പുക്ദാനകോൻ-പുക്ദാനേഹ് ദ് മ്ശിഹാ: സിറോ മലബാർ സഭയിലെ ഭിന്നതയുടെ വെളിച്ചത്തിൽ
"പുക്ദാനകോൻ" (നിങ്ങളുടെ കൽപ്പന) എന്ന പുരോഹിതൻ്റെ വാക്കുകൾക്ക് "പുക്ദാനേഹ് ദ് മ്ശിഹാ" (മിശിഹായുടെ കൽപ്പന) എന്ന ദൈവജനത്തിൻ്റെ മറുപടിയോടെയാണല്ലോ സിറോ-മലബാർ കുർബാന ആരംഭിക്കുന്നത്. ഈ ചെറിയ ഘോഷണം ദൈവീക പദ്ധതിയിലേക്കും സഭയുടെ പാരമ്പര്യങ്ങളിലേക്കും, സത്തയിലേക്കുതന്നെയും ജനത്തെ നയിക്കുന്നു. ഇത്, യുഗങ്ങൾക്കു മുമ്പേ പിതാവ് നമ്മുക്കായി ഒരുക്കിയിരിക്കുന്ന രക്ഷയിലേക്കും, രക്ഷാകര സംഭവങ്ങളിലേക്കും, പരിശുദ്ധാത്മാവിനാൽ ഒന്നിച്ചുകൂട്ടപ്പെട്ടിരിക്കുന്ന നമ്മുടെ അപ്പോസ്തോലിക കൂട്ടായ്മയിലേക്കും നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. സിറോ-മലബാർ സഭ മനുഷ്യരാൽ പണിതുയർത്തപ്പെട്ടതല്ല-മാനുഷികനിയമങ്ങളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നതുമല്ല. അതിൻ്റെ ഉൽഭവവും വളർച്ചയും ദൈവഹിതമാണ് - ദൈവത്താലാണ്. ചിലപ്പോഴെങ്കിലും ഈ ഘോഷണം സുറിയാനി ഭാഷയിൽ ആയിരിക്കുന്നതും ഏറെ അർത്ഥവത്തല്ലേ? മ്ശിഹായിൽനിന്നും ലഭിച്ച വിശ്വാസ വിളക്ക് , പെന്തക്കുസ്താ അനുഭവത്തിനുശേഷം ഭാരതത്തിൽ എത്തിച്ച മാർ തോമ്മാശ്ലീഹായെയും, സുറിയാനി പാരമ്പര്യത്തിൽ പണിതുയർത്തപ്പെട്ട നമ്മുടെ സഭയുടെ ജനനത്തെയും അതുവഴി നാം സ്മരിക്കുന്നു. പ്രത്യേകിച്ചും നാം മനുഷ്യരാലല്ല, ദൈവത്താൽ വിളിച്ചുകൂട്ടപ്പെട്ട ജനമാണെന്ന- സഭയാണെന്ന ഓർമിക്കലിന് അത് സഹായിക്കുന്നു!
"നിങ്ങളുടെ കൽപ്പന" എന്ന പ്രയോഗം കുർബാനയുടെ സാമൂഹിക തലത്തിലേക്ക് കൈചൂണ്ടുന്നു. ഒരു കർമ്മം ആരംഭിക്കേണ്ടത് അതിൽ പങ്കെടുക്കുന്നവരുടെ പൂർണ്ണ സഹകരണത്തോടെ ആയിരിക്കണമല്ലോ? (വടക്കേത്ത് കുറിയാക്കോസ് ഏലിയാ, ഗിരിധ്യാനം, 10) ഇവിടെ അത് പൂർണ്ണ ശ്രദ്ധയെമാത്രമല്ല അറിവിനെയും, ബോദ്ധ്യത്തെയും സൂചിപ്പിക്കുന്നു. അതുവഴി മിശിഹായുടെ ബലിയിലേക്കാണ് ജനം പ്രവേശിക്കുന്നത്. വി.കുർബാനയുടെ സത്ത "പ്രാദേശിക" തത്വശാസ്ത്രത്തിലോ ദൈവശാസ്ത്രത്തിലോ അല്ല പിന്നയോ "മ്ശിഹാ രക്തം ചിന്തി സ്ഥാപിച്ച സ്നേഹത്തിൻ്റെ കൽപ്പനയിലാണ്അടങ്ങിയിരിക്കുന്നത്," (ibid). ജനം തങ്ങളുടെ പ്രത്യുത്തരം വഴി "മത്തായി 5:23-24; യോഹന്നാൻ 13:34-35; മത്തായി 8:20; ലൂക്കാ 22:19; 1 കോറി 11:23;" (പാത്തികുളങ്ങര വർഗ്ഗീസ്, കുർബാന (eng), 153) എന്നീ വചനങ്ങളിൽ അടങ്ങിയിരിക്കുന്ന മിശിഹായുടെ വചനങ്ങൾ അനുസ്മരിക്കാൻ, അനുഭവവേദ്യമാക്കുവാൻ, ജീവിക്കാൻ, ആമ്മേൻ പറയുന്നു.
