നല്ല പിതാവാകാൻ ഫ്രാൻസിസ് പാപ്പാ നൽകുന്ന അഞ്ചു നിർദ്ദേശങ്ങൾ
ജൂൺ 20 ഞായറാഴ്ച വിവിധ രാജ്യങ്ങളിൽ പിതൃദിനം ആഘോഷിക്കുന്നു. നല്ല പിതാവാകുക എന്നത് എക്കാലത്തും വലിയ വെല്ലുവിളി തന്നെയാണ്. കാരണം കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ നിർവ്വഹിക്കുന്നതിനിടയിൽ മക്കളുമായോ മറ്റു കുടുംബാംഗങ്ങളുമായോ അടുക്കാനോ സല്ലപിക്കാനോ നമ്മുടെ അപ്പന്മാർക്ക് സമയം ലഭിക്കാറില്ല. മക്കളുടെ ജീവിതത്തെ ദൂരെ മാറിനിന്നു കാണുക എന്നതിനേക്കാളുപരിയായി അവരുടെ ജീവിതത്തിലേക്ക് ഒരു പിതാവെന്ന നിലയിൽ നേരിട്ട് എങ്ങനെ ഇടപഴകാം എന്നാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത്. ഒരു നല്ല പിതാവാകുവാൻ ഫ്രാൻസിസ് പാപ്പാ നൽകുന്ന അഞ്ചു നിർദ്ദേശങ്ങൾ വായിച്ചറിയാം…
1. ശരിയായ കാര്യങ്ങളിൽ ആനന്ദിക്കുക
ഫ്രാൻസിസ് പാപ്പാ പറയുന്നു, ഒരു പിതാവ് തന്റെ കുട്ടി എന്നെപ്പോലെ തന്നെയാണെന്ന് ഒരിക്കലും ഗാമ പറയരുത്. അവൻ നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും പറയുമ്പോഴും മാത്രം സന്തോഷിക്കുക. ഇതാണ് ഒരു പിതാവിന് അവന്റെ മക്കൾക്ക് കൈമാറാൻ കഴിയുന്ന ഏറ്റവും വലിയ പാരമ്പര്യം. ഇത് നമ്മുടെ മക്കൾ കണ്ട്, മനസ്സിലാക്കി അനുവർത്തിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ഒരു പിതാവെന്ന നിലയിൽ നിങ്ങൾ സന്തോഷിക്കേണ്ടത്.
2. സ്നേഹത്തോടെ പഠിപ്പിക്കുക
കുട്ടിക്ക് എന്താണോ അറിയില്ലാത്തത്, അത് അവനെ പഠിപ്പിക്കുക. തെറ്റുകൾ തിരുത്തുക. അത് ആവർത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുക. കുട്ടിയുടെ ഹൃദയത്തെ നല്ല രീതിയിൽ നയിക്കുക. അവരെ നിരുത്സാഹപ്പെടുത്തുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. എന്നാൽ അവയിൽ നിന്നെല്ലാം മോചിതരാകുവാൻ അവരിൽ ആത്മവിശ്വാസം നിറയ്ക്കുക. അവരെ ഒരിക്കലും അപമാനിക്കുകയോ താഴ്ത്തുകയോ ചെയ്യരുത്. ഉറച്ച നിലപാടോടെ അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുക.
3. ക്ഷമയോടെ മക്കളോടൊപ്പം ആയിരിക്കുക
അപ്പന്മാർ കുടുംബത്തിൽ എപ്പോഴും ഒരു സാന്നിദ്ധ്യമായി മാറാൻ ഫ്രാൻസിസ് പാപ്പ ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിൽ പിതാവിന്റെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടായിരിക്കണം. ഭാര്യയോട് തന്റെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കണം. മക്കൾ വളർന്നുവരുന്ന ഓരോ ഘട്ടങ്ങളിലും ആവശ്യമായ പരിചരണങ്ങളും ഉപദേശങ്ങളും ഒരു പിതാവെന്ന നിലയിൽ നിങ്ങൾ നൽകിയിരിക്കണമെന്നും പാപ്പാ നിർദ്ദേശിക്കുന്നു.
4. ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കുക
പരാജയങ്ങൾ സംഭവിക്കാതിരിക്കണമെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കേണ്ടതുണ്ട്. നമുക്കെല്ലാവർക്കും സ്വർഗ്ഗത്തിലെ പിതാവിന്റെ പക്കലേക്കാണ് പോകേണ്ടത്. അതിനാൽ ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കുക. അവിടുന്ന് നൽകുന്ന ബലത്തിൽ നല്ല മാതൃക കാണിക്കുക.
5. വി. യൗസേപ്പിതാവിനെ പിന്തുടരുക
ഒരു നല്ല പിതാവിന്റെ സാന്നിദ്ധ്യം എല്ലാ കുടുംബത്തിലും ആവശ്യമാണ്. വി. യൗസേപ്പിതാവിനെപ്പോലെ നന്മയുടെയും നീതിയുടെയും ദൈവികസംരക്ഷണത്തിന്റെയും വക്താക്കളാകുക. അതിനായി വിശുദ്ധനോട് പ്രത്യേകം പ്രാർത്ഥിക്കുക.