_പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം_
കുറ്റിയാങ്കൽ യൗസേപ്പ് കശ്ശീശ
പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തേതാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ കാലവും ഇതാണ്. നാല് ആഴ്ചകൾ മാത്രമാണ് ഈ കാലത്തിലുള്ളത്. നവംബർ മാസത്തിലാണ് പള്ളിക്കൂദാശക്കാലം വരാറുള്ളത്. നവംബർമാസം ഒന്നാം തീയതി ഒരു ഞായറാഴ്ചയാണെങ്കിൽ അന്നു തന്നെ ഈ കാലം ആരംഭിക്കുന്നതാണ്.
എന്നാൽ ഒന്നാം തീയതി ബുധൻ മുതൽ ശനിവരെയുള്ള ഏതെങ്കിലുമൊരു ദിവസമാണെങ്കിൽ, ആ വർഷത്തെ പള്ളിക്കൂദാശക്കാലം തുടർന്നു വരുന്ന ഞായറാഴ്ച മാത്രമേ ആരംഭിക്കുകയുള്ളു. അല്പം കൂടി എളുപ്പമായി പറഞ്ഞാൽ മംഗളവാർത്തക്കാലം ആരംഭിക്കുന്നതിന് നാല് ഞായറാഴ്ച മുമ്പ് പള്ളിക്കൂദാശക്കാലം ആരംഭിക്കുന്നു.
പള്ളിക്കൂദാശക്കാലത്തിന് ‘കൂദാശ് ഏദ്ത്താ’ എന്നാണ് സുറിയാനി ഉറവിടങ്ങൾ വിളിക്കുന്ന പേര്. അതിന്റെ അർത്ഥം സഭയുടെ പ്രതിഷ്ഠ എന്നാണ്. എന്നാൽ ഈ കാലത്തിന്റെ ഒന്നാം ഞായറിനെ ‘ഹൂദാസ് ഏദ്ത്താ’ എന്നാണ് വിളിക്കുന്നത്. അതിന്റെ അർത്ഥം സഭയുടെ നവീകരണം എന്നാണ്. വേദപുസ്തകത്തിന്റെ സുറിയാനി മൂലമായ പ്ശീത്തായിൽ ജറുസലേം ദൈവാലയത്തിന്റെ പ്രതിഷ്ഠാത്തിരുനാളിന് നല്കിയിരിക്കുന്ന പേരും ഇതുതന്നെയാണ്. അതുകൊണ്ട്, കൂദാശ് ഏദ്ത്താ (സഭാ പ്രതിഷ്ഠ) എന്ന ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന പേരിനേക്കാൾ ഹൂദാസ് ഏദ്ത്ത (സഭാ നവീകരണം) എന്ന് പേരാണ് പുരാതനമെന്ന് മനസ്സിലാക്കാം. പൗരസ്ത്യ സുറിയാനി ക്രമത്തിൽ മാഅൽത്താ അല്ലെങ്കിൽ പ്രവേശനം എന്നൊരു പേരും കൂടി ഈ കാലഘട്ടത്തിനുണ്ട്. മദ്ധ്യപൂർവ്വദേശത്തുള്ള സുറിയാനി ദൈവാലയങ്ങളിൽ, ചൂടുകാലാവസ്ഥ കാരണം ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ മുതൽ പള്ളിക്കൂദാശ ഒന്നാം ഞായർ വരെ പരിശുദ്ധ കുർബാനയുടെ പ്രാരംഭഭാഗവും യാമപ്രാർത്ഥനകളും ദൈവാലയത്തിന് പുറത്താണ് നടത്തിയിരുന്നത്. ശനിയാഴ്ച വൈകിട്ടു ജപിക്കുന്ന പള്ളിക്കൂദാശ ഒന്നാം ഞായറിന്റെ യാമനമസ്ക്കാരത്തിന്റെ പ്രാരംഭഭാഗത്ത് എല്ലാവരും ദൈവാലയത്തിൽ പ്രവേശിക്കുന്നു. ഇതിൽ നിന്നാണ് ഈ കാലഘട്ടത്തിന് മാഅൽത്താ എന്ന പേരുണ്ടായത്. കേരളത്തിൽ ഈ പേരിന് യാതൊരു സാംഗത്യമോ അർത്ഥമോ ഇല്ല. സെലൂഷ്യ-സ്റ്റെസിഫോണിലെ കാസോലിക്കയായിരുന്ന ഈശോയാബ് മൂന്നാമൻ ആണ് മൂശെക്കാലത്തു നിന്നും നാല് ആഴ്ചകൾ വേർതിരിച്ച് പള്ളിക്കൂദാശക്കാലം രൂപീകരിക്കുന്നത്. നമ്മുടെ കർത്താവീശോമിശിഹായാൽ വിളിക്കപ്പെട്ട സഭയുടെ മഹത്ത്വീകരണമാണ് ഈ കാലഘട്ടത്തിലെ പ്രധാന ചിന്താവിഷയം. തന്റെ രക്തത്താൽ രക്ഷിച്ച തന്റെ മണവാട്ടിയായ സഭയെ മിശിഹാ ദൈവ പിതാവിനു സമർപ്പിക്കുന്നു. മിശിഹായുടെ ലോകത്തിലെ സാന്നിദ്ധ്യമായ സഭ തന്റെ പ്രവർത്തനങ്ങളിലൂടെ ദൈവികശക്തിയെ ലോകത്തിനു വെളിപ്പെടുത്തി കൊടുക്കുന്നു. ഈശോമിശിഹാ കുരിശിനാൽ രക്ഷിക്കുകയും തന്റെ ശരീരത്താൽ വീണ്ടെടുക്കുകയും തന്റെ സത്യത്താൽ ശക്തിപ്പെടുത്തുകയും ചെയ്ത സഭ ലോകത്തിൽ ഈശോയുടെ തുടർച്ചയായി നിലകൊള്ളുന്നു. തന്റെ
