റാണി മരിയ കൊല്ലപ്പെട്ടത് രാഷ്ട്രീയമോ സാമ്പത്തികമോ സാമുദായികമോ ആയ കാര്യങ്ങൾക്കുവേണ്ടിയല്ല. പ്രത്യുത, അവളുടെ ആഴമായ ക്രൈസ്തവ വിശ്വാസത്തിൽനിന്ന് ഉതിർന്ന സ്നേഹം, സത്യം, നീതി എന്നീ ദൈവരാജ്യ മൂല്യങ്ങൾക്കു വേണ്ടിയാണ്.
”കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട.് ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്കു മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവിടന്ന് എന്നെ അയച്ചിരിക്കുന്നു” (വി. ലൂക്കാ 4,18-19). 2017 നവംബർ 4-ാം തീയതി വാഴ്ത്തപ്പെട്ടവൾ എന്ന പദവിയിലേക്കുയർത്തപ്പെടുന്ന ധന്യയായ സി. റാണി മരിയയുടെ നാല്പത്തൊന്നു വർഷത്തെ ജീവിതവും പ്രവർത്തനങ്ങളും ഈ തിരുവചനത്തിൽ ആഴപ്പെട്ടതാണ്. യേശുനാഥന്റെ സ്നേഹപൂർവകമായ വിളിക്ക് ഔദാര്യത്തോടെ പ്രത്യുത്തരം നല്കിക്കൊണ്ട് സന്ന്യാസദൈവവിളിയിൽ വിശ്വസ്തതപുലർത്തുന്നതിനുള്ള ഒരു മഹനീയ മാതൃകയായി ഫ്രാൻസിസ്കൻ ക്ലാരസഭാംഗമായ സി. റാണി മരിയ നിലകൊള്ളുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിൽ പുല്ലുവഴി ഇടവകയിലെ വട്ടാലിൽ കുടുംബത്തിൽ പൈലി, ഏലീശ്വ ദമ്പതികളുടെ ദ്വിതീയ സന്താനമായി 1954 ജനുവരി 29-ന് സി. റാണി മരിയ ജനിച്ചു. ഫെബ്രുവരി 5-ാം തീയതി, പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ മാമ്മോദീസാ സ്വീകരിക്കുകയും മറിയം എന്ന പേര് ലഭിക്കുകയും ചെയ്തു. മാതാപിതാക്കൾ തങ്ങളുടെ മക്കളെ ദൈവവിശ്വാസത്തിലും സ്നേഹത്തിലും വളർത്തികൊണ്ടു വന്നു. അവർ സ്റ്റീഫൻ, ആനീസ്, വർഗീസ്, ത്രേസ്യാമ്മ, സി. സെൽമി പോൾ, ലൂസി എന്നിവരാണ്. മറിയം എന്ന മേരിക്കുഞ്ഞ് 1961-ൽ 7-ാമത്തെ വയസ്സിൽ പ്രഥമ ദിവ്യകാരുണ്യവും 1966-ൽ സ്ഥൈര്യലേപനവും സ്വീകരിച്ചു.
മേരിക്കുഞ്ഞ് സൽസ്വഭാവിയായ ഒരു ബാലികയായിരുന്നുവെന്നും അവൾ ലളിതമായ വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും ആഭരണങ്ങൾ അണിയുന്നതിൽ താല്പര്യം ഉണ്ടായിരുന്നില്ല എന്നും സഹോദരൻ സ്റ്റീഫൻ പറയുന്നു. അവളുടെ വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ ആരെയും ഉപദ്രവിച്ചിരുന്നില്ല. എന്തെങ്കിലും തെറ്റുപറ്റിയാൽ അവൾ അതിന് ക്ഷമ ചോദിച്ചിരുന്നു. മാതാപിതാക്കൾ അവളിൽ അഭിമാനം കൊണ്ടിരുന്നു. മറ്റു കുഞ്ഞുങ്ങളിൽനിന്ന് വ്യത്യസ്തമായി അവൾക്കു നല്ല അനുസരണമുണ്ടായിരുന്നുവെന്ന് മകളെക്കുറിച്ച് അമ്മ ഏലീശ്വ പറയുന്നു.
