്റെ സഹനങ്ങളോട് അപാരമായ ഭക്തിയുണ്ടായിരുന്നു. മൃഗങ്ങളോടുപോലും വിശുദ്ധ ദയയും ശ്രദ്ധയും കാണിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും അവള് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഉപവസിക്കുകയും യേശുവിന്റെ പീഡനങ്ങളേക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക പതിവായിരുന്നു.
നിരവധി മഠങ്ങള്‍ സ്ഥാപിച്ച വിശുദ്ധ ഫ്ലാണ്ടേഴ്സില്‍ വെച്ച് രോഗത്തിന് അടിപ്പെട്ടു. തന്റെ മരണത്തെക്കുറിച്ച് അവള്‍ക്ക് ബോധ്യം ലഭിക്കുകയും തന്റെ അന്ത്യകൂദാശകള്‍ യഥാവിധി സ്വീകരിക്കുകയും ചെയ്തു. വിശുദ്ധക്ക് 67 വയസ്സായപ്പോള്‍ ഘെന്റിലെ മഠത്തില്‍ വെച്ച് വിശുദ്ധ മരണമടഞ്ഞു. ചക്രവര്‍ത്തിയായ ജോസഫ് രണ്ടാമന് ആത്മീയ ഭവനങ്ങള്‍ നശിപ്പിച്ചു കൊണ്ടിരുന്ന കാലമായതിനാല്‍ വിശുദ്ധയുടെ മൃതശരീരം സന്യാസിനീമാര്‍ പോളിഗ്നി മഠത്തിലേക്ക് മാറ്റി. 1807-ല്‍ അവള് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.
‘പാവങ്ങളുടെ ക്ലാര’ സഭയിലെ ഒരു ശാഖ ഇപ്പോഴും ‘കോളെറ്റിന്‍സ്’ എന്നാണ് അറിയപ്പെടുന്നത്. ചില ചിത്രങ്ങളില്‍ ഒരു ക്രൂശിതരൂപവും, ഒരു കൊളുത്തും പിടിച്ചുകൊണ്ട് നില്ക്കുന്ന രീതിയിലും, ഒരു അരുവിയില്‍ കൂടി അത്ഭുതകരമായി നടന്നുപോകുന്ന രീതിയിലും വിശുദ്ധയെ ചിത്രീകരിച്ചിട്ടുണ്ട്. ഘെന്റ്, കോര്‍ബീ എന്നീ സ്ഥലങ്ങളില്‍ വിശുദ്ധയെ ഭക്തിപൂര്‍വ്വം വണങ്ങി വരുന്നു.
Tags:
വിശുദ്ധർ