പുക്ദാനേഹ് ദ് മ്ശിഹായും മിശിഹായുടെ രക്ഷാകരമരണവും
"സമൂഹത്തോട് ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് പഴയനിയമത്തിലെ തിരുക്കർമങ്ങൾ ആരംഭിച്ചിരുന്നത്. ജറേ 2: 4-13, 29 ലെ ഉടമ്പടിനവീകരണ വേള ഇതിനു ഒരു ഉദാഹരണമാണ്." (കല്ലുവീട്ടിൽ പോൾ, സിറോ-മലബാർ സഭയുടെ കുർബാന, 1). അതോടൊപ്പം യോഹന്നാൻ സുവിശേഷകൻ്റെ പതിനെട്ടാം അദ്ധ്യായം പുതിയ നിയമത്തിലെ ഇതിനു സമാനമായ ഒരു പശ്ചാത്തലമായികാണാവുന്നതാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു ഉടമ്പടി നവീകരണം. മനുഷ്യപുത്രൻ ബലിയാകുന്നതിനു മുമ്പുള്ള ഒരു ആമുഖ ശുശ്രൂഷ. ഒറ്റും, ഒറ്റപ്പെടലും, കുറ്റപ്പെടുത്തലും എല്ലാം കഴിഞ്ഞു മിശിഹായെ കയ്യാളിക്കുവാൻ, പിലാത്തോസിനു മുൻപിൽ നിരന്ന യഹൂദരോട് ആ അധികാരി ഇപ്രകാരമാണ് പറഞ്ഞത്: "നിങ്ങൾതന്നെ അവനെ കൊണ്ടുപോയി "നിങ്ങളുടെ നിയമമനുസരിച്ചു" വധിച്ചുകൊള്ളുവിൻ." (യോഹ 18: 31). എന്നാൽ അവർ പറഞ്ഞതോ, തങ്ങളുടെ നിയമം അതിനു അനുവദിച്ചിരുന്നില്ലത്രേ! ഒടുവിൽ ചർച്ചകൾക്കും വിചാരണനടപടികൾക്കുമൊടുവിൽ ചമ്മട്ടിയടിയേൽപ്പിച്ചു ഈശോയെ വിട്ടയക്കാൻ തീരുമാനമായി. പക്ഷെ പുരോഹിതപ്രമുഖർക്കും യഹൂദർക്കും അത് മതിയായില്ലെന്നു മാത്രമല്ല അവനെ ക്രൂശിക്കാൻ ആ പൊതുവേദിയിൽ അവർ അലറിവിളിച്ചുകൊണ്ടുമിരുന്നു. കരുണയാലോ അതോ ഭയത്താലോ എന്നറിയില്ല- ആ നിയമപാലകൻ ഈശോയുമായി നടത്തുന്ന അടുത്ത സംഭാഷണത്തിലേക്കാണ് നമ്മുടെ ശ്രദ്ധ അടുത്തതായി പതിയേണ്ടത്. അവിടുത്തെ ക്രൂശിക്കാനും, മോചിതനാക്കാനുമുള്ള തൻ്റെ അധികാരത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ആ സംസാരം. അവിടെ ഈശോ പിലാത്തോസിനെ ഇപ്രകാരമല്ലേ ഓർമിപ്പിച്ചത്: "ഉന്നതത്തിൽ നിന്നും നൽകപ്പെട്ടില്ലായിരുന്നുവെങ്കിൽ എൻ്റെമേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല." (യോഹ 19: 11). ചുരുക്കത്തിൽ മിശിഹായുടെ മരണം അധികാരിയുടെ ഹിതമനുസരിച്ചല്ല- ദൈവത്തിൻ്റെ ഹിതമനുസരിച്ചായിരുന്നു- "ദൈവത്തിന്റെ കൽപ്പന." നമ്മുടെ സിറോ മലബാർ ദൈവാരാധനാക്രമവും അപ്രകാരം തന്നെയുള്ളതാണെന്ന് "പുക്ദാനകോൻ-പുക്ദാനേഹ് ദ് മ്ശിഹാ" നമ്മെ അനുസ്മരിപ്പിക്കുന്നു.