1972 ജൂലൈ 3-ാം തീയതി ഫ്രാൻസിസ്കൻ ക്ലാരസഭയുടെ എറണാകുളം തിരുഹൃദയ പ്രോവിൻസിൽ ചേരുന്നതിനായി മേരിക്കുഞ്ഞും ബന്ധു സിസിലിയും കിടങ്ങൂർ മഠത്തിൽ എത്തിച്ചേർന്നു. പരിശീലനത്തിനുശേഷം 1974 മെയ് 1-ന് ആദ്യവ്രതവാഗ്ദാനം നടത്തി. 1975-ൽ മിഷൻപ്രവർത്തനത്തിനായി ബിജ്നോർ രൂപതയിലേക്കയയ്ക്കപ്പെട്ടു. തീക്ഷ്ണതയോടുകൂടി, യേശുവിനെ അറിയാത്ത ജനങ്ങൾക്കിടയിൽ അവിടത്തേക്ക് സാക്ഷ്യംവഹിച്ചുകൊണ്ട് ജീവിച്ചു. 1980 മെയ് 22-ന് നിത്യവ്രതവാഗ്ദാനം നടത്തി. 1982-ൽ സാമൂഹ്യശാസ്ത്രത്തിൽ ബിരുദവും നേടി.
1983-ൽ സത്നാ രൂപതയിലെ ഓട്ഗഡിയിലേക്ക് സ്ഥലംമാറ്റപ്പെട്ടു. അവിടത്തെ ജനങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി പല പദ്ധതികൾക്കും സിസ്റ്റർ രൂപംകൊടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. ആത്യന്തികമായി ദൈവത്തിന്റെ സ്നേഹത്തിലേക്ക് ഏവരെയും ആനയിക്കുക എന്നതായിരുന്നു സിസ്റ്ററിന്റെ ലക്ഷ്യം. പ്രവർത്തനത്തിനിടയിൽ പലവിധ വെല്ലുവിളികളും എതിർപ്പുകളും നേരിടേണ്ടിവന്നു. അവിടെയെല്ലാം നഷ്ടധൈര്യയാകാതെ മുന്നേറുവാൻ ദിവ്യകാരുണ്യസന്നിധിയിൽനിന്ന് ശക്തി ആർജിച്ചിരുന്നു. ”കർത്താവിനുവേണ്ടിയും അവിടത്തെ മക്കൾക്കുവേണ്ടിയും നന്മചെയ്യുമ്പോൾ നാം നിശിതമായി വിമർശിക്കപ്പെടാം. എതിർപ്പുകൾ ഉണ്ടാവാം, മരണം തന്നെയും സംഭവിക്കാം. എന്നാൽ നാം ധൈര്യമായി മുന്നോട്ടുപോകണം” എന്ന് സിസ്റ്റർ പറഞ്ഞിരുന്നു. കർത്താവിനെക്കുറിച്ച് ഒരു വാക്കെങ്കിലും ആരോടെങ്കിലും പറയാതെ ഒരു ദിവസംപോലും കടത്തിവിടരുത് എന്നതു സിസ്റ്ററിനു നിർബന്ധമായിരുന്നു. റാണി മരിയയുടെ നോവീസ് മിസ്ട്രസ്സ് സി. ഇൻഫെന്റ് മേരി പറയുന്നു ”ആദ്ധ്യാത്മികതയിൽ കടഞ്ഞെടുത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സി. റാണി മരിയ.”
1992 മുതൽ ഇൻഡോർ രൂപതയിലെ ഉദയനഗർ ആയിരുന്നു റാണി മരിയയുടെ പ്രേഷിതരംഗം. സിസ്റ്ററിന്റെ ആഗമനം ഉദയനഗറിലെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് ഒരു പുതുജീവൻ പ്രദാനംചെയ്തു. വീരോചിതമായ ഉപവിപ്രവർത്തനങ്ങളിലൂടെ പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്തുവാൻ പല പദ്ധതികൾക്കും സിസ്റ്റർ രൂപംകൊടുത്തു. സ്വാശ്രയസംഘങ്ങൾ, സഹകരണസംഘങ്ങൾ എന്നിവയിലൂടെ പലിശയില്ലാതെ പണം കടമെടുക്കുവാൻ അവരെ പ്രാപ്തരാക്കി. സാമൂഹികോന്നമനത്തിനായുള്ള സിസ്റ്ററിന്റെ പ്രവർത്തനങ്ങൾ ആളുകളെ ആകർഷിച്ചു. അതു ചിലരെ ക്രൈസ്തവമതം സ്വീകരിക്കുന്നതിനും പ്രാപ്തരാക്കി. ജന്മിമാർക്കും പണം കടംകൊടുക്കൽ തൊഴിലാക്കിയിരുന്നവർക്കും വരുമാനം കുറയാൻ ഇതു കാരണമായി. അത് സിസ്റ്ററിനോട് അവർക്കു വെറുപ്പിനു കാരണമായിത്തീർന്നു. ”സമർപ്പിതരായ നാം ഭയപ്പെട്ടിരുന്നാൽ ആരാണ് ഈ പാവങ്ങളുടെ കാര്യം നോക്കുക. അവരും നമ്മുടെ സഹോദരങ്ങളല്ലേ” എന്നു പറഞ്ഞ് സിസ്റ്റർ സമൂഹത്തിലെ സഹോദരിമാർക്ക് ഉന്മേഷം പകർന്നിരുന്നു. പാവങ്ങൾക്കുവേണ്ടി ജോലിചെയ്യുവാനാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ഉറച്ച ബോദ്ധ്യം സി. റാണി മരിയയ്ക്കുണ്ടായിരുന്നു. 1994 ഡിസംബർമാസത്തിൽ സെമിലിഗ്രാമത്തിൽ ഉണ്ടായ ഒരു വഴക്ക് സമാധാനത്തിൽ തീർക്കാൻ സി. റാണി മരിയ പരിശ്രമിച്ചു. പക്ഷേ സിസ്റ്ററിന്റെ പരിശ്രമങ്ങളെല്ലാം വിഫലമായി. അത് പോലീസ് കേസായി മാറി. നിരപരാധികളായ പല കത്തോലിക്കരെയും ജയിലിൽ അടച്ചു. അവരെ ജയിലിൽ നിന്ന് മോചിപ്പിക്കുവാൻ സി. റാണി നടത്തിയ പരിശ്രമങ്ങൾ എതിരാളികളുടെ വൈരാഗ്യം വർദ്ധിക്കാൻ കാരണമായി. അത് സി. റാണി മരിയയുടെ കഥകഴിക്കണമെന്നുള്ള ഒരു തീരുമാനത്തിലേക്ക് അവരെ നയിച്ചു.
1995 ഫെബ്രുവരി 25-ന് സി. റാണി മരിയ ഉദയനഗറിൽനിന്ന് ഇൻഡോറിലേക്കുള്ള ബസ് യാത്രയ്ക്ക് ഇടയിൽ നച്ചൻബോർ മലയിൽ സഹയാത്രികർക്കുമുമ്പിൽ സമുന്ദർ സിംഗ് എന്ന വാടക കൊലയാളിയുടെ 54 കുത്തുകളേറ്റ് യേശു, യേശു എന്ന നാമം വിളിച്ചുകൊണ്ട് മരണമടഞ്ഞു. വിവരം അറിഞ്ഞയുടൻ ഇൻഡോർ ബിഷപ്പ് ജോർജ്ജ് ആനാത്തിലും ഏതാനും വൈദികരും കൂടി സ്ഥലത്ത് എത്തി മൃതശരീരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അനന്തര നടപടികൾക്കു ശേഷം മൃതശരീരം ഇൻഡോർ ബിഷപ്പ് ഹൗസിൽ പൊതു ദർശനത്തിനായി വച്ചു. ഫെബ്രുവരി 27-ന് 7 ബിഷപ്പുമാരും നൂറു കണക്കിന് വൈദികരും ആയിരക്കണക്കിന് ആളുകളും പങ്കെടുത്ത മൃതസംസ്കാര പ്രദക്ഷിണം 102 കിലോമീറ്റർ അകലെയുള്ള ഉദയനഗറിലേക്ക് 125 വാഹനങ്ങളിലായി നീങ്ങി. ഉദയ നഗർ പള്ളിയുടെ സമീപത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സി. റാണി മരിയയെ അടക്കംചെയ്തു.
