വി. മത്തിയാസ് ശ്ലീഹായുടെ ഓർമ്മത്തിരുനാൾ - മെയ് 14
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്തയ്ക്കു പകരക്കാരനായി ശ്ലൈഹികസ്ഥാനം ഏറ്റെടുത്ത മത്തിയാസ് യേശുവിന്റെ കുരിശുമരണത്തിനും സ്വര്‍ഗാരോഹണത്തിനും സാക്ഷിയായിരുന്നു. മത്തിയാസ് യേശുവിന്റെ ആദ്യശിഷ്യന്മാരില് ഒരാളായിരുന്നു. യേശുവിന് 72 ശിഷ്യന്മാര് ഉണ്ടായിരുന്നു. അവരില്‍ 12 പേര്‍ക്കു മാത്രമായിരുന്നു ശ്ലൈഹിക പദവി ഉണ്ടായിരുന്നത്. ആദിമസഭയുടെ പ്രതിനിധികളായ നൂറ്റിയിരുപതോളം പേരുടെ സാന്നിധ്യത്തിലായിരുന്നു മത്തിയാസിനെ ശ്ലീഹായായി തിരഞ്ഞെടുത്തത്. പത്രോസായിരുന്നു തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്. ഈ സംഭവം ബൈബിളില്‍ നടപടി പുസ്തകത്തില്വിവരിക്കുന്നുണ്ട്.
അന്നൊരു ദിവസം, നൂറ്റിയിരുപതോളം സഹോദരര്‍ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു:
സഹോദരരേ, യേശുവിനെ പിടിക്കാന്‍ വന്നവര്‍ക്കു നേതൃത്വം നല്കിയ യൂദാസിനെക്കുറിച്ചു ദാവീദുവഴി പരിശുദ്ധാത്മാവ് അരുളിച്ചെയ്ത വചനം പൂര്‍ത്തിയാകേണ്ടിയിരുന്നു.
അവന് നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയില്‍ അവനു ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അവന് തന്റെ ദുഷ്കര്മത്തിന്റെ പ്രതിഫലംകൊണ്ട് ഒരു പറമ്പു വാങ്ങി. അവന് തലകുത്തി വീണു; ഉദരം പിളര്‍ന്ന് അവന്റെ കുടലെല്ലാം പുറത്തു ചാടി.
ജറുസലെം നിവാസികള്‍ക്കെല്ലാം ഈ വിവരം അറിയാം. ആ സ്ഥലം അവരുടെ ഭാഷയില്‍ രക്തത്തിന്റെ വയല്‍ എന്നര്‍ഥമുള്ള ഹക്കല്ദ്മാ എന്നു വിളിക്കപ്പെട്ടു.
അവന്റെ ഭവനം ശൂന്യമായിത്തീരട്ടെ. ആരും അതില്‍ വസിക്കാതിരിക്കട്ടെ എന്നും അവന്റെ ശുശ്രൂഷയുടെ സ്ഥാനം മറ്റൊരുവന് ഏറ്റെടുക്കട്ടെ എന്നും സങ്കീര്‍ത്തനപ്പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.
അതിനാല്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് ഒരാള്‍ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം.
യോഹന്നാന്റെ സ്നാനം മുതല്‍ നമ്മില്‍നിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാള്‍വരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും, നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന് .
അവര്‍ ബാര്‍സബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിര്‍ദേശിച്ചു. ജോസഫിനുയുസ്തോസ് എന്നുംപേരുണ്ടായിരുന്നു.
അവര്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ അങ്ങ് അറിയുന്നുവല്ലോ.
യൂദാസ് താന്‍ അര്‍ഹിച്ചിരുന്നിടത്തേക്കു പോകാന്‍വേണ്ടി ഉപേക്ഷി ച്ചഅപ്പസ്തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാന്‍ ഈ ഇരുവരില്‍ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണമേ.
പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പസ്തോലന്മാരോടുകൂടെ അവന് എണ്ണപ്പെടുകയും ചെയ്തു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 15-26
മത്തിയാസ് എന്ന പദത്തിന്റെ അര്‍ഥം യഹോവയുടെ ദാനം എന്നാണ്. യൂദാസിനു പകരക്കാരനായി ദൈവം സഭയ്ക്കു നല്കിയ ദാനമായിരുന്നു മത്തിയാസ്. പലസ്തീനയില്‍ വച്ചാണ് മത്തിയാസ് കൊല്ലപ്പെടുന്നത്. മോശയുടെ നിയമത്തിന്റെ ശത്രുവെന്ന് ആരോപിച്ച് യഹൂദന്മാര് അവനെ കല്ലെറിഞ്ഞു കൊന്നു.
മദ്യപാന ആസക്തിയുള്ളവര്‍, വസൂരിരോഗ ബാധിതര്‍, ശില്പികള് തുടങ്ങിയവരുടെ മധ്യസ്ഥനായാണ് മത്തിയാസ് ശ്ലീഹാ അറിയപ്പെടുന്നത്.