പുക്ദാനേഹ് ദ് മ്ശിഹാ നമ്മുടെ റീത്തിൽ
ഒറ്റലും,ഒറ്റപ്പെടുത്തലുകളും,തെരുവുനാടകങ്ങളും,നിയമപ്പോരുകളും, മാധ്യമലഹളകളും, ഭിന്നിപ്പുകളും എല്ലാം മാറി ഐക്യത്തിൻ്റെ ബലിയർപ്പിക്കുവാൻ നമുക്ക് എന്നാണ് സാധിക്കുക? ഇവയുടെയെല്ലാം കാരണം നമ്മുടെ ആരാധനാക്രമനുഷ്ഠാനത്തിലെ ഭിന്നിപ്പാണെന്നു അറിയാത്ത പഴയ ജനമല്ല ഇന്നുള്ളത്. ആരും ഒന്നും അറിയാത്ത മണ്ടന്മാരാണെന്നു പറഞ്ഞാൽ സ്നേഹത്തിൻ്റെ കൂദാശയെ ചുറ്റിപ്പറ്റിയുള്ള ഈ ബഹളങ്ങളെ നോക്കി ഒരുപക്ഷെ കുട്ടികൾ പോലും പരിഹസിച്ചെന്നിരിക്കും. അത്തരമൊരു സാഹചര്യത്തിൽ പരിശുദ്ധ മാർപാപ്പയുടെ ആഹ്വാനം ഏറെ പ്രസക്തവും പ്രതീക്ഷ പകരുന്നതുമാണ്.
സഭയുടെ ഐക്യവും വൈയ്യക്തിക സ്വഭാവവും നിലനിർത്തുവാനും ആഗോള സിറോ മലബാർ സഭയിൽ ഒരേ ആരാധനാപരികർമ്മരീതി പ്രാബല്യത്തിലാക്കുവാനും സാധിക്കുമ്പോളല്ലേ സഭ ശരിക്കും മിശിഹായുടെ ശരീരം ആയി മാറുന്നത്? ഇതല്ലേ മിശിഹായുടെ കൽപ്പന? പ്രാദേശിക വീക്ഷണങ്ങൾ കാട്ടി ദൈവാരാധനയെ തങ്ങളുടെ കൽപ്പനയായി അവതരിപ്പിക്കുന്നവരോട് പറയാനുള്ളത് ഇതാണ്: "പ്രിയ ബഹുമാനപ്പെട്ട ജ്ഞാനികൾ, ഇത് മിശിഹായുടെ കൽപ്പനയാ- സ്നേഹിക്കാനും, ഐക്യപ്പെടാനും, രമ്യപ്പെടാനും , എളിമപ്പെടാനും നൽകപ്പെട്ടിരിക്കുന്ന ഉടമ്പടി-നമ്മുടെ രക്ഷയുടെ ഉടമ്പടി. ആ ഉടമ്പടിയുടെ പേരിൽതന്നെ ഭിന്നിപ്പുണ്ടാക്കാനും, ഐക്യത്തിലേക്കുള്ള മാർഗം അടയ്ക്കാനും നിങ്ങളാരാ? പിലാത്തോസിനെ മ്ശിഹാ ഓർമിപ്പിച്ച വചനം ഒന്ന് ഓർമ്മിക്കണേ: "ഉന്നതത്തിൽ നിന്നും നൽകപ്പെട്ടില്ലായിരുന്നുവെങ്കിൽ എൻ്റെമേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല." (യോഹ 19: 11). തൻ്റെ സ്ഥാനം തിരിച്ചറിഞ്ഞ സമയംമുതൽ മിശിഹായെ മോചിപ്പിക്കാൻ ശ്രമിച്ച പീലാത്തോസിനെപ്പോലെ, ഭിന്നിപ്പിന് വിഷയമായിരിക്കുന്ന നമ്മുടെ സഭ അതേ മിശിഹായുടെ ശരീരമാണെന്ന ബോധ്യത്തോടെ, ഞാൻഭാവം മാറ്റി എളിമയോടെ ഐക്യത്തിലേക്ക് നടക്കുക അത്ര പ്രയാസമാണോ? അതും അവിടുത്തെ ശുശ്രുഷകർക്ക്?
ഇവയൊന്നും ഇവിടെ കുറിക്കാനോ സംസാരിക്കുവാനോ ഒന്നും യോഗ്യതയില്ലെന്ന ഉറച്ച ബോധ്യമുള്ള ഒരു സന്യാസവൈദിക വിദ്യാർത്ഥിയാണ് ഞാൻ. എങ്കിലും സിറോ-മലബാർ കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ പലയിടത്തും ഈ നാളുകളിൽ കണ്ടതും, കേട്ടതും, ശ്രദ്ധയിൽപെട്ടതും, ചിന്തിച്ചതുമായ ചില കാര്യങ്ങൾ പരാമർശിച്ചുവെന്നേയുള്ളു.കഴിഞ്ഞ വർഷം സിനഡിന് മുൻപായി "സിറോ-മലബാർ സിനഡ് സമക്ഷം സാദരം" എന്ന തലക്കെട്ടോടെ ബഹു. അലക്സാണ്ടർ പൈകട സി.എം.ഐ എഴുതിയ ലേഖനത്തിലെ ഒരു അപേക്ഷ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നുകൊണ്ടു എൻ്റെ എളിയ വാക്കുകളും അവസാനിപ്പിക്കുകയാണ്. "സിറോ-മലബാർ സഭയിലെ പ്രിയപ്പെട്ട പിതാവേ (പിതാക്കന്മാരെ, വൈദികരെ, അധികാരികളേ), യോജിപ്പോടും ഐക്യത്തോടുംകൂടെ, പ്രാദേശിക പരിഗണനകൾ ഒന്നും കൂടാതെ, എവിടെനിന്നുവന്ന അൽമായരായാലും അവർക്കെല്ലാം ഒന്നിച്ചു ദിവ്യരഹസ്യങ്ങളിൽ ഒരുമയോടെ പങ്കുകൊള്ളുവാനുള്ള സാഹചര്യം സിറോ-മലബാർ സഭയിലെ പിതാക്കന്മാർ സൃഷ്ട്ടിച്ചുതരണമെന്നത് ഈ വയോധിക സന്യാസവൈദികൻ്റെ വിനീതമായ (pleading) യാചനയാണ്. അങ്ങനെയൊരു സ്ഥിതിവിശേഷം കണ്ടിട്ട് കണ്ണടക്കണമെന്ന് അദമ്യമായ ആഗ്രഹമാണ്." (കർമ്മല കുസുമം, മാർച്ച് 2020). അങ്ങനെ നടക്കട്ടേയെന്ന് പ്രാർത്ഥിക്കാം, ആമ്മേൻ.
തോമസ് കാപ്പിൽ പുതുശേരിൽ സി.എം.ഐ
ധർമ്മാരാം, ബാംഗ്ലൂർ.
Tags:
ആരാധന ക്രമം