വിശുദ്ധ അപ്പോളോണിയ, ഫെബ്രുവരി 9
രക്തസാക്ഷികളെ കുറിച്ചുള്ള ചരിത്രരേഖകള്‍ പ്രകാരം, കന്യകയായിരുന്ന വിശുദ്ധ അപ്പോളോണിയ ഡെസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് (249-251) അലെക്സാണ്ട്രിയയിലായിരുന്നു ജീവിച്ചിരുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം നിമിത്തം മതപീഡകര്‍ വിശുദ്ധയുടെ പല്ലുകള്‍ അടിച്ചു തെറിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ ദൈവനിന്ദാ വചനങ്ങള്‍ ഏറ്റു പറഞ്ഞില്ലെങ്കില്‍ വിശുദ്ധയെ കത്തികൊണ്ടിരിക്കുന്ന ചിതയില്‍ ജീവനോടെ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം വിശുദ്ധ തന്നെ ദ്രോഹിക്കുന്നവരുടെ പിടിവിടുവിച്ച് കത്തിജ്വലിച്ചു കൊണ്ടിരുന്ന ആ ചിതയിലേക്കു സ്വയം എടുത്ത്ചാടി.
പുറത്ത് കത്തികൊണ്ടിരുന്ന അഗ്നിയേക്കാള്‍ തീക്ഷണമായിരുന്നു വിശുദ്ധയുടെ ഉള്ളില്‍ ജ്വലിച്ചു കൊണ്ടിരുന്ന പരിശുദ്ധാത്മാവിന്റെ അഗ്നി. തങ്ങളുടെ ഭീഷണി നടപ്പിലാക്കുന്നതിനു മുന്‍പ് തന്നെ ദുര്‍ബ്ബലയായൊരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം കത്തിയെരിഞ്ഞു കൊണ്ടിരുന്ന ആ ചിതയിലേക്കെടുത്ത് ചാടിയത് കണ്ടപ്പോള്‍ മതപീഡകര്‍ അമ്പരന്നു പോയി. പല്ലുവേദനയുടെ ശമനത്തിനായി ഈ വിശുദ്ധയുടെ മാധ്യസ്ഥം ലോകമെങ്ങും അപേക്ഷിച്ചു വരുന്നു.
വിശുദ്ധ അപ്പോളോണിയയുടെ രക്തസാക്ഷിത്വം ഒരു ആത്മഹത്യയായി തോന്നാം. എന്നാല്‍ മതപീഡനത്തില്‍ നിന്നും, അപമാനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് അപ്പോളോണിയ സ്വമേധയ ഏറ്റുവാങ്ങിയ മരണത്തെ അനേകര്‍ക്ക് ക്രിസ്തുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുതകുന്നതായിരിന്നു. എന്നാല്‍ വിശുദ്ധ ആഗസ്റ്റിന് ഉള്‍പ്പെടെയുള്ള ധാര്‍മ്മിക-മത പണ്ഡിതന്മാര് ഏതു സാഹചര്യത്തിലാണെങ്കില്‍ പോലും ആത്മഹത്യ അനുവദനീയമല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിശുദ്ധയുടെ വീരോചിത പ്രവര്‍ത്തിയെ അനേകര്‍ ബഹുമാനത്തോടെ കാണുന്നു. സഭയുടെ വിശ്വാസ സംഹിത പ്രകാരം വിശുദ്ധയുടെ മാതൃക അനുകരിക്കുന്നത് അനുവദനീയമല്ല. എല്ലാ അര്‍ത്ഥത്തിലും വിശുദ്ധരെ അനുകരിക്കുന്നത് അഭിലഷണീയമായ ഒരു കാര്യവുമല്ല. വിശുദ്ധയുടെ സമകാലികനും, അലെക്സാണ്ട്രിയായിലെ മെത്രാനുമായിരുന്ന ഡിയോണിസിയൂസ് ആണ് വിശുദ്ധയെ കുറിച്ചുള്ള വിവരണം എഴുതിയിട്ടുള്ളത്.
Tags:
വിശുദ്ധർ