വി.അബ്ദോനും വി. സെന്നനും, ജൂലൈ 30
പേര്‍ഷ്യന്‍ പ്രഭുക്കന്മാരായിരുന്നു അബ്ദോനും സെന്നനും. ക്രൈസ്തവരെ കൊന്നൊടുക്കിയിരുന്ന ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അവര്‍ റോമിലെത്തി. യേശുവിലുള്ള വിശ്വാസം രഹസ്യമാക്കി ജീവന് രക്ഷിക്കാന്‍ പാടുപെട്ടിരുന്ന ക്രൈസ്തവരുടെ ഇടയില്‍ അവര്‍ തങ്ങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു. ഡിയോക്ലീഷന്റെ ഭരണകാലത്ത് എത്ര ക്രൈസ്തവര്‍ കൊല്ലപ്പെട്ടു എന്നതിനു വ്യക്തമായ കണക്കുകളൊന്നും ഇല്ല. എണ്ണത്തിട്ടപ്പെടുത്താനാവാത്ത വിധം നിരവധി പേര് അക്കാലത്ത് കൊല്ലപ്പെട്ടു. റോമിലുള്ള ക്രിസ്തുവിന്റെ അനുയായികള്‍ അബ്ദോനെയും സെന്നനെയും അവരുടെ ഭാഗമായി കണ്ടു. അന്യനാട്ടുകാര്‍ എന്ന നിലയില്‍ ഒരു തരത്തിലും മാറ്റിനിര്‍ത്തിയില്ല. അബ്ദോനും സെന്നനും റോമാക്കാരെ പോലെയാണ് ജീവിച്ചതും. ചക്രവര്‍ത്തി കൊന്നൊടുക്കി വലിച്ചെറിഞ്ഞ ക്രിസ്തുവിന്റെ അനുയായികളുടെ മൃതദേഹങ്ങള്‍ തിരഞ്ഞ് അവര്‍ നടന്നു. അവ കണ്ടെടുത്ത് യഥാവിധം സംസ്കരിച്ചു. ഒരിക്കല്‍ ചക്രവര്‍ത്തി കൊലപ്പെടുത്തിയ ഒരു സ്ത്രീയുടെയും മകന്റെയും മൃതദേഹം കണ്ടെടുത്ത് സംസ്കരിക്കാന്ഒരുങ്ങവെ റോമന്‍ പടയാളികള്‍ കാണുകയും അവരെ തടവിലാക്കുകയും ചെയ്തു. ക്രൂരമായ മര്‍ദനങ്ങള്‍ അവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നു. എങ്കിലും തങ്ങളുടെ വിശ്വാസത്തെ തള്ളിപ്പറയാന്‍ അവര്‍ തയാറായില്ല. മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ എ.ഡി. 250ല്‍ അവര്‍ ധീരമായി രക്തസാക്ഷിത്വം വരിച്ചു. അബ്ദോന്റെയും സെന്നന്റെയും മൃതദേഹങ്ങള്‍ ക്രൈസ്തവിശ്വാസികള്‍ കണ്ടെത്തി യഥാവിധം സംസ്കരിച്ചു. പിന്നീട് കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുടെ കാലത്ത് ഈ മൃതദേഹങ്ങള്‍ റോമിലെ ടൈബര്‍ നദിക്കരയിലുള്ള ദേവാലയത്തില്‍ സംസ്കരിച്ചു.
Tags:
വിശുദ്ധർ