ദനഹാ കാലത്തിലെ ആറാം വെള്ളിയാഴ്ച സഭ പ്രത്യേകമായി അനുസ്മരിക്കുന്നത് സുറിയാനി മല്പാന്മാരെയാണ്.
അവരിൽത്തന്നെ പ്രത്യേകമായി നിസ്സിബിസ്സ് വിദ്യാപീഠത്തിലെ മല്പാന്മാരെയാണ് നാം അനുസ്മരിക്കുന്നത്.
ശ്ലീഹന്മാരുടെ പിൻഗാമികളായി എട്ടാം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ തിരുസഭയിൽ ജീവിച്ചിരുന്ന വിശുദ്ധരും പണ്ഡിതരുമായ ദൈവശാസ്ത്രപ്രബോധകരാണ് സഭാപിതാക്കന്മാർ.
അവർ ഈശോ മിശിഹായുടെ യഥാർത്ഥ ദനഹാകളാണ്.
അവരിൽ നമ്മുടെ സഭയിൽ സത്യവിശ്വാസം പ്രഘോഷിച്ചവരാണ് സുറിയാനി മല്പാന്മാർ.
മാർത്തോമാശ്ലീഹായിലൂടെ കൈമാറി ലഭിച്ച മിശിഹാനുഭവവും, സത്യവിശ്വാസവും, വിശുദ്ധ പാരമ്പര്യങ്ങളും, ആദ്യനൂറ്റാണ്ടുകളിൽ നമുക്ക് കൈമാറുകയും സഭയുടെ തൂണുകൾ ആയി നിലകൊണ്ട് സഭയാകുന്ന സൗധത്തെ നിലനിർത്താൻ സഹായിക്കുകയും ചെയ്ത സത്യപ്രബോധകരാണ് സുറിയാനി മല്പാന്മാർ. അവരിൽ വിശ്രുത എഴുത്തുകാരും ദൈവശാസ്ത്രത്തിന് ലളിതമായ ഭാഷണം ഒരുക്കിയ കവികളും ഉന്നത ദൈവശാസ്ത്രജ്ഞരും അജഗണത്തെ നയിച്ച മെത്രാന്മാരും ദയറാ വാസികളായ മഹാതാപസികരും ഏകാന്തവാസികളും സ്തംഭവാസികളും ഉണ്ടായിരുന്നു.
മാർ അപ്രേം, മാർ നർസായ്, മാർ അവറാഹം, മാർ ലൂല്യാൻ, മാർ യോഹന്നാൻ, മാർ അഫ്രഹാത്ത്, മാർ യാക്കോബ് എന്നിവരാണ് അവരിൽ പ്രധാനികൾ.
സാധാരണ ബുദ്ധിക്ക് അഗ്രാഹ്യങ്ങളായ ദൈവിക രഹസ്യങ്ങളെ, തീഷ്ണമായ താപസ ജീവിതശൈലിയും ദൈവവചനത്തിൻ്റെ ആഴമായ ധ്യാനവും വഴി വെളിപാടുകളിലൂടെ മനസ്സിലാക്കുകയും വിശുദ്ധഗ്രന്ഥവ്യാഖ്യാനങ്ങളും സത്യ പ്രബോധനങ്ങളും നൽകിയവരാണ് ഇവർ. വിശുദ്ധഗ്രന്ഥ ഭാഗങ്ങൾക്ക് ഈ പിതാക്കന്മാർ നൽകിയിട്ടുള്ള ആധ്യാത്മിക വ്യാഖ്യാനങ്ങളെ അതിശയിക്കുന്ന ഒരു വ്യാഖ്യാനവും സഭയിൽ ഇന്നില്ല. ഇന്നും സഭയുടെ പ്രബോധനങ്ങൾക്ക് അടിസ്ഥാനം ഇവരുടെ പഠനങ്ങൾ തന്നെയാണ്.
ദൈവസ്തുതികൾക്കായി നാം ഉപയോഗിക്കുന്ന യാമ നമസ്കാരങ്ങൾ ഈ സഭാപിതാക്കന്മാർ രചിച്ച പ്രാർത്ഥനകളാലും ഗീതങ്ങളാലും സമ്പന്നമാണ്.
എഴുതപ്പെട്ട വ്യാഖ്യാനങ്ങളിലൂടെ എന്നതിനേക്കാൾ തങ്ങളുടെ ജീവിതം വഴി ദൈവവചനത്തിന് ഭാഷ്യം നൽകിയവരാണ് അവർ. അവരുടെ വിശുദ്ധജീവിതം നമുക്ക് ഏറെ പ്രചോദനം നൽകുന്നവയാണ്.
ഈശോമിശിഹാ യുടേയും സുവിശേഷങ്ങളുടേയും തിരുസഭയുടേയും ജന്മ ദേശത്തോട് ചേർന്നു വളർന്ന നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം ശ്ലൈഹിക സഭയുടെ തന്നെ തനതായ പാരമ്പര്യമാണ്. തത്വശാസ്ത്രത്താൽ കറപുരളാത്തതും ദൈവവചനത്തിൽ ചാലിച്ചെടുത്തതുമായ ദൈവശാസ്ത്രമാണ് സുറിയാനി മല്പാന്മാരുടേത്.
സുറിയാനി പാരമ്പര്യത്തിൻ്റെ ശിൽപികളും കാവൽക്കാരും ആയ ഈ പരിശുദ്ധ പിതാക്കന്മാരുടെ പ്രാർത്ഥന നമ്മുടെ സഭയ്ക്ക് കോട്ട ആയിരിക്കട്ടെ....
ഫാ. ജോർജ് വല്ലയിൽ.