പരിശുദ്ധ കന്യകാമറിയത്തെ അനുസ്മരിച്ചു വണങ്ങുന്ന
വിവിധ തിരുനാളുകള്‍ പൗരസ്ത്യ, പാശ്ചാത്യ സഭാപാരമ്പര്യങ്ങളിലുണ്ട്.
പൗരസ്ത്യസുറിയാനി സഭയിലെ യാമപ്രാര്‍ത്ഥനകളില്‍ കൃഷിയുടെ സംരക്ഷണത്തിനായി മറിയത്തെ അനുസ്മരിക്കുന്ന ദിവസമാണ് മെയ് 15. 'വിത്തുകളുടെയും കൊയ്ത്തിന്റെയും സംരക്ഷണത്തിനാ
യി മറിയത്തിന്റെ ഓര്‍മ്മ' എന്നാണതിന്റെ പേര്. അന്ത്യോക്യന്‍ സുറിയാനി സഭാപാരമ്പര്യത്തില്‍ 'കതിരുകളെപ്രതിയുള്ള ദൈവ
മാതാവ്' എന്നാണ് അതിനു പേരു നല്‍കിയിരിക്കുന്നത്. ഏതായാലും
കൃഷിയും വിളവെടുപ്പുമായി ബന്ധപ്പെട്ട ഒരു മരിയസ്മരണയാണിത്.ദൈവം സൃഷ്ടിച്ച 'പറുദീസ' എന്ന തോട്ടത്തില്‍ ജോലിചെയ്യാനും
തോട്ടം സൂക്ഷിക്കാനുമാണല്ലോ ആദിയില്‍ ദൈവം ആദത്തെ
നിയോഗിച്ചത് (ഉല്പ. 2:15). ഈ ദൈവനിയോഗം വിശ്വസ്തതയോടെ
നിറവേറ്റുക എന്നതാണ് മനുഷ്യന്റെ പ്രാഥമികദൗത്യം. നമ്മുടെ നാട്ടില്‍ പൊതുവെ വിത്തിടുന്ന അഥവാ കൃഷിയിറക്കുന്ന സമയമാണു മെയ്
മാസം. അതോടൊപ്പം കുറച്ചൊക്കെ വിളവെടുപ്പിന്റെയും കാലമാണിത്. കൃഷിയെ സംബന്ധിച്ചിടത്തോളം വിത്തിടുന്നതും വിളവെടുക്കുന്നതും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇവ രണ്ടും ഭദ്രമാണെങ്കില്‍ കൃഷി വിജയിച്ചെന്നു പറയാം. പ്രതികൂല കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും കീടങ്ങളുടെ ആക്രമണങ്ങളും രോഗബാധയുമൊക്കെ ഈ രണ്ടു ഘട്ടങ്ങളിലും കൃഷിക്ക് നാശനഷ്ടങ്ങള്‍ വരുത്തുന്നത് അപൂര്‍വ്വമല്ലല്ലോ. മനുഷ്യന്റെ ശക്തിക്കും നിയന്ത്രണങ്ങള്‍ക്കും അതീതമായി പലപ്പോഴും കെടുതികള്‍ സംഭവിക്കാറുണ്ട്.
ഇപ്രകാരമുള്ള സാഹചര്യത്തില്‍ ദൈവനിയോഗമായി നമ്മള് ചെയ്യുന്ന കൃഷിക്കു സംരക്ഷണം ലഭിക്കാന്‍ ദൈവത്തിന്റെ കൃപയ്ക്കായി ദൈവത്തിലേക്കു തിരിയുവാനും നമ്മള് ശ്രദ്ധിക്കണം. അതു നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു തിരുനാളാചരണമാണു മെയ് 15-ലേത്. വിത്തുകളുടെയും വിളവിന്റെയും സംരക്ഷണത്തിനു പരി. മറിയത്തിന്റെ മദ്ധ്യസ്ഥത നമ്മള് തേടുകയാണ്. മനുഷ്യവര്ഗ്ഗത്തിനുവേണ്ടണ്ടി ഏറ്റവും സമൃദ്ധമായ ഫലം ഉളവാക്കിയ വൃക്ഷമാണു മറിയം. നിത്യജീവന്റെ അപ്പമായ മിശിഹായാണ് ആ ഫലം. മറിയത്തിന്റെ ഉദരത്തില്‍ നിക്ഷേപി
ക്കപ്പെട്ട ദൈവവചനമായ വിത്തിനെ സംരക്ഷിച്ച്, വളര്‍ത്തി 100 മേനി ഫലം ഉളവാക്കാന്‍ ദൈവകൃപ നിറഞ്ഞ മറിയത്തിനു സാധിച്ചു. അതിനാല്‍
നമ്മുടെ കൃഷികളെ സംരക്ഷിക്കാന്‍ മറിയത്തിന്റെ മദ്ധ്യസ്ഥത നമുക്ക് ഏറ്റവും ശക്തിയേറിയ ആയുധമായിരിക്കും.
ഭൂമിയെ ദൈവം എത്രമാത്രം സ്നേഹിച്ചു പരിപാലിക്കുന്നുവെന്നും, മനുഷ്യര്‍ക്കും സര്‍വ്വ ജീവജാലങ്ങള്‍ക്കും ജീവിക്കുന്നതിനാവശ്യമായ വിഭവങ്ങള്‍ ഉല്പാദിപ്പിക്കാന് ഭൂമിയെ ഒരുക്കുന്നുവെന്നും സങ്കീര്‍ത്തനങ്ങള്‍ പ്രഘോഷിക്കുന്നു:
മഹിയില്‍ നീ ഭൂമിയെ സ്മരിക്കുന്നു; അതിനു
പൂര്‍ണ്ണതയേകുന്നു; സുഭിക്ഷതയാല്‍ സമ്പന്നമാക്കുന്നു.
വലിയ നീര്‍ച്ചാലുകള്‍ ജലംകൊണ്ടണ്ടു നിറയ്ക്കുന്നു;
നീ ഭൂമിയെ ഒരുക്കുന്നു; മനുഷ്യര്‍ക്കു ധാന്യം നല്കുന്നു.
വിളവു വര്ദ്ധിപ്പിക്കുവാന്വേണ്ടണ്ടി നീ ഭൂമിയിലെ
ഉഴവുചാലുകള്‍ നനയ്ക്കുന്നു.
മഴ വര്‍ഷിച്ചു മുളകളെ വളര്‍ത്തുന്നു.
അവയെ പുഷ്ടിപ്പെടുത്തുന്നു.
സംവത്സരം മുഴുവനെയും നീ കൃപാപൂര്‍വ്വം അനുഗ്രഹിക്കുന്നു.
നിന്റെ കാളക്കിടാങ്ങള്‍ പച്ചപ്പുല്ലു തിന്നു തൃപ്തരാകുന്നു; വനത്തിലെ പുല്‍പ്പുറങ്ങളില്‍ യഥേഷ്ടം വിഹരിക്കുന്നു. ...
താഴ്വരകള്‍ ധാന്യത്താല്‍ പൂരിതമായിരിക്കുന്നു.
അവ ആനന്ദത്താല്‍ ആര്‍ത്തുപാടുന്നു (സങ്കീ. 65).
ദൈവത്തിന്റെ അനന്തപരിപാലനയ്ക്കു നന്ദിപറയാനും, ദൈവകല്പ്പനയ്ക്കു വിധേയപ്പെട്ടുകൊണ്ടണ്ടു സത്യസന്ധതയോടെ അദ്ധ്വാനിക്കാനും,
അതിന്റെ ഫലങ്ങള്‍ നീതിപൂര്‍വ്വം വിനിയോഗിക്കാനും നമ്മള് ശ്രദ്ധിക്കണം. അലസതയോ അവിവേകമോ അതിമോഹമോ കൃത്യവിലോപമോ
മൂലം ഭൂമിയേയും കൃഷിയെയും നമ്മള് നശിപ്പിക്കുകയോ അശുദ്ധമാക്കുകയോ ചെയ്യരുത്. സമൃദ്ധിയില്‍ ധൂര്ത്തുപുലര്ത്തുകയും പാവപ്പെട്ടവരെ
വിസ്മരിക്കുകയും ചെയ്യരുത്. നാശനഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍മാത്രം ദൈവത്തെ ആശ്രയിക്കുകയും, സാധാരണ ജീവിതത്തില്‍ ദൈവം നിരന്തരം
നല്കിക്കൊണ്ടണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ മറക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥതയ്ക്കു നമ്മള് അടിമപ്പെടരുത്. ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിന്റെ ശുശ്രൂഷയാണു നമ്മുടെ ജോലിയും അദ്ധ്വാനവും എന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും, സമ്പാദ്യങ്ങള്‍ ശരിയായി വിനയോഗിച്ചു നീതിപൂര്‍വ്വം പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ അദ്ധ്വാനം ദൈവത്തിനു പ്രീതികരമായ ഒരു ബലിയര്‍പ്പണമായിരിക്കും.
ഇപ്രകാരം നമ്മുടെ തൊഴിലിനെയും കൃഷിയിടങ്ങളെയും നമ്മുക്കു വിശുദ്ധീകരിക്കാം. സാഹോദര്യത്തിലും കൂട്ടായ്മാ മനോഭാവത്തിലും പരസ്പരം സഹകരിക്കാം. പരിശുദ്ധ അമ്മയുടെ പ്രാര്‍ത്ഥനാസഹായം തേടാം. ആത്മീയജീവന്റെ അപ്പം നല്കുന്ന ജീവന്റെ വൃക്ഷമായ മിശിഹായെ സംരക്ഷിച്ചു വളര്‍ത്തിയ മറിയം, ശാരീരികഭക്ഷണം നല്കുന്ന നമ്മുടെ കൃഷികളെ സംരക്ഷിക്കാന്‍ തുണയാകട്ടെ. ഇപ്രകാരമുള്ള ആത്മീയചൈതന്യത്തോടും ഉദ്ധ്യേശശുദ്ധിയോടുംകൂടി എല്ലാ വര്‍ഷവും മെയ് 15-നു പരിശുദ്ധ അമ്മയെ അനുസ്മരിച്ചു വണങ്ങുകയും ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യാം.
മാർ ജോസഫ് പെരുന്തോട്ട൦