"മറിയം സഭയുടെ മാതാവ്" -തിരുനാൾ
പന്തക്കുസ്താതിരുനാൾ യഹൂദർക്ക് വിളവെടുപ്പുതിരുനാളും ക്രൈസ്തവർക്ക് സഭയുടെ സ്ഥാപനത്തിരുനാളുമാണ്. അന്നാണ് തീനാവുകളുടെ അഥവാ തീനാളങ്ങളുടെ രൂപത്തിൽ പരിശുദ്ധ മാറിയത്തിന്റെയും ക്രിസ്തുശിഷ്യരുടേയുംമേൽ അരൂപി ആവസിച്ചതും ക്രിസ്തുശിഷ്യർ ക്രിസ്തുവിന്റെ സന്ദേശം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ക്രിസ്തുവിന്റെ പ്രവൃത്തികൾ ചെയ്യാനും ധൈര്യം കൈവരിച്ചതും.
2018 ഫെബ്രുവരി പതിനൊന്നാം തിയതി ഫ്രാൻസിസ് മാർപ്പാപ്പ "മറിയം സഭയുടെ അമ്മ" എന്നൊരു തിരുനാൾ പ്രഖ്യാപിക്കുകയും പന്തക്കുസ്ത കഴിഞ്ഞുള്ള തിങ്കളാഴ്ച ഈ തിരുനാൾ ഘോഷിക്കാൻ നിർദേശിക്കുകയും ചെയ്തു. സഭയുടെ ഉൽഘാടനദിനമായ പന്തക്കുസ്താദിവസം ശിഷ്യരോടൊത്തു പരിശുദ്ധ മറിയവും ഉണ്ടായിരുന്നതുകൊണ്ടും തീനാവുകളുടെ രൂപത്തിൽ പരിശുദ്ധ മറിയവും അരൂപിയെ സ്വീകരിച്ചു സഭയുടെ തുടക്കത്തിൽ സന്നിഹിതയും പങ്കാളിയും ആയിരുന്നതുകൊണ്ടും "മറിയം സഭയുടെ മാതാവ്" എന്ന തിരുനാൾ ഈ ദിവസം ഘോഷിക്കുന്നതു ഏറ്റവും അനുയോജ്യമാണ്. 2018 ഫെബ്രുവരി 11 -നു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അന്നായിരുന്നു ലൂർദിൽ വിശുദ്ധ ബർണദീത്തക്കു പരിശുദ്ധ മറിയം ആദ്യമായി പ്രയത്യക്ഷപ്പെട്ടതിന്റെ 160 -മത്തെ വാർഷികദിനം.
സഭ ഔദ്യാഗികമായി "മറിയം സഭയുടെ മാതാവ്" എന്നൊരു തിരുനാൾ ആഘോഷിച്ചിരുന്നില്ലെങ്കിലും "മറിയം സഭയുടെ മാതാവ്" എന്ന പാരമ്പര്യം സഭയിൽ നിലനിന്നിരുന്നു. 1964 നവംബർ 21 -നു രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മൂന്നാമത്തെ സമ്മേളനത്തിന്റെ സമാപനദിവസം കുര്ബാനയോടനുബന്ധിച്ചുള്ള പ്രസംഗവേളയിൽ പോൾ ആറാമൻ മാർപ്പാപ്പ പരിശുദ്ധ മറിയത്തെ സഭയുടെ മാതാവായും എല്ലാ ജനതകളുടെയും അമ്മയായും വിശേഷിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു.
2018 - ൽ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞത് നമ്മൾ അനാഥരല്ലെന്നും നമുക്കൊരു മാതാവുണ്ടെന്നും ഈ 'അമ്മ' എല്ലാ സ്വാർത്ഥചേതനകളിൽനിന്നും നമ്മെ മോചിപ്പിക്കുമെന്നുമാണ്. ലോകമെമ്പാടുമുള്ള നിരവധി മരിയൻ തീർത്ഥടനകേന്ദ്രങ്ങളിൽ നിരവധിപേർ പരിശുദ്ധ മറിയത്തെ അദൃശ്യയായ അമ്മയായി വണങ്ങുകയും മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ആന്തരികവും ശാരീരികവുമായ സൗഖ്യം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. തീർത്ഥാടകന്റെ വ്യക്തിപരമായ വിശ്വാസവും നിശ്ചയദാർഢ്യവും സൗഖ്യത്തിന്റെ പ്രധാന കാരണമാണെന്നും വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ ഓർമിക്കണം. പ്രാർത്ഥനയും തീർത്ഥാടനവും വഴിയുള്ള നേട്ടങ്ങൾ മാജിക്കും മന്ത്രവും അല്ല. ആന്തരികമായ ഒരുക്കവും നിലപാടും പ്രവൃത്തിയും അതിനനുവാര്യമാണ്.
