ഈശോയിൽ സ്നേഹം നിറഞ്ഞവരെ, ലൂക്കയുടെ സുവിശേഷം 7:36-50 ൽ വിവരിക്കുന്ന പാപിനിക് മോചനം എന്ന വചനഭാഗമാണ് നാളത്തെ വിചിന്തനത്തിനായി തിരുസ്സഭ നമുക്ക് നൽകിയിരിക്കുന്നത്. ലൂക്ക സുവിശേഷകൻ മാത്രം അവതരിപ്പിക്കുന്ന കഥയാണിത്. പാപികളോടുള്ള ഈശോയുടെ അളവറ്റ സ്നേഹവും കരുണയും കരകവിഞ്ഞൊഴുകുന്നത് ഈ വചനഭാഗത്തു നമുക്ക് കാണാൻ സാധിക്കും. പാപിനിയായ സ്ത്രീ ഈശോയുടെ പാദത്തിനു പിന്നിൽ കരഞ്ഞു കൊണ്ട് നിന്നു എന്നാണ് സുവിശേഷകൻ പറഞ്ഞുവയ്ക്കുക. ഇത് അനുതാപത്തിന്റെയും നന്ദിയുടെയും സ്നേഹത്തിന്റെയും അടയാളമായിരുന്നു. ഈശോയുടെ പാദങ്ങൾ ചുംബിച്ചു, അവനെ നാഥനും രക്ഷകനുമായി അവൾ സ്വീകരിച്ചു. യഥാർത്ഥ പാപബോധവും അനുതാപവും ഉള്ള ഒരു വ്യക്തിയുടെ സവിശേഷതകളാണ് ഇവ. പാപബോധവും യഥാർത്ഥ അനുതാപവും നമുക്കുണ്ടോ? പാപങ്ങൾ ഏറ്റുപറഞ്ഞു വിശുദ്ധിയിലേക്കു തിരിച്ചു വരാൻ നമുക്ക് സാധിക്കാറുണ്ടോ? പാപിനിയുടെ ശുശ്രുഷ സന്തോഷത്തോടെ ആസ്വദിക്കുകയാണ് ഈശോ. നാം ചെയ്യുന്ന വിവിധ തലത്തിലുള്ള ശുശ്രുഷകളിൽ നമ്മുടെ ഈശോ സംപ്രീതനാണോ? അവിടത്തെ ഇഷ്ടം മാത്രം നിറവേറ്റുക എന്ന ലക്ഷ്യത്തിലാണോ നാം ശുശ്രുഷകൾ ചെയ്യുന്നത്? വിചിന്തനം ചെയ്യാം. ആതിഥേയനായ ശിമയോൻ ചെയ്യേണ്ട ശുശ്രുഷയാണ് പാപിനി നിർവഹിക്കുന്നത്. ഈശോ ഒരു പ്രവാചകനല്ല എന്നു പോലും തെറ്റിദ്ധരിക്കുകയാണ് ശിമയോൻ ഒരു ഘട്ടത്തിൽ. ശെമയോന്റെ ജീവിതത്തിലൂടെ പ്രവർത്തികമാകേണ്ട ദൈവിക പദ്ധതി മനസ്സിലാക്കൻ ശെമയോന് സാധിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രീതികൂല സാഹചര്യങ്ങളിൽ ദൈവിക പദ്ധതി മനസ്സിലാക്കി പ്രാർത്ഥിക്കുവാനും സ്നേഹിക്കുവാനും ശുശ്രുഷിക്കുവാനും സാന്ത്വനം ആകുവാനും നമുക്ക് സാധിക്കാറുണ്ടോ?
ഈശോ പാപിനിക് മോചനം നല്കുകയാണിവിടെ. അവളുടെ പാപത്തിന്റെ കണക്കെടുക്കാതെ, വലിപ്പച്ചെറുപ്പം നോക്കാതെ അവളുടെ പാപങ്ങളെല്ലാം പൊറുക്കുന്നു. വൈദികന്റെ ദൈവികമായ ശക്തിയാണ് പാപം മോചിക്കുക എന്നത്. നാളെ വൈദികരായി തീരേണ്ട നാം കുമ്പസാരമെന്ന കുദാശ എത്രത്തോളം വിലപ്പെട്ടതായി, പ്രധാനപ്പെട്ടതായി കാണുന്നവരാണ്? നമുക്ക് ചിന്തിച്ചു നോക്കാം. ഈശോയെ പോലെ അളവറ്റ സ്നേഹത്തിന്റെയും കരുണയുടെയും മനുഷ്യനാകാൻ നമുക്കും പരിശ്രെമിക്കാം. പാപങ്ങളിൽ നിന്നും അകന്നു നിൽക്കുവാനും ഈശോയുടെ ഹൃദയത്തിനൊത്ത ഹൃദയം രൂപപ്പെടുത്തുവാനും നമുക്ക് ആത്മാർഥമായി ആഗ്രഹിക്കാം. നല്ലൊരു ധ്യാനം ആശംസിക്കുന്നു. ശുഭരാത്രി. 🙏🏻
Bro. kodiyan antony (abin)
Good Shepherd Major Seminary
Kunnoth
Tags:
വചന വിചിന്തനം