ദിവ്യമണവാളനോടുള്ള വ്യക്തിപരമായ സ്നേഹമാണ് അവളുടെ പ്രേഷിതപ്രവർത്തനങ്ങളുടെ അന്തഃസത്തയായിരുന്നത്. ആ സ്നേഹത്താൽ പ്രേരിതയായി, അനുനിമിഷം തന്റെ ദിവ്യമണവാളനുമായി അനുരൂപപ്പെടുവാൻ തന്റെ അവസാനതുള്ളി രക്തവും ചിന്തി ജീവൻ അർപ്പിച്ചു. ”സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല” (യോഹ15,13) എന്ന തിരുവചനം സിസ്റ്ററിന്റെ കല്ലറയിൽ രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധർക്ക് വേണ്ടിയുള്ള തിരുസംഘത്തിലെ 9 പേരടങ്ങുന്ന ദൈവശാസ്ത്ര കമ്മീഷൻ ഐകകണ്ഠേന സി. റാണിമരിയയുടെ രക്തസാക്ഷിത്വം അംഗീകരിച്ചു. അവർ ഇപ്രകാരം പ്രസ്താവിച്ചു. ”വിശ്വാസത്തോടുള്ള വെറുപ്പ് പ്രഘോഷിക്കപ്പെടുന്ന സദ്വാർത്തയോടുള്ള വെറുപ്പിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ല. പിന്നെയോ അജപാലനപ്രവർത്തനത്തിലൂടെ ദൈവവചനത്തെ സമൂർത്തമാക്കുന്നവരിലേക്കും വ്യാപിക്കുന്നു.”
സി. റാണി മരിയ കൊല്ലപ്പെട്ടത് രാഷ്ട്രീയമോ സാമ്പത്തികമോ സാമുദായികമോ ആയ കാര്യങ്ങൾക്കുവേണ്ടിയല്ല. പ്രത്യുത, അവളുടെ ആഴമായ ക്രൈസ്തവ വിശ്വാസത്തിൽനിന്ന് ഉതിർന്ന സ്നേഹം, സത്യം, നീതി എന്നീ ദൈവരാജ്യ മൂല്യങ്ങൾക്കു വേണ്ടിയാണ്. സി. റാണിമരിയയുടെ രക്തസാക്ഷിത്വത്തിന്റെ പിന്നിൽ വിവിധകാരണങ്ങൾ കാണാം – കൊല്ലുവാൻ പ്രേരിപ്പിച്ച ആളിന്റെ വ്യക്തിവൈരാഗ്യം, പാവങ്ങൾക്കുവേണ്ടി ചെയ്തുകൊണ്ടിരുന്ന കാരുണ്യ പ്രവൃത്തികൾ, പാവപ്പെട്ട ആളുകളെ ക്രൈസ്തവ മതത്തിലേക്ക് മാനസാന്തരപ്പെടുത്തുന്നു എന്ന സംശയം എന്നിങ്ങനെ.
കേരള സഭയുടെ അഭിമാനപുത്രിയും ധീരരക്തസാക്ഷിയുമായ സി. റാണി മരിയയുടെ ജീവിതമാതൃകയും മാധ്യസ്ഥ്യശക്തിയും നമുക്ക് പ്രചോദനവും ശക്തിയുമാകട്ടെ. കേരളസഭാതനയരിൽ ഒരാൾകൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നു എന്നത് നമുക്കേവർക്കും അഭിമാനാർഹമാണ്. വിശുദ്ധരുടെ ജീവിതവും മാധ്യസ്ഥ്യശക്തിയുമാണ് സഭയെ ബലപ്പെടുത്തുകയും കൂട്ടായ്മയിൽ ഉറപ്പിക്കുകയും ചെയ്യുന്നത്. സി. റാണി മരിയ വട്ടാലിൽ എഫ്.സി.സി., തന്റെ ജീവിതത്തിന്റെ അവസാനവർഷങ്ങൾ ചെലവഴിക്കുകയും 25 ഫെബ്രുവരി 1995-ന് രക്തസാക്ഷിമകുടം ചൂടുകയും ചെയ്ത ഇൻഡോറിൽ വച്ച് 2017 നവംബർ 4 രാവിലെ 10-ന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി നാമകരണം ചെയ്യപ്പെടും. പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയും കർദിനാളുമായ ആഞ്ചലോ അമാത്തോ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനമധ്യേയാണ് ദൈവദാസി സിസ്റ്റർ റാണിമരിയ വാഴ്ത്തപ്പെട്ടവളായി നാമകരണം ചെയ്യപ്പെടുന്നത്. തുടർന്ന്, 2017 നവംബർ 5-ന് സി. റാണി മരിയയുടെ സാമൂഹ്യ ശുശ്രൂഷകളുടെ അവസാന വേദിയായിരുന്ന ഉദയനഗറിൽ കൃതജ്ഞതാബലിയർപ്പണം നടക്കും.
