ജെറുസലേമിലെ വിശുദ്ധ സിറില്‍, മാർച്ച് 18
*വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ലിഖിതങ്ങള്‍ മനപാഠമാക്കിയ ആളായിരുന്നു ജെറൂസലേമിലെ വിശുദ്ധ സിറില്‍. വിശുദ്ധ ലിഖിതങ്ങളുടെ പഠനത്തില്‍ വളരെയേറെ ആഴത്തിൽ ചിന്തിക്കുകയും,യാഥാസ്ഥിതിക കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു വലിയ സംരക്ഷകനുമായിതീര്‍ന്ന ശ്രേഷ്ഠ വ്യക്തിയായിരുന്നു വിശുദ്ധ സിറില്‍. അദ്ദേഹം ബ്രഹ്മചര്യവും, കഠിനമായ സന്യാസനിഷ്ടകളുമായി എളിയ ജീവിതം നയിക്കുകയും ചെയ്തു. ജെറൂസലേമിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ മാക്സിമസ്, വിശുദ്ധന് പുരോഹിത പട്ടം നല്‍കുകയും, വിശ്വാസികള്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണം നടത്തുന്നതിനും, ക്രിസ്തീയവിശ്വാസ സ്വീകരണത്തിനു തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. തന്റെ ഈ ദൗത്യത്തില്‍ വിശുദ്ധന് സകലരുടേയും പ്രശംസക്ക് പാത്രമായി.*
*മതബോധന നിര്‍ദ്ദേശങ്ങള്‍’ (Catechetical Instructions) എന്ന മനോഹരമായ ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ് വിശുദ്ധ സിറില്‍. തന്റെ ഈ കൃതിയില്‍ വിശുദ്ധന് വളരെ വ്യക്തമായും, പൂര്‍ണ്ണമായും സഭാപ്രബോധനങ്ങള്‍ വിവരിച്ചിരിക്കുന്നു. മാത്രമല്ല ക്രിസ്തീയ വിശ്വാസത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കുവാന്‍ വേണ്ട മത-സിദ്ധാന്തങ്ങള്‍ ഓരോന്നായി അദ്ദേഹം എടുത്ത് പറഞ്ഞിരിക്കുന്നു. വളരെ വിശേഷമായ രീതിയിലാണ് അദ്ദേഹം ഈ വിഷയം കൈകാര്യം ചെയ്തിരിന്നത്. കൂടാതെ തന്റെ സമയത്ത് നിലനിന്നിരുന്ന എല്ലാ മതവിരുദ്ധവാദങ്ങളെയും, വരുവാനിരിക്കുന്ന മതവിരുദ്ധവാദങ്ങളെ വരെ ദീര്‍ഘവീക്ഷണത്തോട് കൂടി അദ്ദേഹം വളരെ വ്യക്തമായി എതിര്‍ത്തിരിന്നു. അപ്രകാരം ക്രിസ്തുവിന്റെ ശരീരത്തിന്റേയും, രക്തത്തിന്റേയും യാഥാര്‍ത്ഥ സാന്നിദ്ധ്യം അള്‍ത്താരയിലെ ആരാധനയില്‍ അദ്ദേഹം ഉറപ്പ് വരുത്തി. മാക്സിമസിന്റെ മരണത്തിനു ശേഷം ആ പ്രവിശ്യയിലെ മെത്രാന്മാര് വിശുദ്ധ സിറിലിനെ മാക്സിമസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു.*
*തന്റെ സമകാലികനും അനുഗ്രഹീതനുമായ അത്തനാസിയൂസിനെ പോലെ ഒരു മെത്രാനെന്നനിലയില്‍, വിശുദ്ധനും തന്റെ വിശ്വാസ സംരക്ഷണത്തിനായി മതവിരുദ്ധരായ നാസ്ഥികരുടെ കയ്യില്‍ നിന്നും നിരവധി പീഡനങ്ങളും തിന്മകളും സഹിക്കെണ്ടതായി വന്നിട്ടുണ്ട്. അവര്‍ക്ക് വിശുദ്ധന്റെ ശക്തമായ എതിര്‍പ്പ് സഹിക്കുവാന്‍ കഴിയുകയില്ലായിരുന്നു, അതിനാല്‍ അവര്‍ വിശുദ്ധനെ വ്യാജാപവാദങ്ങളാല്‍ അധിക്ഷേപിക്കുകയും, കപട-സമിതി മുന്‍പാകെ ഹാജരാക്കി വിശുദ്ധനെതിരെ കള്ളസാക്ഷ്യം പറഞ്ഞും അദ്ദേഹത്തെ തന്റെ സഭയില്‍ നിന്നും ആട്ടിയകറ്റി. അവരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷനേടുന്നതിനായി വിശുദ്ധന് സിലിസിയായിലെ ടാര്‍സസിലേക്ക് പോയി. കോണ്‍സ്റ്റാന്റിയൂസ് ജീവിച്ചിരുന്നിടത്തോളം കാലം അദ്ദേഹം അവിടെ ഒളിജീവിതത്തിന്റെ സകലവിധ കഷ്ടപ്പാടുകളും സഹിച്ച് കഴിഞ്ഞു. കോണ്‍സ്റ്റാന്റിയൂസിന്റെ മരണത്തിനു ശേഷം ജൂലിയന്‍ അധികാരത്തില്‍ വന്നതോടെ വിശുദ്ധ സിറിലിന് ജെറൂസലേമിലേക്ക് തിരിച്ചു വരുവാന്‍ സാധിച്ചു. തിരികെയെത്തിയ വിശുദ്ധന് തന്റെ അജഗണത്തെ തെറ്റായ സിദ്ധാന്തങ്ങളില്‍ നിന്നും മോചിപ്പിക്കുവാനും, പാപങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാനും വളരെ കഠിനമായ പരിശ്രമങ്ങള്‍ നടത്തി.*