പന്തക്കുസ്താതിരുനാളിനോടനുബന്ധിച്ചു "മറിയം സഭയുടെ അമ്മ" എന്ന തിരുനാൾ ഘോഷിക്കുമ്പോൾ മറിയം രണ്ടുപ്രാവശ്യം പരിശുദ്ധാൽമാവിനെ സ്വീകരിച്ച വ്യക്തിയാണെന്ന കാര്യം സ്മരിക്കുന്നു. ഒന്നാമത്തേത് മംഗളവാർത്തയുടെ നേരത്തായിരുന്നു. പരിശുദ്ധാൽമാവ് നിന്റെ മേൽ വരും; നീ ഒരു പുത്രനെ പ്രസവിക്കും, എന്നായിരുന്നു മംഗളവാർത്ത. ക്രൈസ്തവ വിശ്വാസപ്രകാരം അത് തികച്ചും വ്യക്തിപരവും തനിമയാർന്നതും ഒരിക്കൽ മാത്രം സംഭവിച്ചതും മറ്റാർക്കും സാധ്യമല്ലാത്തതുമായ മറിയത്തിന്റെ മേലുള്ള പരിശുദ്ധാൽമാവിന്റെ ആവാസമായിരുന്നു. ക്രൈസ്തവ വിശ്വാസപ്രകാരം പരിശുദ്ധാൽമാവിനെ സ്വീകരിച്ചു മറിയം ക്രിസ്തുവിനു ജീവൻ നൽകി; അതുകൊണ്ടാണ് 431 -ൽ എഫേസൂസ് സൂനഹദോസിലും 451 -ൽ കാൽസിഡോൺ സൂനഹദോസിലും "ദൈവത്തെ പ്രസവിച്ചവൾ" (theotokos ) എന്ന വിശേഷണം മറിയത്തിനു നൽകപ്പെട്ടത്.
അനുദിനജീവിതത്തിന്റെ പാഠങ്ങൾ മറിയം ക്രിസ്തുവിനെ പഠിപ്പിച്ചു, മരണം വരെ ക്രിസ്തുവിനെ അനുഗമിച്ചു, മരണനേരം തന്റെ മകനായ ക്രിസ്തുവിന്റെ വാക്കുകളാൽ ജോഹന്നാനെയും ക്രൈസ്തവരെ മാത്രമല്ല മനുഷ്യരെ മുഴുവനും മക്കളായി സ്വീകരിച്ചു. അങ്ങനെയാണ് കത്തോലിക്കർ വിശ്വസിക്കുന്നത്. ക്രൈസ്തവ പാരമ്പര്യപ്രകാരം മറിയം തുടർന്ന് ജീവിച്ചത് ക്രിസ്തു ശിഷ്യനായ ജോഹന്നാനോടുകൂടിയാണ്.
മറിയം രണ്ടാമത് പരിശുദ്ധാൽമാവിനെ സ്വീകരിക്കുന്നത് പന്തക്കുസ്താദിനത്തിൽ ക്രിസ്തുവിന്റെ ശിഷ്യരോടൊത്തു തീനാവുകളുടെ രൂപത്തിലാണ്. അന്ന് മറിയവും ക്രിസ്തുവിന്റെ ശിഷ്യരും സഭക്ക് ജന്മം നൽകി; സഭയെ നയിച്ച്, അനുഗമിച്ചു. അതുകൊണ്ടു "മറിയം സഭയുടെ അമ്മ" എന്ന തിരുനാൾ ആഘോഷിക്കുമ്പോൾ "മറിയം സഭയെ പ്രസവിച്ചവൾ" എന്ന് ആലങ്കാരികമായി ആരെങ്കിലും പറഞ്ഞാൽ അതിൽ പരിതപിക്കേണ്ടതില്ല.
പരിശുദ്ധ മാറിയത്തെപ്പോലെ ഓരോ ക്രൈസ്തവനും വിശ്വാസപരമായി രണ്ടു പ്രാവശ്യം പരിശുദ്ധാൽമാവിനെ സ്വീകരിക്കുന്നു. ഒന്നാമത്തേത് സഭയിലേക്കു ജനിക്കുമ്പോൽ മാമോദീസ സ്വീകരിക്കുന്ന നേരത്താണ്. മറിയം ക്രിസ്തുവിനു ജന്മം നൽകാനായി പരിശുദ്ധാത്മാവിനെ സ്വീകരിച്ചതുപോലെ. രണ്ടാമത്തേത് സഭയിൽ എല്ലാ അവകാശങ്ങളും കടമകളും ഉൾക്കൊണ്ടു സഭയിൽ ഔദ്യോഗികമായി പ്രവർത്തിച്ചു തുടങ്ങുന്മോഴാണ്. അതായതു സ്ഥൈര്യലേപനം എന്ന കൂദാശ സ്വീകരിക്കുന്നതിലൂടെ.
ലത്തീൻ സഭയിൽ ഈ ദർശനം പൗരസ്ത്യ സഭയിൽനിന്നും കുറച്ചുകൂടി വ്യക്തവും കൃത്യവുമാണ്. പൗരസ്ത്യ സഭകളിൽ പാരമ്പര്യത്തിലും ആചാരത്തിലും ലേശം വ്യത്യാസം ഉണ്ടെങ്കിലും ആശയപരമായി എല്ലാ സഭകളിലും പരിശുദ്ധാൽമാവിനെക്കുറിച്ചുള്ള പഠനം ഒന്ന് തന്നെ. "മറിയം സഭയുടെ മാതാവ്" എന്ന ദർശനത്തിന്റെ കാര്യത്തിലും എല്ലാ കത്തോലിക്കാ സഭകളിലും ഒരേ ദർശനവും ഒരേ വണക്കവും ഒരേ പാരമ്പര്യവും ആണ്. ഏറ്റക്കുറച്ചിലുകൾ ആശയപരമല്ല.
ജോസഫ് പാണ്ടിയപ്പള്ളിൽ
Tags:
വിശുദ്ധർ