വി. അഫ്ര, (മൂന്നാം നൂറ്റാണ്ട്), ഓഗസ്റ്റ് 5
ഒരു വേശ്യയില്‍ നിന്നു വിശുദ്ധയിലേക്കുള്ള ദൂരം തിന്മയില് നിന്നു നന്മയിലേക്കുള്ള ദൂരമാണെന്നു തിരിച്ചറിഞ്ഞു രക്തസാക്ഷിത്വം വരിച്ച ജര്‍മന്‍ യുവതിയായിരുന്നു അഫ്ര. 'ആക്ട്സ് ഓഫ് അഫ്ര' എന്ന പേരില്‍ പിന്നീട് എഴുതപ്പെട്ട ഒരു പുസ്തകത്തില്‍ അവളുടെ കഥ പറയുന്നുണ്ട്. ഒരു വേശ്യായിരുന്നു അഫ്ര. സൈപ്രസിലെ രാജാവിന് ഹിലേരിയ എന്ന സ്ത്രീക്കു ജനിച്ച മകളായിരുന്നു അഫ്രയെന്നു കരുതപ്പെടുന്നു. സൈപ്രസില്‍ നിന്ന് ജര്‍മനിയിലെ ഓഗ്സബര്ഗിലെത്തി അവിടെ ഒരു വേശ്യാലയം നടത്തിയിരുന്ന ഹിലേരിയയ്ക്കൊപ്പം അതീവ സുന്ദരിയായിരുന്ന അഫ്രയും ജീവിച്ചു. അഫ്ര വീനസ് ദേവതയുടെ ക്ഷേത്രത്തില്‍ വേശ്യയായി ജീവിച്ചുവെന്നും മറ്റു ചില ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. പാപങ്ങളെക്കുറിച്ചു ചിന്തിക്കാതെ തിന്മയില് മുഴുകി ജീവിച്ചിരുന്ന അഫ്ര ദൈവസ്നേഹത്തിന്റെ തീവ്രത അറിയുന്നത് ഒരു ബിഷപ്പിന്റെ സഹായത്താലാണ്. ഡിയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലമായിരുന്നു അത്. സ്പെയിനിലെ ജെറോന യിലെ ബിഷപ്പായിരുന്ന നറേസിസസ്സ് ഓഗ്സ്ബര്ഗിലെത്തിയപ്പോള് അദ്ദേഹത്തെ ഡിയോക്ലീഷ്യ ന് ചക്രവര്‍ത്തിയുടെ ഭടന്മാര് തടവിലാക്കുമെന്നു ശ്രുതിപരന്നു. ഇതേതുടര്‍ന്ന് അഫ്ര നടത്തിയി രുന്ന വേശ്യാലയത്തിലാണ് ബിഷപ്പ് ഒളിവില്‍ താമസിച്ചിരുന്നത്. അത് ഒരു വേശ്യാലയമാണെന്ന് ബിഷപ്പ് അറിഞ്ഞിരുന്നില്ല. അഫ്രയെയും അമ്മ ഹിലേരിയയെയും കൂടാതെ യുനോമിയ, യുട്രോഫിയ, ഡിഗ്ന എന്നീ മുന്നു യുവതികള്‍ കൂടെ അവിടെ താമസിച്ചിരുന്നു. ബിഷപ്പിനെ വശത്താക്കാന്‍ യുവതികള്‍ ശ്രമിച്ചു. എന്നാല്‍ സംഭവിച്ചതു മറിച്ചാണ്. നറേസിസസ്സ് ബിഷപ്പിന്റെ വാക്കുകള്‍ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ആദ്യമായി അവര്‍ യേശുവിനെ കുറിച്ച് അറിഞ്ഞു. ചെയ്തുപോയ തെറ്റുകളെ ഓര്‍ത്ത് അവര്‍ കണ്ണീര് പൊഴിച്ചു. അവര്‍ അഞ്ചു പേരെയും യേശുവിന്റെ നാമത്തില്‍ ബിഷപ്പ് ജ്ഞാനസ്നാനം ചെയ്തു. താന്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് പുതിയൊരു ജീവിതത്തിലൂടെ പാപപരിഹാരം കണ്ടെത്തണ മെന്ന് അഫ്ര തീരുമാനിച്ചു. തൊട്ടടുത്ത ദിവസം ബിഷപ്പ് ഈ വീട്ടില്‍ ഒളിവില്‍ താമസിക്കുന്നു ണ്ടെന്നറിഞ്ഞ ഭടന്മാര് അവിടെയെത്തി. എന്നാല്‍ അഫ്ര സമര്‍ത്ഥമായി ബിഷപ്പിനെ ഒളിപ്പിച്ചു. പിന്നീട് അഫ്ര പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് ജീവിച്ചത്. തന്റെ സമ്പാദ്യമെല്ലാം അവര്‍ സാധുക്കള്‍ക്കുവേണ്ടി ചെലവഴിച്ചു. നിരവധി പേര്‍ക്ക് യേശുവിന്റെ നാമത്തില്‍ ആശ്വാസം പകര്‍ന്നുകൊടുത്തു. അഫ്ര ഒരു ക്രിസ്തീയ വിശ്വാസിയായി മാറിയ വിവരമറിഞ്ഞ് പടയാളികള്‍ അവളെ തടവിലാക്കി. റോമന്‍ ദൈവങ്ങളെ വണങ്ങുവാന് അവളോട് അവര്‍ കല്പിച്ചു. യേശുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ചുനിന്നതിന്റെ പേരില്‍ അഫ്രയെ എ.ഡി. 304ല്‍ ജീവനോടെ ചുട്ടുകൊന്നു. അഫ്രയുടെ പിന്നാലെ അമ്മ ഹിലേരിയയെയും മറ്റു മൂന്നുപേരെയും തടവിലാക്കി. യേശുവിന്റെ നാമം കൈവിടാതിരുന്നതോടെ അവരും കൊലചെയ്യപ്പെട്ടു.
Tags:
വിശുദ്ധർ