ദനഹക്കാലം അവസാന വെള്ളി - അറൂവ്താ ദ്അന്നീദേ (സകല മരിച്ച വിശ്വാസികളുടെയും തിരുനാൾ)
"നിന്നിലുള്ള ശരണത്തിൽ
മരണനിദ്രപ്രാപിച്ചവരെ ഉയിർപ്പിക്കണമേ.
നിന്റെ കൃപയാൽ അവരെ വലത്തുഭാഗത്തു നിറുത്തുകയും ആദിമുതൽ നിന്നെ പ്രസാദിപ്പിച്ച
സകലനീതിമാന്മാരോടും നിർമലരോടും കൂടെ നിന്റെ രാജ്യത്തിലെ സ്വർഗീയഭാഗ്യങ്ങളാൽ ആനന്ദിപ്പിക്കുകയും ചെയ്യണമേ."
(മാർ നെസ്തോറിയസിൻ്റെ കൂദാശ ക്രമം)
പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളിൽ ഈശോയെ നമുക്ക് കാണിച്ചുതന്ന പിതാക്കന്മാരെ അനുസ്മരിച്ച ശേഷം, അവസാന വെള്ളിയാഴ്ച്ച നമ്മുടെ പ്രിയപ്പെട്ടവരായ സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ നാം ആചരിക്കുന്നു.
ഈശോയെ നമുക്ക് കാണിച്ചുതന്നവരിൽ നമ്മോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ നമ്മുടെ പൂർവ്വികർ തന്നെ......
നമുക്ക് ജന്മം നൽകി, ഈശോയെ നമുക്ക് കാണിച്ചുതന്ന്, മ്ശീഹാമാർഗത്തിൽ നമ്മെ വളർത്തിയ നമ്മുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കുന്ന സുദിനം.
അവരുടെ ജീവിതം നമുക്ക് മാതൃകയാണ്. മാർത്തോമ്മാ ശ്ലീഹായിൽനിന്നും കൈമാറിക്കിട്ടിയ അമൂല്യ നിധിയായ നമ്മുടെ ശ്ലൈഹികവിശ്വാസം കൈമോശം വരുത്താതെ നമുക്ക് പകർന്നു നൽകിയ നമ്മുടെ പ്രിയപ്പെട്ടവരെ നമുക്ക് നന്ദിയോടെ ഓർക്കാം, അവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.....
അവരെപ്രതി നമുക്ക് ആലാഹായ്ക്ക് കൃതജ്ഞത അർപ്പിക്കാം......
നാം ഇന്നും വിശ്വാസികൾ ആയിരിക്കുന്നതിന് കാരണക്കാർ അവരാണ്; അവരുടെ വിശ്വാസ ജീവിതമാണ് നമ്മുടെ മാർഗ്ഗദീപം.
"പാത്രിയാർക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ, കശീശാമാർ, മ്ശംശാനാമാർ എന്നിവരുടെയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ, പുത്രീപുത്രന്മാർ, സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമയാചരിച്ചുകൊണ്ടു നിങ്ങൾ പ്രാർഥിക്കുവിൻ.
മിശിഹായുടെ സ്നേഹിതരും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും,
സത്യവിശ്വാസത്തോടെ മരിച്ച്,
ഈ ലോകത്തിൽ നിന്നു വേർപെട്ടുപോയ
എല്ലാവരെയും അനുസ്മരിക്കുവിൻ.
എല്ലാ നിവ്യന്മാരെയും ശ്ലീഹന്മാരെയും സഹദാമാരെയും വന്ദകരെയും ഓർമിക്കുവിൻ. മരിച്ചവരുടെ ഉയിർപ്പിൽ അവരെ മുടിചൂടിക്കുന്ന ആലാഹാ അവരോടുകൂടെ നമുക്കു പ്രത്യാശയും പങ്കാളിത്തവും ജീവനും സ്വർഗരാജ്യത്തിൽ അവകാശവും നല്കട്ടെ."
(ശ്ലീഹന്മാരുടെ കുർബാന ക്രമം)
"കർത്താവേ, സത്യവിശ്വാസത്തോടെ
ഈ ലോകത്തിൽ നിന്നു മരിച്ചുപോയവർ നിത്യസൗഭാഗ്യത്തിൽ പ്രവേശിക്കുന്നതിനുവേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു.
അങ്ങു മാത്രമാണ് സത്യത്തിന്റെ പിതാവായ ദൈവമെന്ന് എല്ലാ മനുഷ്യരും അറിയണമെന്നും
യഥാർഥജ്ഞാനത്തിലേക്കു തിരിഞ്ഞ്
എല്ലാവരും രക്ഷിക്കപ്പെടണമെന്നും
അങ്ങ് ആഗ്രഹിക്കുന്നുവല്ലോ.
അങ്ങ് അനാദിമുതൽ കർത്താവാണെന്നും
സൃഷ്ടിക്കപ്പെടാത്തവനും
സകലത്തിന്റെയും സഷ്ടാവുമായ പിതാവും പുത്രനും റൂഹാദ്കുദ്ശായുമായ ദൈവമാണെന്നും അവർ അറിയട്ടെ.
മനുഷ്യവംശത്തിന്റെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രനും ദൈവവചനവുമായ കർത്താവീശോമിശിഹാ
പൂർണമനുഷ്യത്വം ധരിച്ച് ദൈവത്തിന്റെ ശക്തിയാലും റൂഹാദ്കുദ്ശായാലും സകലതും പൂർത്തീകരിക്കുകയും
നീതീകരിക്കുകയും ചെയ്തുവെന്നും
അവിടന്നു ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യസ്ഥനും നിത്യജീവന്റെ ദാതാവുമാണെന്നും
എല്ലാവരും ഗ്രഹിക്കട്ടെ.
കർത്താവേ, മർത്ത്യമായ ശരീരത്തിലും
അമർത്ത്യമായ ആത്മാവിലും
ഞങ്ങളുടെ പരേതരായ സഹോദരർ ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും
അങ്ങയുടെ മുമ്പാകെ അവർക്കു വന്നുപോയിട്ടുള്ള വീഴ്ചകളും
കൃപാപൂർവം മോചിക്കണമേ.
എന്തുകൊണ്ടെന്നാൽ,
പാപം ചെയ്യാത്തവരും
അങ്ങയുടെ പക്കൽ നിന്നു കരുണയും പാപമോചനവും
ആവശ്യമില്ലാത്തവരുമായി ആരുമില്ല. അങ്ങു കാരുണ്യപൂർവം ഞങ്ങളിൽ സംപ്രീതനാകണമെന്ന്
ഞങ്ങൾ യാചിക്കുകയും അപേക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു."
(മാർ തെയദോറോസിൻ്റെ കുർബാന ക്രമം)
Tags:
ആരാധന ക്രമ൦