വി. ഈഡിത്ത് സ്റ്റെയിന് (1891-1942)
വ്യാപാരികളും ഭക്തരുമായ ആളുകളുടെ ഒരു വലിയ യഹൂദ കുടുംബമാണ് ഈഡിത്തിന്റേത്. ജര്‍മ്മനിയിലെ ബ്രസ്ലോ ആയിരുന്നു അവരുടെ വാസസ്ഥലം. ഈഡിത്ത് സ്റ്റെയിന് ജനിച്ചത് 1891-ലാണ്. ഈഡിത്തിന് മൂന്നു വയസ്സുള്ളപ്പോള്‍ പിതാവ് പെട്ടെന്ന് നിര്യാതനായി. വിസ്മയകരമായ കഴിവുള്ളവളായിരുന്നു അമ്മ. വ്യാപാരസംബന്ധമായ വലിയ ജോലികള്‍ അവള് ഏറ്റെടുത്തു. കുടുംബകാര്യങ്ങളും അന്യൂനം അവള് നിര്‍വ്വഹിച്ചു.
വലിയ ബുദ്ധിമതിയായിരുന്നു ഈഡിത്ത്. ഒരു നാസ്തിക വാദിയെപ്പോലെ വര്‍ത്തിച്ച അവള്‍ക്ക് സര്‍വ്വകലാശാലയില്‍ എഡ്മണ്ട് ഹുസ്സേളിന്റെ തത്വശാസ്ത്രത്തില്‍ താല്പര്യം ജനിച്ചു. ദിവംഗതനായ ഒരു പ്രൊഫസ്സറുടെ ചില രേഖകള്‍ വേര്‍തിരിച്ചു കൊടുക്കുവാന്‍ വിധവയെ സഹായിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം ഈഡിത്തിന് കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് ചിന്ത തിരിക്കാന്‍ കാരണമായി. പ്രസ്തുത കത്തോലിക്കാ വിധവ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ മരണത്തിലുണ്ടായ വേദനയെ ഈശോയുടെ കുരിശിലുള്ള പങ്കാളിത്തമായി സ്വീകരിച്ചത് ഈഡിത്തിനെ വികാരതരളിതയാക്കി. മറ്റൊരിക്കല്‍ വേറൊരു സ്നേഹിതയുടെ ഭവനത്തില്‍ വച്ച് സാന്ദര്‍ഭികമായി ഈഡിത്ത് ആവിലായിലെ വി. ത്രേസ്യായുടെ ആത്മകഥ വായിക്കാനിടയായി. ഒറ്റയിരുപ്പില്‍ പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ത്ത ശേഷം ഈഡിത്ത് ഉത്ഘോഷിച്ചു. ഇതാണ് സത്യം. ഉടന്‍തന്നെ ഒരു കത്തോലിക്കാ മതപഠനഗ്രന്ഥവും കുര്‍ബ്ബാന ക്രമവും വാങ്ങിച്ച് മുഴുവനും വായിച്ചു മനസ്സിലാക്കി. അനന്തരം ദിവ്യബലിയില്‍ സംബന്ധിക്കാന്‍ പോവുകയും ഉടന്‍തന്നെ മാമ്മോദീസ നല്‍കണമെന്ന് വൈദീകനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിസ്മയഭരിതനായ വൈദീകന് അവളുടെ കത്തോലിക്കാ വിദ്യാഭ്യാസത്തെപ്പറ്റി സംശയാലുവായിരുന്നതുകൊണ്ട് ദീര്‍ഘമായ ഒരു പഠനപദ്ധതി നിര്‍ദ്ദേശിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവള് വിനീതയായി പറഞ്ഞത് അദ്ദേഹം തന്നെ അവളെ പരീക്ഷിച്ച് അറിയണമെന്നാണ്. വിശ്വാസപരമായ കാര്യങ്ങളില്‍ അവള്‍ക്കുണ്ടായിരുന്ന വിജ്ഞാനത്തില്‍ അദ്ദേഹം വിസ്മയിച്ചു. ഉടന്‍തന്നെ അവള്‍ക്കു സ്നാനം നല്കി.
