🔹 *മാർത്തോമ്മാ നസ്രാണികളുടെ നോമ്പുകൾ* 🔹
🔸25 നോമ്പ്
🔸3 നോമ്പ്
🔸50 നോമ്പ്
🔸8 നോമ്പ്
🔸15 നോമ്പ്
🔸ബുധൻ വെള്ളി നോമ്പ്
🔸ഏലിയ ശ്ലീഹാ നോമ്പ്
🔸കന്യകകളുടെ നോമ്പ്
🔸മറുരൂപപ്പെടൽ നോമ്പ്
🔸തലേന്നാളത്തെ ജാഗരണ നോമ്പ് - യൽദാ, പന്തക്കുസ്താ,സൂലാക്ക,ശൂനായ,മാർ ഹോർമീസ്
🔸ഇടവക മധ്യസ്ഥന്റെ തിരുനാളിന്റെ തലേന്നാൾ
🔸മാർ കേപ്പാ മാർ പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിന്റെ തലേനാൾ
🔸യൽദാ മുതൽ 12 വെള്ളിയാഴ്ച
🔸മർത്ത് മറിയത്തിന്റെ ജനനത്തിന്റെ തലേന്നാൾ
🔸ശ്ലീഹ നോമ്പ്( പന്തക്കുസ്താ മുതൽ ഏഴാഴ്ച)
ഏതാണ്ട് 290 ദിവസം മാർത്തോമ്മ നസ്രാണികൾക്ക് നോമ്പാണ്. ഇരട്ടിപ്പുകൾ ഒഴിവാക്കുമ്പോൾ 225 ദിവസം നോമ്പ് ദിനങ്ങളാണ് ഒരുവർഷത്തിൽ. വർഷത്തിൽ ഇത്രയും ദിവസം നോമ്പ് അനുഷ്ഠിക്കുന്ന മറ്റൊരു സമൂഹവും ലോകത്ത് തന്നെ കാണില്ല. ഒരുപക്ഷേ പൗരസ്ത്യ സുറിയാനി സന്യാസം പാരമ്പര്യവും യഹൂദ നസ്രായ വ്രത പാരമ്പര്യവും ഇതിനു പിന്നിൽ കണ്ടേക്കാം. അൽമായരും , അൽമായ പട്ടക്കാരും, സന്യാസികളും എന്ന വ്യത്യാസം കൂടാതെ മാർത്തോമാ നസ്രാണികൾ കുറെയധികം താപസ ആഭിമുഖ്യം പുലർത്തിയിരുന്നു എന്ന് വ്യക്തം. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ പരസ്പര ധാരണയിൽ ലൈംഗിക ബന്ധങ്ങളിൽ നിന്നു പോലും നോമ്പ് കാലത്ത് അകന്നു നിൽക്കുമായിരുന്നു. നിയമം നിർബന്ധിച്ചതുകൊണ്ട് അല്ല അത്. മറിച്ച് കൂടുതൽ പ്രാർത്ഥനയിൽ വ്യാപരിക്കുവാനും മാനസിക ശാരീരിക അച്ചടക്കത്തിനുമായി സ്വയം പ്രേരിതമായ ധീരമായ തികച്ചും വ്യക്തിപരമായ തീരുമാനങ്ങളാണ് ആണ് അത്തരമൊരു ജീവിത പാത പിന്തുടരാൻ അവർക്ക് പ്രേരകമായത്.
നോമ്പിന്റെ സ്നേഹിതർ എന്നാണ് മാർത്തോമാ നസ്രാണികൾ അറിയപ്പെട്ടിരുന്നത് തന്നെ. മാർത്തോമ്മാ നസ്രാണികളെ സംബന്ധിച്ച് നോമ്പ് വെറും ഇറച്ചിയുടെയും മീനിന്റെയും ഉപേക്ഷിക്കൽ മാത്രമായിരുന്നില്ല മറിച്ച് പൂർണ്ണ ഉപവാസം ആയിരുന്നു. പൊതുവെ നസ്രാണികൾ സസ്യാഹാരികൾ ആയിരുന്നുവല്ലോ. വൈകുന്നേരത്തെ റംശ നമസ്കാരത്തിനുശേഷം ഉള്ള ഒരുനേരത്തെ ഭക്ഷണം മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ. അതും വളരെ കുറച്ച് അളവിൽ മാത്രമേ ആഹാരം അവർ കഴിച്ചിരുന്നുള്ളൂ. പൂർണ്ണമായും പ്രാർത്ഥനയുടെ നാളുകൾ ആയിരുന്ന നോമ്പ് കാല ഘട്ടങ്ങളിൽ കുട്ടികളെ പോലും നിശബ്ദത പാലിക്കാൻ പരിശീലിപ്പിച്ചിരുന്നു. പള്ളിയുടെ അടുത്ത വീട് ഉള്ളവർ യാമ ശ്രുശൂഷകളും മറ്റുമായി പള്ളിയിൽ ദീർഘനേരം ധ്യാനത്തിലും പ്രാർത്ഥനയിലും കഴിഞ്ഞിരുന്നു.