2017 നവംബർ 11 ഉച്ചകഴിഞ്ഞ് 2.45-ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സമൂഹബലിയും തിരുശേഷിപ്പ് പ്രതിഷ്ഠയും നടക്കും. വിശുദ്ധ കുർബാന മധ്യേ, കെസിബിസി പ്രസിഡന്റ് ആർച്ചുബിഷപ് മോസ്റ്റ് റവ. ഡോ. എം. സൂസ പാക്യം വചനപ്രഘോഷണം നടത്തും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും. നാഗ്പൂർ അതിരൂപതയുടെ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ എബ്രഹാം വിരുതുകുളങ്ങര, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് മദർ ജനറൽ സി. ആൻ ജോസഫ്, സി. സെൽമി പോൾ തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തും. കേരളസഭയിലെ എല്ലാ വിശ്വാസികളും നേരിട്ടോ ആത്മീയമായോ ഈ കർമങ്ങളിൽ പങ്കെടുത്ത് ദൈവത്തിന് കൃതജ്ഞതയർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
”വിശ്വാസം മൂലം രക്തസാക്ഷികൾ തങ്ങളുടെ ജീവിതം സമർപ്പിച്ചു. സുവിശേഷത്തിന്റെ സത്യത്തിന് സാക്ഷ്യംവഹിച്ചുകൊണ്ട് അങ്ങനെ ചെയ്തു. ആ സത്യം അവരെ രൂപാന്തരപ്പെടുത്തി. സ്നേഹത്തിന്റെ ഏറ്റം വലിയ ദാനം നേടാൻ അത് അവരെ ശക്തരാക്കി. തങ്ങളെ പീഡിപ്പിച്ചവരോട് ക്ഷമിക്കാനുള്ള കഴിവാണ് ആ ദാനം.” (വിശ്വാസത്തിന്റെ വാതിൽ, നമ്പർ 13). സിസ്റ്റർ റാണി മരിയയക്ക് ലഭിച്ച ഈ ദാനം തുടർന്ന്, സിസ്റ്ററിന്റെ കുടുംബാംഗങ്ങൾക്കും സഭാംഗങ്ങൾക്കും പകർന്നു ലഭിച്ചതായി കാണാം. ഭാരതത്തിൽ മാത്രമല്ല, വിദേശങ്ങളിൽപ്പോലും ഈ ക്ഷമിക്കുന്ന സ്നേഹത്തിന്റെ മാതൃക സ്വാധീനംചെലുത്തി. ”ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” (യോഹ 13,35) എന്ന ദിവ്യനാഥന്റെ ആഹ്വാനം ജീവിതത്തിൽ പ്രാവർത്തികമാക്കി നമുക്കു മാതൃകയും പ്രചോദനവുമായി നിലകൊള്ളുന്ന ഈ കാലഘട്ടത്തിന്റെ പ്രവാചിക സി. റാണി മരിയായെ വാഴ്ത്തപ്പെട്ടവൾ എന്ന പദവിയിലേക്കുയർത്തുന്നതിന് നല്ല ദൈവത്തിനു നമുക്കു നന്ദിപറയാം. ”നമുക്കും അവനോടുകൂടി പോയി മരിക്കാം” എന്ന ഭാരത അപ്പസ്തോലനായ വി. തോമാശ്ലീഹായുടെ വാക്കുകൾ തന്റെ ജീവിതത്തിൽ അന്വർത്ഥമാക്കിക്കൊണ്ട് രക്തസാക്ഷിമകുടം ചൂടിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയ നമുക്ക് അഭിമാനവും അനുഗ്രഹവുമായി ഭവിക്കട്ടെ.
സഹോദരരിൽ, വിശിഷ്യാ ദരിദ്രരിലും നിരാലംബരിലും യേശുവിനെ ദർശിച്ച് ശുശ്രൂഷചെയ്യുന്ന എല്ലാ പ്രേഷിതരെയും ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു. പ്രേഷിത തീക്ഷ്ണതയോടെയും സമർപ്പണ മനോഭാവത്തോടെയും സുവിശേഷപ്രഘോഷണം നടത്തുന്ന അനേകം പ്രേഷിതർ സഭയുടെ എല്ലാ തലങ്ങളിലും ഉണ്ടാകുന്നതിന് ഇടയാകട്ടെ. ദൈവദാസി സി. റാണി മരിയയുടെ ഘാതകനോട് നിരുപാധികം ക്ഷമിച്ച് മാതൃക കാട്ടിയ വട്ടാലിൽ കുടുംബാംഗങ്ങളെപ്പോലെ മാതൃകാപരമായ കുടുംബജീവിതത്തിലൂടെ സഭയ്ക്കും സമൂഹത്തിനും ശക്തിപകരാൻ എല്ലാ കുടുംബങ്ങൾക്കും സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.