*പക്ഷേ വാലെന്‍സ് ചക്രവര്‍ത്തിയുടെ കാലത്ത് വീണ്ടും ഒരിക്കല്‍ കൂടി അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടതായി വന്നു. എന്നാല്‍ മഹാനായ തിയോഡോസിയൂസിന്റെ കാലത്ത് സഭയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുകയും, മതവിരുദ്ധവാദികളുടെ ക്രൂരതയും, ധിക്കാരവും അവസാനിപ്പിക്കുകയും ചെയ്തപ്പോള്‍, ക്രിസ്തുവിന്റെ ധീരനായ ഒരു യോദ്ധാവ് എന്ന നിലയില്‍ വിശുദ്ധനെ വളരെ ആദരപൂര്‍വ്വം തിരികെ കൊണ്ടു വരികയും അദ്ദേഹത്തിന്റെ പദവി തിരികെ നല്‍കുകയും ചെയ്തു. ഒരു തീര്‍ത്ഥാടനത്തിനിടക്ക് കുറച്ച് കാലം അവിടെ കഴിഞ്ഞ വിശുദ്ധ ബേസില്‍ വിവരിച്ചിരിക്കുന്നതനുസരിച്ച്, ജെറൂസലേമിലെ സഭയുടെ പിന്നീടുള്ള വളര്‍ച്ചക്ക് കാരണം വിശുദ്ധ സിറിലിന്റെ വിശുദ്ധിയും, ഉത്സാഹവുമാണ്.*
*ഐതീഹ്യമനുസരിച്ച് ഈ സിറിലിന്റെ വിശുദ്ധിയേ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ശ്രേഷ്ടമായ ചില അടയാളങ്ങള്‍ നല്കി ആദരിച്ചു. 'സൂര്യനേക്കാളും പ്രകാശമുള്ള ഒരു കുരിശു രൂപത്തിന്റെ പ്രത്യക്ഷപ്പെടല്‍' ഇതില്‍ ഒന്നാണ്. വിശുദ്ധ സിറില്‍ മാത്രമല്ല ക്രിസ്ത്യാനികളും, വിജാതീയരും ഒരുപോലെ ഈ അത്ഭുതത്തിനു സാക്ഷ്യം വഹിച്ചിരുന്നു. വിശുദ്ധന് ഇതിനു ദേവാലയത്തില്‍ വെച്ച് ദൈവത്തിനു നന്ദി പറഞ്ഞതിന് ശേഷം എഴുത്ത് മുഖാന്തിരം കോണ്‍സ്റ്റാന്റിയൂസിനേ ഇത് അറിയിക്കുകയുണ്ടായി. ദൈവഭക്തിയില്ലാതിരുന്ന ജൂലിയന്‍ ചക്രവര്‍ത്തി, ടൈറ്റസിനാല്‍ തകര്‍ക്കപ്പെട്ട ഒരു ക്ഷേത്രം പുനസ്ഥാപിക്കുവാനായി ജൂതന്മാരുടെ പടയേയും നയിച്ചുകൊണ്ട് പോകുന്ന വഴിക്ക് ഒരു ഭൂകമ്പമുണ്ടാവുകയും, ഭൂമിക്കടിയില്‍ നിന്നും വലിയ തീഗോളങ്ങള്‍ അവര്‍ക്ക് നേരെ വരികയും വളരെയേറെ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇതില്‍ ഭീതിപൂണ്ട അവര്‍ പിന്നീട് തങ്ങളുടെ ഉദ്യമം ഉപേക്ഷിച്ചു.*
*വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സംഭവം വളരെ വ്യക്തമായി വിശുദ്ധ സിറില്‍ പ്രവചിച്ചിരുന്നതാണ്. അദ്ദേഹം മരിക്കുന്നതിനു കുറച്ച് കാലം മുന്‍പ് വിശുദ്ധന് കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭാ സമിതിയില്‍ പങ്കെടുക്കുകയും മാസെഡോണിയൂസ്, അരിയൂസ് തുടങ്ങിയ മതവിരുദ്ധ വാദങ്ങളെ വളരെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. തിരികെ ജെറൂസലേമില്‍ എത്തിയതിനു ശേഷം മെത്രാന് പദവിയില്‍ 35 വര്‍ഷം പിന്നിട്ടപ്പോള്‍, തന്റെ 69-മത്തെ വയസ്സില്‍ അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. ആഗോള സഭ മുഴുവനും അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും വേണമെന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ അന്ന് ആഹ്വാനം ചെയ്തിരുന്നു.
Tags:
വിശുദ്ധർ