ആഴമേറിയ നിശബ്ദ പ്രാര്‍ത്ഥനയിലേയ്ക്ക് അവള് ആകര്‍ഷിക്കപ്പെട്ടു. എങ്കിലും ഒരു അദ്ധ്യാപികയായിത്തീരാനുള്ള നിര്‍ദ്ദേശമാണ് നിയന്താവായ പുരോഹിതന് അവള്‍ക്കു നല്‍കിയത്. തത്വശാസ്ത്രപരമായ അവളുടെ പ്രാരംഭ പഠനങ്ങളില്‍, സ്ത്രീകളുടെ ക്രിസ്തീയ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള അവളുടെ നിരീക്ഷണങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. യുവതികളുടെ ഹൃദ്യയായ അദ്ധ്യാപികയായിരുന്നു ഈഡിത്ത്. തൊമിസ്റ്റിക് തത്ത്വശാസ്ത്ര നവീകരണത്തില്‍ അവള് സജീവമായി പങ്കെടുത്തിട്ടുണ്ട്. ബ്യൂറോണിലെ ബനഡിക്റ്റന്‍ ആശ്രമാധിപന് ഈഡിത്തിന്റെ വ്യക്തിത്വത്തെ സമ്യക്കായി വിലയിരുത്തിയിട്ടുണ്ട്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റം പ്രഗല്ഭയായ സ്ത്രീരത്നം, ശാലീന, തികഞ്ഞ മാതൃത്വത്തിന്റെ ഉടമ എന്നൊക്കെ ആശ്രമാധിപന് ശ്ലാഘിച്ച ഈഡിത്ത് മൗതീകാനുഗ്രഹങ്ങള് പ്രാപിച്ചവളായിരുന്നു. അധികാരലാഞ്ചനപോലും അവളില്‍ ദൃശ്യമായിരുന്നില്ല.
യഹൂദപീഡനം ആരംഭിച്ചപ്പോള്‍ അദ്ധ്യാപനത്തില്‍ നിന്നു മാറി നില്‍ക്കേണ്ടി വന്ന ഈഡിത്ത് തന്റെ ചിരകാലാഭിലാഷ പൂര്‍ത്തിക്കായി കര്‍മ്മലീത്താസഭയില്‍ ചേര്‍ന്നു. തെരേസിയാ ബനദിക്തായെന്ന നവനാമം സ്വീകരിച്ച ഈഡിത്ത് ആന്തരികസഹനങ്ങളുടെ മദ്ധ്യേ ഈശോയോടുള്ള ഐക്യത്തില്‍ വളര്‍ന്നു. സഹിക്കുന്ന യഹൂദജനതയ്ക്കായി തന്റെ സഹനങ്ങള്‍ അവള് സമര്‍പ്പിച്ചു.
പ്രവാചികയെന്ന നിലയില്‍ ഹിറ്റലറുടെ കല്പനകളോട് സഹകരിക്കാതിരിക്കാന്‍ അവള് പ്രേരണ നല്കി. വ്യക്തികള്‍ക്കോ സമൂഹത്തിനോ ഏതെല്ലാം തരത്തിലുള്ള സഹനമുണ്ടായാലും ഹിറ്റ്ലര്‍ക്കു വോട്ടു കൊടുക്കരുതെന്നും, അയാള്‍ ദൈവത്തിന്റെ ശത്രുവാണെന്നും അയാളോടൊപ്പം ജര്‍മ്മനി പൊടിയായിതീരുമെന്നും തെരേസിയാ പറഞ്ഞു. കുരിശിന്റെ നിഴലാണ് യഹൂദരുടെമേല്‍ പതിച്ചുകൊണ്ടിരിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കണമെന്ന് അവള് ആശിച്ചു.
സാവകാശം തെരേസിയായും ഹിറ്റലറുടെ കൊണ്സെന്ട്രേഷന് ക്യാമ്പിലേയ്ക്ക് ആനയിക്കപ്പെട്ടു. അവിടെ അവള് പ്രാര്‍ത്ഥനയിലും യഹൂദ മാതാപിതാക്കളുടെ പരിത്യക്തരായ കുട്ടികളെ പരിചരിച്ചും സമയം ചെലവഴിച്ചു. അവളുടെ തത്ത്വശാസ്ത്ര പ്രബന്ധങ്ങളും, കര്‍മ്മലീത്താ ദൈവവിളിയും ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പായുടെ മുക്തകണ്ടമായ പ്രശംസയ്ക്കു പാത്രമായി. 1987-ല്‍ അദ്ദേഹം ഈഡിത്തിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
ഭാര്യയും അമ്മയുമായിരിക്കാനുള്ളതാണ് സ്ത്രീയുടെ നിയോഗമെന്ന് തെരേസിയാ പറഞ്ഞു. മൂന്നു വിഭിന്ന രീതികളില്‍ അതു പൂര്‍ത്തീകരിക്കാമെന്നാണ് അവളുടെ അഭിമതം. വിവാഹത്തില്‍ മനുഷ്യ പുരോഗതിയുടെ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ഏതെങ്കിലും ജീവിത വ്യക്തിയില്‍, ക്രിസ്തുവിന്റെ മണവാട്ടിയുടെ ശിരോവസ്ത്രത്തിനടിയില്, ഈഡിത്തിന്റെ പ്രബന്ധങ്ങളില്‍ കാണുന്ന ആശയമാണിത്.