സാന്നിദ്ധ്യത്തിലൂടെ സ്വർഗ്ഗത്തിന്റെ ഭൂമിയിലെ സാന്നിദ്ധ്യമായി സഭ നിലകൊള്ളുന്നു. ഈ സഭയുടെ ശക്തി, മാർ കേപ്പാ ശ്ലീഹായാൽ പ്രഘോഷിക്കപ്പെട്ട വിശ്വാസത്തിൽ അധിഷ്ഠിതമാണ്. തിന്മയുടെ ശക്തി അവളുടെ മേൽ അധീശത്വം പുലർത്തുകയില്ലെന്ന് ശിഷ്യപ്രമുഖനോട് ഈശോ നല്കിയ വാഗ്ദാനം അവിടുന്ന് പാലിക്കുന്നു. പാറമേൽ പണിയപ്പെട്ട ഭവനം ഒരിക്കലും നശിക്കില്ലാത്തതുപോലെ തിന്മയുടെ സകല ശക്തികളെയും എതിർത്തുകൊണ്ടും ലോകത്തിലെ ദൈവത്തിന്റെ ഭവനമായ സഭ തന്റെ ശക്തമായ വിശ്വാസത്തിലൂടെ തെറ്റായ വിശ്വാസപഠനങ്ങൾക്കെതിരായും നിലകൊള്ളുന്നു.
പഴയനിയമകാലഘട്ടത്തിൽ ദൈവത്തിന്റെ വാസസ്ഥലമായി മൂശെ നിർമ്മിച്ച കൂടാരത്തിന്റെ സ്ഥാനത്ത് പുതിയ നിയമത്തിലുള്ള കൂടാരമാണ് സഭ. മൂശെയുടെ
കൂടാരം മനുഷ്യനിർമ്മിതമെങ്കിൽ സഭ ദൈവനിർമ്മിതമാണ് എന്നുള്ളതാണ് വ്യത്യാസം. മൂശെയുടെ കൂടാരം പാപികളുടെ കൂടാരമായിരുന്നെങ്കിൽ സഭ എല്ലാവർക്കും രക്ഷയുടെ കൂടാരമാണ്. പഴയനിയമ കൂടാരം ശുദ്ധീകരിച്ചിരുന്നത് മൃഗരക്തത്താലാണെങ്കിൽ സഭ വിശൂദ്ധീകരിക്കപ്പെടുന്നത് മിശിഹായുടെ രക്തത്താലാണ്. മൂശെയുടെ കൂടാരം മേഘങ്ങളാൽ ആവരണം ചെയ്യപ്പെട്ടുവെങ്കിൽ സഭ ദൈവകൃപയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പഴയനിയമ
കൂടാരത്തിൽ കല്പ്പലകകളിലെ പ്രമാണങ്ങളുണ്ടെങ്കിൽ സഭയിൽ സ്ലീവായും സുവിശേഷവും ഉണ്ട്; പരി. കൂർബാനയും കൂദാശകളുമുണ്ട്. സഭയുടെ മഹത്ത്വം ഈശോയുടെ മഹത്ത്വം തന്നെയാണ് എന്ന ചിന്ത പള്ളിക്കൂദാശക്കാലത്തെ പ്രാർത്ഥനകളിൽ കാണാം.
സഭ മിശിഹായുടെ മണവാട്ടിയാണ്, സഭയും മിശിഹായും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വിവാഹബന്ധത്തിലെ ദമ്പതികൾ തമ്മിലുള്ള ബന്ധത്തോടാണ് സഭ ഉപമിച്ചിരിക്കുന്നത്. പൗരസ്ത്യ സുറിയാനി ആരാധനക്രമ പാരമ്പര്യത്തിലുള്ള പ്രധാന പ്രമേയമാണ് മിശിഹായും സഭയും തമ്മിലുള്ള ആഴമേറിയ ബന്ധം. ഈ
ബന്ധത്തെ വൈവാഹിഹബന്ധേത്താടാണ് സഭാപിതാക്കന്മാരായ മാർ അഫ്രഹാത്ത് (എ.ഡി. 280-345) മാർ അപ്രേം (എ.ഡി. 306-373) എന്നിവർ ഉപമിച്ചിരിക്കുന്നത്. നമ്മുടെ കർത്താവ് സ്ലീവായും ബലി വഴി തന്റെ ശരീരവും രക്തവും സ്ത്രീധനമായി നല്കി രക്ഷിച്ച സമൂഹമാണ് സഭ. ഈ വൈവാഹികബന്ധം ആരംഭിക്കുന്നത് സ്ലീവായിൽ കിടന്ന് തന്റെ പാർശ്വം പിളർക്കപ്പെട്ട് അവിടെ നിന്നും രക്തവും വെള്ളവും ഒഴുകിയപ്പോഴാണ്. അതാണല്ലോ സഭയുടെ ആരംഭം. രക്തവും വെള്ളവും മാമ്മോദീസായുടെയും പരിശുദ്ധ കുർബാനയുടെയും
പ്രതീകങ്ങളുമാണ്
Tags:
ആരാധനവത്സര൦